തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചുപൂട്ടിയിട്ട് മൂന്ന് മാസം; സ്വകാര്യ ആശുപത്രിയെ പ്രോത്സാഹിപ്പാനുള്ള നീക്കമെന്ന് ആരോപണം
details
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചുപൂട്ടിയിട്ട് മൂന്ന് മാസം; സ്വകാര്യ ആശുപത്രിയെ പ്രോത്സാഹിപ്പാനുള്ള നീക്കമെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2019, 2:45 pm

 

തിരുവല്ല: നഗരസഭയുടെ കീഴിലുള്ള തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ വൈദ്യുതി തകരാര്‍ മൂലം അടച്ചുപൂട്ടിയിട്ട് മൂന്ന് മാസത്തിലേറെയായി. ദിനംപ്രതി നൂറ് കണക്കിന് രോഗികള്‍ എത്തുന്ന താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ഓപ്പറേഷന്‍ തിയേറ്റര്‍ സൗകര്യം ഒരുക്കിയെങ്കിലും സ്ഥിരമായി ഒരു സൗകര്യം ഇല്ലാത്തത് രോഗികളെ വലക്കുകയാണ്.

വൈദ്യൂതി തകരാര്‍ മൂലമാണ് ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചുപൂട്ടേണ്ടി വന്നത്. നിലവാരം കുറഞ്ഞുള്ള സാധനങ്ങള്‍ ഉപയോഗിച്ചുള്ള വയറിംഗ് സംവിധാനത്തിലെ പിഴവാണ് വൈദ്യുതി മുടക്കത്തിന് ഇടയാക്കുന്നതെന്നും ഓപ്പറേഷന്‍ തിയേറ്ററിലെ ലൈനില്‍ തീപിടുത്തം ഉണ്ടാവുന്നത് നിത്യസംഭവമാണെന്നും പരാതി ഉയരുന്നുണ്ട്. ഇതോടൊപ്പം വര്‍ഷങ്ങളായി തിയേറ്ററിന്റെ മെയിന്റനന്‍സ് വര്‍ക്കുകള്‍ നടക്കാത്തതും തിയേറ്റര്‍ അടച്ചുപൂട്ടാനുള്ള പ്രധാന കാരണമാണ്.

ഓപ്പറേഷന്‍ തിയേറ്റര്‍ സൗകര്യം പൂര്‍ണ്ണമായി നിലച്ച അവസ്ഥയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.താല്‍ക്കാലിക ഓപ്പറേഷന്‍ തിയേറ്റര്‍ പോലും ഇല്ലാത്തപ്പോഴായിരുന്നു പ്രതിഷേധം ഉയര്‍ന്നത്. ഓപ്പറേഷന്‍ തിയേറ്റര്‍ പുതുക്കി പണിയാതെ സ്വകാര്യ ആശുപത്രികളെ പ്രോത്സാഹിക്കുകയാണ് ചെയ്യുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

‘പൊട്ടിപൊളിഞ്ഞ് കിടന്നിരുന്ന മൂന്നോ നാലോ കെട്ടിടം മാത്രം ഉള്ള ആശുപത്രിയായിരുന്നു അത്. അവിടെയാണ് പുതുതായി നാല് നില കൂടി പണിതത്. വലിയ പണമാണ് സര്‍ക്കാര്‍ അതിന് വേണ്ടി ചെലവഴിച്ചിരിക്കുന്നത്. ഒരു മാസം 250 ഓളം ഓപ്പറേഷന്‍ കേസുകള്‍ വരുന്നൊരു ആശുപത്രിയാണിത്. എന്നാല്‍ ഇവിടെ ഓപ്പറേഷന്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് കാണിച്ച് രോഗികളെ സ്വകാര്യ ആശുപത്രികളായ പുഷ്പഗിരിയിലേക്കും മെഡിക്കല്‍ മിഷനിലേക്കും പറഞ്ഞുവിടുകയാണ്. അങ്ങനെ കൊടുത്തുവിടുന്ന സാഹചര്യത്തില്‍ ആശുപത്രി സൂപ്രണ്ടിനും ഡോക്ടര്‍മാര്‍ക്കും ഒരു ഓപ്പറേഷന് ഇത്ര ശതമാനം എന്ന തോതില്‍ പണം ലഭിക്കുന്നുണ്ട്. ഒരു എം.ആര്‍.ഐ സ്‌കാനിങിന് പോലും ഇവര്‍ക്ക് ലഭിക്കുന്ന തുക ചെറുതല്ല. നിലവിലുള്ള അവസ്ഥയില്‍ ഇത് മറ്റൊരു ആശുപത്രിയിലേക്ക് കൊടുക്കേണ്ട ഒരു സാഹചര്യവുമില്ല. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.മനു ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ താല്‍ക്കാലികമായി ഓപ്പറേഷന്‍ തിയേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്നും ജനറേറ്റര്‍ ബാക്ക് അപ്പ് ഇല്ല എന്നതാണ് ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചുപൂട്ടാനുള്ള കാരണമെന്നും ആശുപത്രി സുപ്രണ്ട് ഡൂള്‍ന്യൂസിനോട് പറഞ്ഞു.ഓരോ വര്‍ഷവും നടത്തേണ്ട ഓപ്പറേഷന്‍ തിയേറ്ററിന്റെ മെയ്ന്റനന്‍സ് വര്‍ക്കുകള്‍ നടത്തിയിട്ട് ആറ് വര്‍ഷത്തിലേറെയായെന്നും മുനിസിപ്പാലിറ്റി മുന്‍കൈ എടുത്താണ് ഇത് നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

‘സ്ഥിരമായിട്ടുള്ള ഓപ്പറേഷന്‍ തിയേറ്റര്‍ എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. അതിന് കൂടുതല്‍ പണം ആവശ്യം വന്നതിനാല്‍ അത് മുനിസിപ്പാലിറ്റിയുടെ തനത് ഫണ്ടില്‍ നിന്നും ഉപയോഗിക്കാന്‍ വേണ്ടി തീരുമാനം എടുത്തു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രോട്ടോക്കോള്‍ കൊണ്ടാണ് അത് താമസിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ടെന്റര്‍ ചെയ്ത് പണി തുടങ്ങുമെന്നാണ് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുള്ളത്.’ സുപ്രണ്ട് പറഞ്ഞു.

എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും സ്റ്റാഫുകളും ഇല്ലെന്നും ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതാണെന്നും സുപ്രണ്ട് പറഞ്ഞു.

‘ഇവിടെ സ്റ്റാഫിന്റെയും ഡോക്ടര്‍മാരുടെയും എണ്ണം കുറവാണ്. ഉള്ള ആളുകള്‍ കൂടുതല്‍ സമയം ജോലി ചെയ്താണ് മുന്നോട്ട് പോകുന്നത്. സ്റ്റാഫ് പാറ്റേണ്‍ വര്‍ങ്ങള്‍ക്ക് മുന്‍പുള്ള ഹോസ്പിറ്റലാണിത്.പുതിയ പോസ്റ്റുകള്‍ സൃഷ്ടിക്കാനുള്ള നീക്കം ഞങ്ങളുടെ ഭാഗത്തു നിന്നും നടക്കുന്നുണ്ട്. സര്‍ക്കാരില്‍ പറയുന്നുണ്ട്. എന്നാല്‍ അതൊന്നും ഇതുവരെയും അനുവദിച്ചിട്ടില്ല. പുതിയ പോസ്റ്റിങ്ങൊക്കെ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് മനസ്സിലാക്കുന്നത്.’ സുപ്രണ്ട് പറഞ്ഞു.

സ്ഥിരമായ ഓപ്പറേഷന്‍ സൗകര്യം എപ്പോള്‍ സജീവമാകും എന്ന് പറയാന്‍ കഴിയില്ലെന്നും അത് മുനിസിപ്പാലിറ്റിയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.