പനാമ സിറ്റി: വിദേശത്ത് കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതിവെട്ടിപ്പ് നടത്തുന്നതിനും സഹായം നല്‍കുന്ന മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തില്‍ നിന്ന് പുറത്തായ അഞ്ചാമത്തെ പട്ടികയില്‍ മറ്റൊരു മലയാളികൂടി.
തിരുവന്തപുരം സ്വദേശി ഭാസ്‌കരന്‍ രവീന്ദ്രനാണ് പനാമ രേഖകളില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ മലയാളി. റഷ്യയിലെ എസ്.വി.എസ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്‍ണി മാത്രമാണ് ഇയാളുടെ പേരിലുള്ളത്.
നേരത്തെ റാന്നി സ്വദേശിയായ ദിനേശ് പരമേശ്വരന്‍, സിംഗപ്പൂര്‍ മലയാളിയായ തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യു എന്നീ മലയാളികളുടെ പേരുകളും പുറത്തുവന്നിരുന്നു.
സോണ്‍ റിതം ഇന്റര്‍നാഷനല്‍ ലിമിറ്റഡ്, വണ്ടര്‍ഫുള്‍ സൊലൂഷന്‍സ് ലിമിറ്റഡ് അടക്കം ആറു കമ്പനികളുടെ പേരിലായിരുന്നു തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യുവിന്റെ നിക്ഷേപം. ബ്രിട്ടീഷ് ഉപദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനിയിലാണ് ദിനേശ് പരമേശ്വരന് കള്ളപ്പണ നിക്ഷേപമുള്ളത്. 2007 ഓഗസ്റ്റ് 17 മുതല്‍ ഹോങ്കോങ് ആസ്ഥാനമായ ഗല്‍ഡിങ്ങ് ട്രേഡിങ് കമ്പനിയുടെ
ഡയറക്റ്ററാണ് ദിനേശ് എന്ന മൊസാക് ഫൊന്‍സെക രേഖകള്‍ വ്യക്തമാക്കുന്നു. ചൈനീസ് പൗരനുമായി ചേര്‍ന്ന് നടത്തുന്ന കമ്പനിയില്‍ 25000 ഓഹരികളാണ് ഇയാളുടെ പേരിലുളളത്.
ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍, അമിതാഭ് ബച്ചന്റെ മരുമകളും ബോളിവുഡ് താരവുമായ ഐശ്വര്യ റായ്, അദാനി ഗ്രൂപ്പിന്റെ തലവനായ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, ഡില്‍എഫ് ഗ്രൂപ്പിന്റെ മേധാവി കെ.പി സിങ്ങ് എന്നീ പ്രമുഖര്‍ ഉള്‍പ്പെടെ അഞ്ചൂറോളം ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പുറത്തായിരുന്നു.
വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി വിദേശത്ത് പണം നിക്ഷേപിക്കുന്നതിന് കള്ളപ്പണക്കാരെ സഹായിക്കുന്ന സ്ഥാപനമാണ് മൊസാക് ഫൊന്‍സെക. ഇത്തരത്തില്‍ പനാമയില്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി വിവിധ പദ്ധതികളിലായി പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങളാണ് ചോര്‍ന്നത്.