| Sunday, 12th May 2024, 8:16 pm

ഭരണമാറ്റം ഉറപ്പ്; ബി.ജെ.പിയിലെ പ്രായപരിധിയെ കുറിച്ച് അമിത് ഷായാണ് ആദ്യം പറഞ്ഞത്, പ്രതിപക്ഷമല്ല: ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് തിരുവനന്തപുരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ഇന്ത്യയില്‍ ഭരണമാറ്റം ഉറപ്പാണെന്നും ജനങ്ങള്‍ ഒരു മാറ്റത്തിന് ആഗ്രഹിക്കുന്നുണ്ടെന്നും ശശി തരൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ രാജ്യത്ത് ഭരണമാറ്റം വരുമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. വോട്ടെടുപ്പ് മൂന്ന് ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ ബി.ജെ.പിയുടെ കഥ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഴുപത്തിയഞ്ച് വയസ് തികയും മുമ്പ് നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങുമെന്നും ബി.ജെ.പിയിലെ പ്രായപരിധിയെ കുറിച്ച് പ്രതിപക്ഷമല്ല, കേന്ദ്ര മന്ത്രി അമിത് ഷായാണ് ആദ്യം പറഞ്ഞതെന്നും ഷഷ്ജി തരൂര്‍ പറഞ്ഞു. അമിത് ഷാ നരേന്ദ്ര മോദിക്ക് വേണ്ടി നിലപാട് മാറ്റുകയാണെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ഇന്ത്യാ മുന്നണിക്ക് ഗുണപരമായി വന്നുവെന്നും ശശി തരൂര്‍ പ്രതികരിക്കുകയുണ്ടായി. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് തെറ്റാണ്. കെജ്‌രിവാളിന്റെ തിരിച്ചുവരവ് ഇന്ത്യാ സഖ്യത്തിന് ഊര്‍ജ്ജമാകും. ദല്‍ഹിയിലുടനീളം കെജ്രിവാള്‍ ഒരു തരംഗമുണ്ടാക്കുമെന്നും തരൂര്‍ പറഞ്ഞു.

അതേസമയം ബി.ജെ.പിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രായത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ല എന്ന് തരൂര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അമിത് ഷായ്ക്ക് വിശദീകരിക്കാന്‍ കഴിഞ്ഞതില്‍ വെച്ച് ഏറ്റവും രസകരമായ വിഷയമാണ് മോദിയുടെ പ്രായമെന്നും ശശി തരൂര്‍ പ്രതികരിക്കുകയുണ്ടായി.

Content Highlight: Thiruvananthapuram Congress candidate Shashi Tharoor says Congress will return to Maharashtra

We use cookies to give you the best possible experience. Learn more