ന്യൂദല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് വൈകീട്ട് 7.30ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍. പരിപാടിയില്‍ എട്ട് രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെ 8000 ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുക്കും. പ്രധാനമന്ത്രിക്കൊപ്പം ബി.ജെ.പിയില്‍ നിന്നുള്ള മുതിര്‍ന്ന മന്ത്രിമാരും, ഘടകകക്ഷികളില്‍ നിന്നുള്ള ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും അധികാരമേല്‍ക്കും.
രാഷ്ട്രപ്രതി ദ്രൗപതി മുര്‍മു എല്ലാവര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രാവിലെ രാജ്ഘട്ടില്‍ ഗാന്ധിസമാധിയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചതിന് ശേഷം യുദ്ധസ്മാരകത്തിലും, മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ സ്മാരകത്തിലും എത്തിയിരുന്നു. ചടങ്ങിന് ശേഷം രാത്രിയോടെ തന്നെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി ഭവന്‍ പുറത്തിറക്കും.
മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു, ശ്രീലങ്കന്‍ പ്രസിഡന്റ് റിനില്‍ വിക്രസിംഗെ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോഗ്‌ബെ, സെയ്ഷല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നോത്, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പകമല്‍ ദഹല്‍ പ്രചണ്ഡ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്‍മാര്‍.
കഴിഞ്ഞ രണ്ട് തവണയും ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ ഇത്തവണ സഖ്യകക്ഷികളുടെ ബലത്തിലാണ് എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃസ്ഥാനം ലഭിക്കാന്‍ ആവശ്യമായ അംഗസംഖ്യ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് അംഗസംഖ്യ 100 തികച്ച് പ്രതിപക്ഷനേതാവ് സ്ഥാനത്തിനും അര്‍ഹരായി. നെഹ്‌റുവിന് ശേഷം മൂന്ന് തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്ന വ്യക്തിയാണ് നരേന്ദ്രമോദി.
അതേസമയം കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്ണസായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് സോണിയയെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തത്. കെ. സുധാകരന്‍, താരീഖ് അന്‍വര്‍, സൗരവ് ഗൊഗോയ് തുടങ്ങിയവര്‍ പിന്തുണച്ചു. യോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
CONTENT HIGHLIGHTS: Third NDA government to take office today; This time the BJP will come to power without an absolute majority