| Wednesday, 24th June 2020, 5:38 pm

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച രമേശനെ ചികിത്സിച്ചതില്‍ ആശുപത്രികള്‍ക്ക് വീഴ്ച; ജില്ലയില്‍ പരിശോധന ശക്തമാക്കുമെന്നും കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ച വഞ്ചിയൂര്‍ സ്വദേശി രമേശിന്റെ പരിശോധനയില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ. മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ പരിശോധന ശക്തമാക്കിയെന്നും കളക്ടര്‍ അറിയിച്ചു.

ശ്വാസകോശ രോഗം ബാധിച്ച് മെയ് 23 മുതല്‍ 28 വരെ രമേശന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. പിന്നീട് വീട്ടിലേക്ക് കൊണ്ടു പോയി. എന്നാല്‍ അവിടെ വെച്ച് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 10ന് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂണ്‍ 12നാണ് രമേശന്‍ മരിക്കുന്നത്.

കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ശ്വാസകോശ സംബന്ധമായി ഏതുരോഗി വന്നാലും കൊവിഡ് പരിശോധന നടത്തേണ്ടതാണെന്നും കളക്ടര്‍ പറഞ്ഞു.

രമേശന് കൊവിഡ് ബാധിച്ചതെവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തിന്റെ മരണശേഷമാണ് കൊവിഡ് പരിശോധന നടത്തിയത്.

അതേസമയം രമേശന്റെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രികളോട് വിശദീകരണം ചോദിച്ചിരുന്നെന്നും ലഭിച്ച വിശദീകരണം തൃപ്തികരമല്ലെന്നും കളക്ടര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രിന്‍സിപല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ആശങ്കാജനകമാണെന്നും എന്നാല്‍ സമൂഹ വ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ പരിശോധന ശക്തമാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. നഗരസഭാ പരിധിയില്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പരിശോധന നടത്തുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. നിലവില്‍ ജില്ലയില്‍ 70 രോഗികള്‍ ചികിത്സയിലുണ്ട്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നും കളക്ടര്‍ അറിയിച്ചു.

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ 92 പേരുമായി സമ്പര്‍ക്കം പുലര്‍ത്തി. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ജില്ലാ കളക്ടറേറ്റില്‍ വാര്‍ റൂം പ്രവര്‍ത്തന സജ്ജമായെന്ന് കളക്ടര്‍ അറിയിച്ചു. നഗരപരിധിയില്‍ ആളുകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ മൊബെല്‍ യൂണിറ്റുകളെ തയ്യാറാക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more