| Wednesday, 19th August 2020, 6:50 pm

'ചരിത്രത്തില്‍ അടയാളപ്പെടുത്തിയ വിമാനത്താവളത്തെയാണ് മനസാക്ഷിക്കുത്തില്ലാതെ വിറ്റത്': കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കം കൊവിഡിന്റെ മറവില്‍ നടക്കുന്ന പകല്‍ കൊള്ളയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഒരു വിമാനത്താവളത്തെയാണ് സ്വകാര്യ വ്യക്തികള്‍ക്ക് ഒരു മനസാക്ഷിക്കുത്തും ഇല്ലാതെ വിറ്റഴിച്ചിരിക്കുന്നത്. ഏകേദശം 170 കോടി രൂപയാണ് ഈ വിമാനത്താവളത്തില്‍ നിന്നുള്ള ഒരു വര്‍ഷത്തെ ലാഭം.

വിമാനത്താവളത്തിന് ആവശ്യമായ ഭൂമി അഞ്ച് ഘട്ടങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറിയതാണ്. നിലവില്‍ 635 ഏക്കര്‍ സ്ഥലത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇതിനു പുറമേ റണ്‍വേ വിപുലീകരിക്കുന്നതിന് 18 ഏക്കര്‍ സ്ഥലം വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുകയാണ്. ഈ സ്ഥലമടക്കം ഒരു സ്വകാര്യ വ്യക്തിയ്ക്ക് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ഉയരണം.

ആയിരക്കണക്കിന് ജീവനക്കാരുടെ തൊഴില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിന് ചരിത്രപരമായ സവിശേഷതകളുമുണ്ട്. അതൊന്നും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. കനത്ത അഴിമതിയാണ് നടക്കുന്നത്.

കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതൃത്വവും എന്തു തീരുമാനമാണ് എടുക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. സംസ്ഥാന സര്‍ക്കാരിന് വിമാനത്താവളങ്ങള്‍ നടത്തി പരിചയമുണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നതായും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം,നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും.

ജയ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് സ്വകാര്യകമ്പനികള്‍ക്ക് നടത്തിപ്പിന് നല്‍കും. ടെന്‍ഡര്‍ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കണ്ടെത്തിയതെന്നും ടെന്‍ഡറില്‍ കൂടുതല്‍ തുക നിര്‍ദ്ദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏല്‍പിക്കുന്നതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങള്‍ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: thiruvananthapuram-airport-minister-kadakampally-surendran

We use cookies to give you the best possible experience. Learn more