| Friday, 18th October 2013, 12:49 am

ലോകത്തെ മൂന്ന് കോടി ജനങ്ങള്‍ ഇപ്പോഴും അടിമകള്‍: പകുതിയും ഇന്ത്യയിലെന്ന് പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ലണ്ടന്‍: ലോകത്തിലാകെ മൂന്ന് കോടി ജനങ്ങള്‍ ഇപ്പോഴും അടിമവൃത്തിയില്‍ ഏര്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്‌ളോബല്‍ സര്‍വേ ഇന്‍ഡക്‌സ് എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.

ഇവരില്‍ പകുതിയും ഇന്ത്യയിലാണ്. ഇന്ത്യയടക്കമുള്ള 162 രാജ്യങ്ങള്‍ ഇത്തരം ഹീനകൃത്യങ്ങള്‍ ഇപ്പോഴും നടപ്പിലാകുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു.

അടിമത്തം ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന ഇന്ത്യ (13.9 ദശലക്ഷം)ക്കു തൊട്ടുപിന്നില്‍ ചൈനയാണ്. 2.9 ദശലക്ഷം അടിമപ്പണിക്കാരാണ് ചൈനയിലുള്ളത്.

പാക്കിസ്ഥാന്‍ (2.1 ദശലക്ഷം), നൈജീരിയ (701,000), എത്ത്യോപ്യ(651,000), റഷ്യ (516,000), തായ്‌ലന്‍ഡ് (473,000), കോംഗോ (462,000), മ്യാന്‍മര്‍ (384,000), ബംഗ്ലാദേശ് (343,000) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.

ഇന്ത്യയില്‍ അടിമപ്പണി ഏറ്റവുമധികം നടക്കുന്നത് ക്വാറികളിലും ചുണ്ണാമ്പുചൂളകളിലുമാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള ലൈംഗിക ചൂഷണങ്ങളും ഇന്ത്യയില്‍ വ്യാപകമാണ്.

ഇന്ത്യ, ചൈന, നൈജീരിയ, പാകിസ്താന്‍, എത്യോപ്യ, റഷ്യ, തായ്‌ലന്‍ഡ്, കോംഗോ, മ്യാന്‍മര്‍, ബംഗ്‌ളാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോഴും അടിമവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഏറെയും. ഈ രാജ്യങ്ങളിലായി 2.9 കോടി ജനങ്ങള്‍ ഇപ്പോഴും അടിമത്തത്തിലാണ് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജോലി, വിദ്യാഭ്യാസം എന്നിവ നല്‍കാമെന്ന വാഗ്ദാനത്തില്‍ ഒരിക്കലും രക്ഷപ്പെടാനാകാത്ത വിധം തന്ത്രപൂര്‍വം മോഹിപ്പിച്ചു കൊണ്ടു വന്നു കുടുക്കുന്ന രീതിയും വ്യാപകമാണെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

29.8 ദശലക്ഷം പേരാണ് ലോകത്താകെ അടിമത്തം അനുഭവിക്കുന്നത്. ഇവരില്‍ 21 ദശലക്ഷവും നിര്‍ബന്ധിത തൊഴിലിന് നിയോഗിക്കപ്പെടുന്നവരാണെന്ന് രാജ്യാന്തര തൊഴില്‍ സംഘടന വ്യക്തമാക്കുന്നു.

അടിമ തൊഴിലാളികളില്‍ ഏറെ പേരും പരമ്പരാഗതമായി ഈ മേഖലയില്‍ എത്തിപ്പെടുന്നതാണ്. മറ്റുള്ളവരെ കടത്തിക്കൊണ്ടുവരുന്നതോ വില്‍ക്കപ്പെടുന്നതോ ആണ്.

ചില സംഘങ്ങള്‍ ഇവരെ ലൈംഗിക ചൂഷണത്തിനും അവിദഗ്ധ ജോലിക്കും വേണ്ടിയും ഉപയോഗിക്കുന്നു എന്നും പഠനം വെളിപ്പെടുത്തുന്നു.

അവിഹിതമായി ജോലിയെടുപ്പിക്കലും പണത്തിന് വേണ്ടി തടവില്‍ പാര്‍പ്പിക്കലും നിര്‍ബന്ധിത വിവാഹവുമൊക്കെ അടിമത്വമാക്കി കണക്കാക്കിയാണ് പഠനം നടത്തിയതെന്ന് ഗ്‌ളോബല്‍ സര്‍വേ ഇന്‍ഡക്‌സ് പ്രതിനിധികള്‍ പറഞ്ഞു.

ദാരിദ്ര്യല്ല അടിമത്തം വര്‍ധിക്കുന്നതിന് കാരണമെന്നും മറിച്ച് അഴിമതിയാണെന്നും പഠനസംഘത്തിലെ അംഗമായ കെവിന്‍ ബാള്‍സ് പറഞ്ഞു. ഇന്ത്യയില്‍ 1.4 കോടി ജനങ്ങള്‍ അടിമത്തത്തിലാണെന്നും ഇതിന് കാരണം ഇന്ത്യയിലെ ജനങ്ങളിലെ ഒരു വിഭാഗം മറ്റു വിഭാഗത്തെ ചൂഷണം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more