| Thursday, 17th June 2021, 6:18 pm

അടുത്ത നാലാഴ്ചയ്ക്കുള്ളില്‍ മൂന്നാം തരംഗത്തിന് സാധ്യത; മഹാരാഷ്ട്രയ്ക്ക് മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ടാസ്‌ക് ഫോഴ്‌സിന്റെ മുന്നറിയിപ്പ്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രണ്ടാം തരംഗം അവസാനിക്കും മുമ്പേ സംസ്ഥാനത്ത് മൂന്നാം തരംഗം ആരംഭിക്കുമെന്ന് കൊവിഡ് 19 ടാസ്‌ക് ഫോഴ്സ് അറിയിച്ചു.

ബുധനാഴ്ച കൊവിഡ് വിലയിരുത്തലിനായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ഇതിനിടെയായിരുന്നു ടാസ്‌ക് ഫോഴ്‌സിന്റെ നിരീക്ഷണം. കഴിഞ്ഞ ദിവസങ്ങളില്‍ ആള്‍ക്കൂട്ടം സംസ്ഥാനത്തിന് ഭീഷണിയായേക്കുമെന്ന് ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു.

ആരോഗ്യമന്ത്രി, മുതിര്‍ന്ന ഐ.പി.എസ്.-ഐ.ഐ.എസ്. ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ബ്രിട്ടണില്‍ രണ്ടാം തരംഗത്തിന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് മൂന്നാം തരംഗം വന്നതെന്ന് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ശശാങ്ക് ജോഷി പറഞ്ഞു. മൂന്നാം തരംഗം ചെറുപ്രായക്കാരെ കൂടുതല്‍ ബാധിച്ചേക്കാമെന്നും ടാസ്‌ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ പ്ലസ് വകഭേദമായിരിക്കും മൂന്നാം തരംഗത്തില്‍ ബാധിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയാകുമെന്നും വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കി.

കൊവിഡ് മൂന്നാം തരംഗത്തില്‍ രണ്ടാം തരംഗത്തിനേക്കാള്‍ ഇരട്ടി പേര്‍ക്ക് രോഗം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒന്നാം തരംഗത്തില്‍ 19 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചതെങ്കില്‍ രണ്ടാം തരംഗത്തില്‍ 40 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു.

അതിനിടെ മഹാരാഷ്ട്രയിലെ കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു തുടങ്ങി. കുറച്ച് ദിവസത്തെ ഇടവേളക്ക് ശേഷം കൊവിഡ് കേസുകള്‍ വീണ്ടും പതിനായിരമായി. മുംബൈയിലും കേസുകളില്‍ വര്‍ധനവുണ്ടായി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Third wave could hit as early as in 2-4 weeks, says Maharashtra Covid 19 Task Force

We use cookies to give you the best possible experience. Learn more