| Thursday, 25th February 2021, 1:17 pm

കട്ടുകുടിച്ച കള്ളും കപ്പയും പിന്നെ മരക്കൊമ്പ് ഊഞ്ഞാലും; കുട്ടിക്കാല ഓര്‍മ്മകളുമായി ബെന്നി ദയാല്‍ പാടിയ 'തിരികെ'യിലെ പുതിയ പാട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാണുന്ന ഓരോരുത്തരെയും അവരുടെ കുട്ടിക്കാലത്തേക്ക് തിരിച്ചുകൊണ്ടുപോകുകയാണ് തിരികെ സിനിമയിലെ ഓര്‍മ്മകളേ എന്ന പാട്ട്. ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ സഹോദരനോടൊപ്പം നാടു കാണാന്‍ ഇറങ്ങുന്ന അനിയനാണ് പാട്ടിലെ ദൃശ്യങ്ങളിലുള്ളത്.

വഴിയരികില്‍ വെച്ചിരിക്കുന്ന കള്ളുചെത്തുകാരന്റെ സൈക്കിളില്‍ തൂക്കിയിട്ടിരിക്കുന്ന കുടത്തില്‍ നിന്നും കള്ള കട്ടുകുടിക്കുന്നതും കപ്പ കക്കുന്നതും അപ്പൂപ്പന്‍ താടി പറത്തികളിക്കുന്നതും തുടങ്ങി നാട്ടിന്‍പുറത്തെ കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളെല്ലാം കോര്‍ത്തിണിക്കിയാണ് പാട്ടിന്റെ ദൃശ്യങ്ങളൊരുക്കിയിരിക്കുന്നത്.

ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ കോഴിക്കോട് സ്വദേശി ഗോപീ കൃഷ്ണന്‍ തന്നെയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ പാട്ടിലെയും നേരത്തെ ഇറങ്ങിയ ടീസറിലെയുമെല്ലാം ഗോപീ കൃഷ്ണന്റെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ജോര്‍ജ് കോരയാണ് സഹോദരനായെത്തുന്നത്.

ഗൗതമന്റെ രഥത്തിലെ ഉയിരേ എന്ന പാട്ടിലൂടെ ശ്രദ്ധേയനായ അങ്കിത് മേനോനാണ് തിരികെക്ക് സംഗീതം നല്‍കിയിരിക്കുന്നത്. പ്രശസ്ത ഗായകന്‍ ബെന്നി ദയാലാണ് ഓര്‍മ്മകളേ പാടിയിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളക്ക് കഥയെഴുതിയ ജോര്‍ജ് കോരയാണ് തിരികെയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജോര്‍ജ് കോരയും സാം സേവ്യറും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നാഷന്‍ വൈഡ് പിക്‌ച്ചേഴ്‌സിന്റെയും ഫോര്‍ത്ത് വോള്‍ ഫിലിംസിന്റെയും ബാനറില്‍ അബ്രഹാം ജോസഫും ദീപക് ദിലീപ് പവാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിജോ കുര്യന്‍, റോണിലാല്‍ ജയിംസ്, മനു മട്ടമന, സിജോ പീറ്റര്‍, പോള്‍ കറുകപ്പിള്ളില്‍ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‌സ്. ഛായാഗ്രഹണം ചെറിന്‍ പോളും എഡിറ്റിങ് ലാല്‍ കൃഷ്ണയുമാണ്.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസ് ചെയ്ത നീ സ്ട്രീമിലൂടെയാണ് തിരികെയുമെത്തുന്നത്. ഫെബ്രുവരി 26നാണ് റിലീസ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Thirike movie new song Ormakale
We use cookies to give you the best possible experience. Learn more