നമ്മള്‍ യേശുദാസിനെയും എം.ജി. ശ്രീകുമാറിനെയും കണ്ടത് പോലെയാണ് ഇന്നത്തെ ജനറേഷന്‍ ഞങ്ങളെ കാണുന്നത്: തിരുമാലി
Entertainment
നമ്മള്‍ യേശുദാസിനെയും എം.ജി. ശ്രീകുമാറിനെയും കണ്ടത് പോലെയാണ് ഇന്നത്തെ ജനറേഷന്‍ ഞങ്ങളെ കാണുന്നത്: തിരുമാലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th October 2024, 11:36 am

മലയാളി ഡാ, അവസ്ഥ തുടങ്ങി നിരവധി ഹിറ്റ് ട്രാക്കുകള്‍ സമ്മാനിച്ച റാപ്പറും ഗായകനുമാണ് തിരുമാലി എന്നറിയപ്പെടുന്ന വിഷ്ണു എം.എസ്. ചെറുപ്പത്തില്‍ തന്നെ എമിനെം, മൈക്കിള്‍ ജാക്‌സണ്‍ തുടങ്ങിയവരുടെ പാട്ടുകള്‍ കേട്ടാണ് വിഷ്ണുവില്‍ ഹിപ് – ഹോപ്പ് സംഗീതം സ്വാധീനം ചെലുത്തുന്നത്.

റാപ്പിനോടുള്ള താത്പര്യം കൊണ്ട് 2013ലാണ് വിഷ്ണു മ്യൂസിക് ചെയ്യാന്‍ ആരംഭിച്ചത്. പുകവലി വിരുദ്ധ സന്ദേശത്തെ കുറിച്ച് പറയുന്ന ‘ശ്വാസകോശം’ ആയിരുന്നു തിരുമാലിയുടെ ആദ്യ സിംഗിള്‍. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ ‘മലയാളി ഡാ’ എന്ന ഗാനം വൈറല്‍ ആയിരുന്നു.

അത് യൂട്യൂബില്‍ 13 മില്യണ്‍ വ്യൂവ്‌സ് നേടിയിരുന്നു. പിന്നീട് വരനെ ആവശ്യമുണ്ട്, ഓപ്പറേഷന്‍ ജാവ പോലെയുള്ള സിനിമകള്‍ക്ക് അദ്ദേഹം റാപ്പ് ചെയ്തിരുന്നു. ഇപ്പോള്‍ ആളുകള്‍ തന്നെ തിരിച്ചറിയുന്നതിനെ കുറിച്ച് പറയുകയാണ് തിരുമാലി.

പുറത്തിറങ്ങി നടക്കുമ്പോള്‍ ആളുകള്‍ തിരിച്ചറിയാറുണ്ടെന്നും ഫോട്ടോ എടുക്കാനായി വരാറുണ്ടെന്നും അദ്ദേഹം പറയുന്നു. ആളുകള്‍ക്ക് വലിയ സന്തോഷമാണ് അതെന്നും തിരുമാലി പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്റ്റേജ് ഷോകളില്‍ മാത്രമല്ല, പുറത്തിറങ്ങി നടക്കുമ്പോഴും ഹോട്ടലില്‍ ഫുഡ് കഴിക്കാന്‍ പോകുമ്പോഴുമൊക്കെ ആളുകള്‍ നമ്മളുടെ കൂടെ ഫോട്ടോ എടുക്കാന്‍ വരാറുണ്ട്. ആളുകള്‍ക്ക് വലിയ സന്തോഷമാണ് അതൊക്കെ. എല്ലാവര്‍ക്കും നമ്മളെ അറിയാം. മുതിര്‍ന്ന ആളുകള്‍ക്ക് അറിയില്ല.

എല്ലാവരും എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പിള്ളേര്‍ക്കും 16 മുതല്‍ 30 വരെ പ്രായമുള്ളവര്‍ക്കൊക്കെ നമ്മളെ അറിയാം. പണ്ടത്തെ കാലത്ത് നമ്മള്‍ യേശുദാസിനെയും എം.ജി. ശ്രീകുമാറിനെയും എം. ജയചന്ദ്രനെയുമൊക്കെ കണ്ടത് പോലെയാണ് ഇന്നത്തെ ജനറേഷന്‍ തിരുമാലിയെയും ഡാബ്‌സിയെയും ഫെജോയെയുമൊക്കെ കാണുന്നത്. അതൊക്കെ നമ്മളെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്,’ തിരുമാലി പറയുന്നു.


Content Highlight: ThirumaLi Talks About His Fans