[share]
[] ന്യൂദല്‍ഹി: കോണ്‍ഗ്രസും ബി.ജെ.പിയും അധികാരത്തിലെത്തുന്നത് തടയുമെന്ന് മൂന്നാംമുന്നണി.
ഇരുകൂട്ടരെയും പുറത്ത് നിര്‍ത്താന്‍ മുഴുവന്‍ മതേതര കക്ഷികളും കൂട്ടായ്മയുടെ ഭാഗമാകണമെന്നും പതിനൊന്ന് കക്ഷികളുടെ സംയുക്ത പ്രസ്താവന ആഹ്വാനം ചെയ്തു.
അതേസമയം കോണ്‍ഗ്രസിനെ പിന്തുണക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇക്കാര്യം പറയാനാകൂ എന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
മതേതരസഖ്യത്തിന്റെ വിജയത്തിനായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും മൂന്നാം മുന്നണി വ്യക്തമാക്കി.
ന്യൂനപക്ഷങ്ങള്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അഴിമതി തുടച്ചുനീക്കി വര്‍ഗീയതക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും കാരാട്ട് പറഞ്ഞു.
അതേസമയം നരേന്ദ്ര മോഡിയെ അല്ലാതെ മറ്റാരെയെങ്കിലുംപ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി നിയമിച്ചാല്‍ ഐക്യജനതാദള്‍ പിന്തുണക്കുമോ എന്ന ചോദ്യത്തിന് അവരുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.