ദുബായ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് പരമ്പര മുതല്‍ കളിനിയമത്തില്‍ പരിഷ്‌കരണം വരുത്തി ഐ.സി.സി. ഫ്രണ്ട് ഫുട്ട് നോബോളുകള്‍ ഇത്രനാള്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരാണു വിളിച്ചിരുന്നതെങ്കില്‍, ഇനിമുതല്‍ അക്കാര്യം ചെയ്യുക, തേഡ് അമ്പയറായിരിക്കും.
മൂന്ന് ട്വന്റി20-കളും മൂന്ന് ഏകദിനങ്ങളും അടങ്ങിയ ഇന്ത്യ-വിന്‍ഡീസ് പരമ്പരയില്‍ ഇതു പരീക്ഷണാടിസ്ഥാനത്തിലാണു നടപ്പാക്കുക. വെള്ളിയാഴ്ച ഹൈദരാബാദിലാണ് ആദ്യ ട്വന്റി20.
എല്ലാ ബോളുകളും തേഡ് അമ്പയര്‍മാര്‍ നിരീക്ഷിക്കണമെന്നും അതില്‍ ഫ്രണ്ട് ഫുട്ട് നോബോള്‍ കണ്ടാല്‍ വിളിക്കേണ്ടത് അവരാണെന്നുമായിരുന്നു വ്യാഴാഴ്ച ഐ.സി.സി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയത്.
ഇനി അതിലെന്തെങ്കിലും ആശയക്കുഴപ്പം സംഭവിച്ചാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരുമായി സംസാരിച്ചുവേണം തീരുമാനമെടുക്കാനെന്നും കുറിപ്പില്‍ പറയുന്നു. തേഡ് അമ്പയറോട് ആലോചിക്കാതെ സ്വന്തമായി നോബോള്‍ വിളിക്കാന്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് അനുമതിയില്ലെന്നും അതില്‍ പറയുന്നു.