റാഞ്ചി: ജാര്‍ഖണ്ഡില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 17 മണ്ഡലങ്ങളിലേക്കാണു വോട്ടെടുപ്പ്. 32 സ്ത്രീകള്‍ ഉള്‍പ്പെടെ 309 സ്ഥാനാര്‍ഥികളാണു മൂന്നാംഘട്ടത്തില്‍ മത്സരിക്കുന്നത്.
17 സീറ്റുകളില്‍ 10 എണ്ണം ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളാണ്. മൂന്നെണ്ണം കോണ്‍ഗ്രസിന്റെയും രണ്ടെണ്ണം ജെ.എം.എമ്മിന്റെയും സിറ്റിങ് സീറ്റുകളാണ്.
മൂന്നാംഘട്ട തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രണ്ടുവീതം റാലികളിലാണു പങ്കെടുത്തത്.
പോളിങ് നടക്കുന്ന റാഞ്ചി സീറ്റ് ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ്. 1995-ല്‍ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയാണ് ഇവിടെനിന്നു വിജയിച്ചത്. എന്നാല്‍ ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ 1996-ല്‍ അദ്ദേഹം നിയമസഭയില്‍ നിന്നു രാജിവെച്ചു.
ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി സി.പി സിങ്ങിനു കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ജെ.എം.എമ്മിന്റെ മഹുവ മഝിയാണ് അദ്ദേഹത്തിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ധന്‍വാറില്‍ മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച-പ്രജാതാന്ത്രിക് (ജെ.വി.എം-പി) പ്രസിഡന്റുമായ ബാബുലാല്‍ മറാന്‍ഡിയാണു മത്സരിക്കുന്നത്. എന്നാല്‍ സി.പി.ഐ.എം.എല്‍ എം.എല്‍.എ രാജ്കുമാര്‍ യാദവും ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ലക്ഷ്മണ്‍ പ്രസാദും മറാന്‍ഡിക്ക് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല.
ഡിസംബര്‍ 16, 20 തീയതികളിലായാണ് അടുത്ത രണ്ടുഘട്ടങ്ങള്‍. ഡിസംബര്‍ 23-നാണു വോട്ടെണ്ണല്‍.