ബ്രിട്ടണില്‍ മൂന്നാമതൊരു കൊവിഡ് വൈറസ് കൂടി കണ്ടെത്തി; ലോക്ഡൗണ്‍ കര്‍ശനമാകും
World News
ബ്രിട്ടണില്‍ മൂന്നാമതൊരു കൊവിഡ് വൈറസ് കൂടി കണ്ടെത്തി; ലോക്ഡൗണ്‍ കര്‍ശനമാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd December 2020, 10:53 pm

വാഷിംഗ്ണ്‍: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ മൂന്നാമത് സ്‌ട്രെയിന്‍ കൂടി ബ്രിട്ടണില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബ്രിട്ടന്റെ ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാന്‍കോക്കാണ് ഇക്കാര്യം അറിയിച്ചത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരിലാണ് മൂന്നാമത്തെ സ്‌ട്രെയിന്‍ വൈറസ് കണ്ടെത്തിയത്.

ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ മൂന്നാം സ്‌ട്രെയിന്‍ ബാധിച്ച രണ്ട് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തെന്ന് ഹാന്‍കോക്ക് പറഞ്ഞു. അതിനാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവര്‍ നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ രണ്ടാം സ്‌ട്രെയിനെക്കാള്‍ പ്രഹരശേഷി കൂടിയതാണ് വൈറസിന്റെ മൂന്നാം വകഭേദമെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലോകത്ത് കൊവിഡ് വൈറസിന്റെ രണ്ടാം സ്ട്രെയിന്‍ കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബ്രിട്ടനു പുറമേ
ഡെന്‍മാര്‍ക്ക്, ഓസ്ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ നാല്‍പതോളം രാജ്യങ്ങള്‍ ബ്രിട്ടന് യാത്രാ വിലക്കേര്‍പ്പെടുത്തി കഴിഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു നയം രൂപീകരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക യോഗം ചേര്‍ന്നിട്ടുണ്ട്.

പെട്ടെന്ന് പടരുന്ന കൊറോണ വൈറസിന്റെ പുതിയ സ്ട്രെയിന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ബ്രിട്ടണില്‍ കൊവിഡ് കേസുകള്‍ ഇരട്ടിയായി വര്‍ദ്ധിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Third Corona Virus Found In Britain