വിമാനത്താവളം വഴി കള്ളക്കടത്ത് നടത്തിയ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; പിടിയിലായവരില്‍ നാലുപേര്‍ വിമാനത്താവള ജീവനക്കാര്‍
Kerala News
വിമാനത്താവളം വഴി കള്ളക്കടത്ത് നടത്തിയ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍; പിടിയിലായവരില്‍ നാലുപേര്‍ വിമാനത്താവള ജീവനക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th April 2019, 8:51 pm

തിരുവനന്തപുരം: വിമാനത്താവളം വഴി കള്ളക്കടത്ത് നടത്തിയ അഞ്ചുപേരെക്കൂടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) പിടികൂടി. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരായ റോണി, ഫൈസല്‍, നബീല്‍ നാസര്‍, മെബിന്‍ ജോസഫ്, ഇടനിലക്കാരനായ ഉബൈസ് എന്നിവരാണു പിടിയിലായത്.

കഴിഞ്ഞദിവസം അഞ്ചരക്കിലോ സ്വര്‍ണം കടത്തിയതിന് രണ്ടു യാത്രക്കാരെയും ഒരു എയര്‍ ഇന്ത്യാ ജീവനക്കാരനെയും അറസ്റ്റ് ചെയ്തിരുന്നു.

ഇന്ന് അറസ്റ്റിലായ നാലുപേരില്‍ ഫൈസലും റോണിയും ഏജന്‍സിയായ സാറ്റ്‌സിന്റെ ജീവനക്കാരും നബീലും മെബിനും ഭദ്രാ ഏജന്‍സിയുടെ ജീവനക്കാരുമാണ്. ഉബൈസ് കള്ളക്കടത്തുകാരെയും വിമാനത്താവള ജീവനക്കാരെയും ബന്ധിപ്പിക്കുന്ന കണ്ണിയാണെന്നാണ് റിപ്പോര്‍ട്ട്.

അഞ്ചരക്കിലോ സ്വര്‍ണം കടത്തിയ കേസില്‍ കൂടുതല്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഡി.ആര്‍.ഐയുടെ നിഗമനം. സ്വര്‍ണത്തിനു പുറമേ ലഹരിവസ്തുക്കള്‍ കടത്തിയെന്നും ഡി.ആര്‍.ഐ സംശയിക്കുന്നു. നെടുമ്പാശ്ശേരി കള്ളക്കടത്തുകാരുമായി പിടിയിലായവര്‍ക്കു ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.