മൂന്നാം മുന്നണി സാധ്യത തേടി ബര്‍ദന്‍- നവീന്‍ പട്‌നായിക് കൂടിക്കാഴ്ച
India
മൂന്നാം മുന്നണി സാധ്യത തേടി ബര്‍ദന്‍- നവീന്‍ പട്‌നായിക് കൂടിക്കാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th December 2013, 10:27 am

[]ഭൂവനേശ്വര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി മൂന്നാം മുന്നണി സാധ്യത തേടി സി.പി.ഐ നേതാവ് എ.ബി ബര്‍ദന്റേയും ബിജു ജനതാദള്‍ നേതാവും ഒറീസ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്കിന്റേയും കൂടിക്കാഴ്ച.

കോണ്‍ഗ്രസും ബി.ജെ.പിയും ഒഴിച്ചുള്ള ഒരു മുന്നണിയില്‍ ചേരാന്‍ ഇരു കക്ഷികള്‍ക്കും താത്പര്യമുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിനും ബി.ജെ.പിക്കും ജനപിന്തുണ നഷ്ടപ്പെട്ടു കൊണ്ടിരിക്കേ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഇടതു പാര്‍ട്ടികളുമായി ചേര്‍ന്ന് ഒരു മൂന്നാം മുന്നണി രൂപവത്കരിക്കാനാവുമെന്നും ഒരു മൂന്നാം ബദല്‍ രൂപപ്പെട്ടാല്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും തറ പറ്റിക്കാനാകുമെന്ന് ബര്‍ദന്‍ പറഞ്ഞു.

കോണ്‍ഗ്രസിനും ബി.ജെ.പി ക്കുമെതിരെ ഇടതുകക്ഷികള്‍ നടത്തുന്ന മൂന്നാം ബദലില്‍ ബി.ജെ.ഡിക്കും ഭാഗവാക്കാകാമെന്ന് നേരത്തേ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു.

കൂടിക്കാഴ്ചയെ കുറിച്ച് കൂടുതല്‍ പറയാന്‍ നവീന്‍ പട്‌നായിക് തയ്യാറായില്ല. എന്നാല്‍  കോണ്‍ഗ്രസിന്റെ അഴിമതിയും ബി.ജെ.പിയുടെ വര്‍ഗീയതയും നേരിടാന്‍ ഒരു ഫെഡറല്‍ മുന്നണി ആവശ്യമാണെന്ന് നിരന്തരം അഭിപ്രായപ്പെട്ടു കൊണ്ടിരിക്കുന്ന നേതാവാണ് നവീന്‍ പട്‌നായിക്.

കഴിഞ്ഞ ഒക്ടോബര്‍ 30ന് ന്യൂദല്‍ഹിയില്‍ ഇടതുകക്ഷികളുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത രാഷ്ട്രീയ സമ്മേളനത്തില്‍ ബി.ജെ.ഡി പങ്കാളിയായിരുന്നു.

ഗുജറാത്ത്മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിക്ക് കോര്‍പറേറ്റുകളുടെ പിന്തുണ ഉണ്ടെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്നിടങ്ങളില്‍ വോട്ടര്‍മാരെ സ്വീധിനിക്കാന്‍ കഴിയില്ലെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ സി.പി.ഐ സംസ്ഥാന തലത്തില്‍ സഖ്യമുണ്ടാക്കുമെന്നും ബര്‍ദന്‍ പറഞ്ഞു.