| Tuesday, 14th November 2023, 11:20 pm

ഹമാസിനെതിരെ മൂന്നാംഘട്ട ഉപരോധം; സംയുക്ത നടപടിക്കൊരുങ്ങി അമേരിക്കയും ബ്രിട്ടനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെയും ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിനെയും സംയുക്തമായി ഉപരോധിക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കയും ബ്രിട്ടനും. ഉപരോധത്തിന്റെ മൂന്നാം ഘട്ടം തുടങ്ങിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഇരുരാജ്യങ്ങളുടെയും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇറാന്‍ പിന്തുണ നല്‍കുന്ന ഹമാസിന്റെയും ഇസ്‌ലാമിക് ജിഹാദിന്റെയും എല്ലാ സംവിധാനങ്ങളും ഉപരോധിക്കാനുള്ള ശ്രമം തുടങ്ങിയതായി യു.എസ് ട്രഷറി വകുപ്പ് അറിയിച്ചു. ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ ദുരിതം സൃഷ്ടിക്കുകയും ഭീകരവാദം ഒറ്റപ്പെട്ട നിലയിലല്ല സംഭവിക്കുന്നതെന്ന് ഇതിലൂടെ മനസിലാക്കണമെന്നും യു.എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബ്രിട്ടനുമായി ചേര്‍ന്ന് തങ്ങള്‍ ഹമാസിന്റെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെ ഇല്ലാതാക്കുമെന്നും പുറത്തുനിന്നുള്ള ഫണ്ടിങ്ങില്‍ നിന്ന് അവരെ നീക്കിനിര്‍ത്തുമെന്നും യു.എസ് വ്യക്തമാക്കി. ഹമാസിന്റെ ഹീനമായ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ശ്രമിക്കുന്ന പുതിയ ഫണ്ടിങ് ചാനലുകളെ തടയാന്‍ നിര്‍ണായകമായ നീക്കങ്ങള്‍ നടത്തുകയാണെന്നും ജാനറ്റ് യെല്ലന്‍ പറഞ്ഞു.

ഹമാസിന്റെ നാല് മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെയും രണ്ട് ധനസഹായങ്ങള്‍ക്കുമെതിരെയും ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തിയതായി വിദേശകാര്യ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

ഏറ്റവും പുതിയ ഉപരോധം ഹമാസ് നേതാക്കളെയും ഇറാനിയന്‍ ധനസഹായത്തിന് വഴികാട്ടികളായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ചാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. തീവ്രവാദ ധനസഹായ ചാനലുകളെ തടസപ്പെടുത്താന്‍ മറ്റു രാജ്യങ്ങളുമായി യു.എസ് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും ഗസ മുനമ്പില്‍ വ്യോമാക്രമണം നടത്തുമെന്നും ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ കര്‍ശനമായി നിയന്ത്രിക്കുമെന്നും ഇസ്രഈല്‍ പറഞ്ഞിരുന്നു. ഗസയിലെ 2.3 ദശലക്ഷത്തിലധികം നിവാസികള്‍ക്കുള്ള ഇന്ധന വിതരണം തടസപ്പെടുത്തുമെന്നും ഇസ്രഈല്‍ പ്രതിജ്ഞയെടുത്തിരുന്നു.

ഇസ്രഈല്‍ ആക്രമണത്തില്‍ 4,600ലധികം കുട്ടികള്‍ ഉള്‍പ്പെടെ 11,200ലധികം പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Third Phase of Sanctions Against Hamas; United States and Britain preparing for joint action

Latest Stories

We use cookies to give you the best possible experience. Learn more