| Sunday, 27th June 2021, 8:44 am

കൊവിഡ് മൂന്നാം തരംഗം രണ്ടാം തരംഗം പോലെ രൂക്ഷമാകില്ല; ഐ.സി.എം.ആര്‍. പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തെപ്പോലെ രൂക്ഷമാകില്ലെന്ന് ഐ.സി.എം.ആര്‍. പഠനം. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ നിഗമനം.

ഇതുപ്രകാരം മൂന്നാം തരംഗം രാജ്യത്ത് ഉടനെ തന്നെയുണ്ടാകുമെന്നും എന്നാല്‍ രൂക്ഷമാകില്ലെന്നുമാണ് നിരീക്ഷണം. എന്നാല്‍ വാക്‌സിനേഷനിലെ അപാകതകള്‍ ചിലപ്പോള്‍ പ്രതികൂലാവസ്ഥയുണ്ടാക്കാനും സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം രാജ്യത്ത് കൊവിഡ് ഡെല്‍റ്റ പ്ലസ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതും ആശങ്ക വര്‍ധിപ്പിക്കുന്നു. നിലവില്‍ രാജ്യത്തെ 174 ജില്ലകളിലാണ് കൊവിഡിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദത്തെ കണ്ടെത്തിയത്.

പത്ത് സംസ്ഥാനങ്ങളില്‍ നിന്നും പരിശോധിച്ച 48 സാംപിളുകളില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തെയും കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

കൊവിഡ് രണ്ടാം തരംഗം പടര്‍ന്നുപിടിക്കുന്നതില്‍ മുഖ്യകാരണമായത് ഡെല്‍റ്റ വകഭേദമാണെന്നും മന്ത്രാലയം പറയുന്നു. മാര്‍ച്ചില്‍ 52 ജില്ലകളില്‍ മാത്രമുണ്ടായിരുന്ന ഈ വകഭേദം ജൂണ്‍ മാസത്തില്‍ 174 ജില്ലകളിലേക്ക് പടര്‍ന്നിട്ടുണ്ട്.

കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വരുന്നതുകൊണ്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതും കൊണ്ടും മാത്രം രണ്ടാം തരംഗം അവസാനിച്ചതായി കണക്കാക്കാനാകില്ലെന്നും ഐ.സി.എം.ആര്‍. മേധാവി ഡോ.ബല്‍റാം ഭാര്‍ഗവ നേരത്തെ പറഞ്ഞിരുന്നു.

‘500ലേറെ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലും താഴെയെത്തിയിട്ടുണ്ട്. പക്ഷെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. ഇപ്പോഴും രാജ്യത്തെ 75ലെറെ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനും മുകളിലാണ്. 92 ജില്ലകളില്‍ അഞ്ചിനും പത്തിനുമിടയിലാണ് പോസിറ്റിവിറ്റി നിരക്ക്,’ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: third Wave May Not be as Severe as 2nd, Reveals ICMR Study

We use cookies to give you the best possible experience. Learn more