|

സാമ്പത്തിക പ്രതിസന്ധിയും ലോണുകളും; ബാധ്യത തീര്‍ക്കാന്‍ വസ്തു വില്‍ക്കാനൊരുങ്ങി തിരുവമ്പാടി ദേവസ്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ബാങ്ക് വായ്പ ഉള്‍പ്പടെയുള്ള ബാധ്യതകള്‍ തീര്‍ക്കാന്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ വില്‍ക്കാനൊരുങ്ങി തിരുവമ്പാടി ദേവസ്വം. ക്ഷേത്രത്തിന്റെ വൈകാരികമല്ലാത്ത വസ്തുവകകള്‍ വില്‍ക്കാന്‍ പൊതുയോഗമെടുത്ത തീരുമാനത്തിന്റെ അന്തിമ അംഗീകാരത്തിനായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ സമീപിച്ചിരിക്കുകയാണ് തിരുവമ്പാടി ദേവസ്വം.

നേരത്തെ തൃശൂര്‍ മാരാര്‍ റോഡിലെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തിനായി ബാങ്കില്‍ നിന്നും വിവിധ വ്യക്തികളില്‍ നിന്നും തിരുവമ്പാടി ദേവസ്വം കടമെടുത്തിരുന്നു. ഈ കടങ്ങള്‍ തിരിച്ചടക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് തിരുമ്പാടി ദേവസ്വം. മൊത്തം 78 കോടി രൂപയാണ് ബാങ്കില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി വായ്പയെടുത്തത്. ഇതിലേക്ക് പ്രതിവര്‍ഷം 10 കോടി രൂപയോളം പലിശ മാത്രം ആവശ്യമായി വരുന്നുണ്ട്. കൊവിഡ് കാരണം മൂന്ന് വര്‍ഷത്തോളം കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് വരുമാനമൊന്നും ലഭിക്കാതിരുന്നതും പ്രതിസന്ധി രൂക്ഷമാക്കി.

പ്രതിസന്ധി പരിഹരിക്കുന്നതിനായി തിരുവമ്പാടി ദേവസ്വം പൊതുയോഗം വിളിച്ചു ചേര്‍ക്കുകയും സാമ്പത്തിക വിദഗ്ദ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ സമിതിയുടെ കണ്ടെത്തല്‍ പ്രകാരമാണ് ക്ഷേത്രത്തിന്റെ വൈകാരികമല്ലാത്ത വസ്തുവകകള്‍ വില്‍ക്കാമെന്ന തീരുമാനത്തിലേക്കെത്തിയത്.

ബാധ്യത വരുത്തി വെച്ച മാരാര്‍ റോഡിലെ കണ്‍വെന്‍ഷന്‍, ഷൊര്‍ണൂര്‍ റോഡിലെ 31 സെന്റ് സ്ഥലം, കുറുമാലി റോഡിലെ സന്ദീപന സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന 16 ഏക്കര്‍ സ്ഥലം എന്നിവയാണ് വില്‍ക്കാന്‍ തിരുമാനിച്ചിരിക്കുന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് അന്തിമ അനുമതി ലഭിച്ചാലായിരിക്കും വില്‍പന നടപടികളിലേക്ക് തിരുവമ്പാടി ദേവസ്വം പ്രവേശിക്കുക. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അക്കൗണ്ട് ജനറലിന്റെ ഉപദേശം തേടിയിട്ടുണ്ടെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കുന്നു.

content highlights; Thiruvambadi Devaswom is ready to sell the property to settle the liability

Latest Stories