പാട്ന: ബീഹാറിൽ വീണ്ടും പാലം തകർന്നു. ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപം കിഴക്കൻ ചമ്പാരൻ ജില്ലയിലെ ഘോരസഹൻ ബ്ലോക്കിന് കീഴിലുള്ള ഘോരസഹാൻ-ചെയിൻപൂർ-ലൗഖാൻ റോഡിൽ നിർമ്മാണത്തിലിരിക്കുന്ന 60 അടി നീളമുള്ള പാലമാണ് തകർന്നത്. ബീഹാറിൽ ഒരാഴ്ചക്കിടെ തകരുന്ന മൂന്നാമത്തെ പാലമാണിത്.
ശനിയാഴ്ച സിവാൻ ജില്ലയിൽ ഒരു ചെറിയ പാലം തകർന്നിരുന്നു. ദാരൗണ്ട, മഹാരാജ്ഗഞ്ച് ബ്ലോക്കുകളിലെ ഗ്രാമങ്ങളെ ബന്ധിപ്പിച്ച് ഒരു കനാലിന് മുകളിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ചൊവ്വാഴ്ച അരാരിയ ജില്ലയിൽ 180 മീറ്ററോളം നീളത്തിൽ പുതുതായി നിർമിച്ച മറ്റൊരു പാലവും തകർന്നിരുന്നു.
പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജനയ്ക്ക് കീഴിൽ 1.5 കോടി രൂപ ചെലവിൽ നിർമിച്ച 60 അടി നീളമുള്ള പാലത്തിന്റെ നിർമാണം ഈ വർഷം ആദ്യം മാർച്ചിലാണ് ആരംഭിച്ചത്. ഫെബ്രുവരിയിൽ നിർമാണം പൂർത്തീകരിക്കേണ്ട പാലമായിരുന്നു ഇത്.
ധാക്ക ഡിവിഷൻ ഉദ്യോഗസ്ഥർ, ക്വാളിറ്റി കൺട്രോൾ എൻജിനീയർമാർ പാലം നിർമിച്ച സ്ഥലം പരിശോധിച്ചു വരികയാണെന്ന് സൂപ്രണ്ട് എഞ്ചിനീയർ പറഞ്ഞു. അന്തിമ റിപ്പോർട്ട് കിട്ടിയ ശേഷം നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ നിർമാണത്തിലിരിക്കുന്ന പാലം പൊളിഞ്ഞതിൽ ജനങ്ങൾ അന്വേഷണം ആവശ്യപ്പെട്ടു. പാലത്തിന്റെ തകർച്ചയിൽ കൃത്യമായ അന്വേഷണം വേണമെന്നും ഒരു ഉന്നത തല സമിതി തന്നെ അന്വേഷണം നടത്തണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.
പാലത്തിന്റെ നിർമാണത്തിൽ സംശയം ഉണ്ടെന്നും നിലവാരം കുറഞ്ഞ വസ്തുക്കളാണ് പാലം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. പാലം നിർമാണത്തിലെ വീഴ്ച്ച വലിയ അഴിമതിയാണെന്നും അവർ കൂട്ടിച്ചേർത്തു.
Content highlight: Third bridge collapses in Bihar in one week