തിരയടിച്ചെത്തുന്ന നല്ല സിനിമ
D-Review
തിരയടിച്ചെത്തുന്ന നല്ല സിനിമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th November 2013, 1:57 pm

കാലേക്കൂട്ടി പ്രേക്ഷകന് മനസ്സിലാക്കാന്‍ കഴിയുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തെ എങ്ങനെയാണ് പ്രേക്ഷകനുമായി മികച്ച രീതിയില്‍ ആശയവിനിമയം നടത്താനാവുക എന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസനും തിരക്കഥാകൃത്ത് രാകേഷ് മാന്തൊടിയും കാണിച്ചു തരുന്നു.


line

മാറ്റിനി/ നസീബ ഹംസline

സിനിമ: തിര
സംവിധാനം: വിനീത് ശ്രീനിവാസന്‍
തിരക്കഥ: രാകേഷ് മാന്തൊടി, വിനീത് ശ്രീനിവാസന്‍
കഥ: രാകേഷ് മാന്തൊടി
അഭിനേതാക്കള്‍: ശോഭന, ധ്യാന്‍ ശ്രീനിവാസന്‍, ദീപക് പറമ്പോല്‍
സംഗീതം: ഷാന്‍ റഹ്മാന്‍
ഛായാഗ്രഹണം: ജോമോന്‍ ടി ജോണ്‍
നിര്‍മാണം: മനോജ് മേനോന്‍
റീലീസിങ് ഡേറ്റ്: നവംബര്‍ 14, 2013

[]സിനിമയെ കുറിച്ച് പറയുന്നതിന് മുമ്പ് തിരയുടെ സംവിധായകനെ കുറിച്ച് പറഞ്ഞു തുടങ്ങാം. ആദ്യ സിനിമ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ നിന്നും തിരയിലെത്തി നില്‍ക്കുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍  ഒരു സ്ഥാനം വിനീത്  ശ്രീനിവാസന്‍ സ്വന്തമാക്കുമെന്ന് ഉറപ്പിച്ച് പറയാം.

ചെറുതല്ലാത്ത ഇടവേളകളില്‍ വിനീതിന്റേതായി പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും വ്യത്യസ്തങ്ങളായ മൂന്ന് പ്രമേയങ്ങളാണ് പ്രേക്ഷകന് കാഴ്ച്ചവെച്ചത്. ആദ്യ ചിത്രം ഏതോ ഒരു ഹിന്ദി ചിത്രത്തിന്റെ ആവര്‍ത്തനമാണെന്ന് തോന്നിയെങ്കിലും പിന്നീടിറങ്ങിയ തട്ടത്തിന്‍ മറയത്തിലൂടെയും ഇപ്പോഴത്തെ തിരയിലൂടെയുമെല്ലാം ഏത് തരം പ്രമേയവും കൈയ്യടക്കത്തോടെ ചെയ്യാന്‍ തനിക്കാവുമെന്ന് വിനീത് തെളിയിച്ചിരിക്കുന്നു.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ നല്ലൊരു സിനിമയാണ് തിര. വിമര്‍ശിക്കാനായി കുറഞ്ഞതൊരു പത്ത് കുറ്റമെങ്കിലും വേണമെങ്കില്‍ പറയാമെങ്കിലും സിനിമ കണ്ടിറങ്ങുമ്പോള്‍ അതൊന്നും പ്രേക്ഷകന്റെ ഓര്‍മയില്‍ പോലും നില്‍ക്കുന്നതല്ല. അനുജന്‍ ധ്യാന്‍ ശ്രീനിവാസനെ ആദ്യമായി ബിഗ് സ്‌ക്രീനില്‍ കൊണ്ടുവരുന്നു, ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷം ശോഭന വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു അങ്ങനെ ഒരുകൂട്ടം പ്രത്യേകതകളുമായാണ് തിരയടിക്കുന്നത്.

സിനിമ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ചിത്രം പറയുന്നതെന്താണെന്നത് പ്രേക്ഷകന് സുവ്യക്തമാകും. കാലേക്കൂട്ടി പ്രേക്ഷകന് മനസ്സിലാക്കാന്‍ കഴിയുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തെ എങ്ങനെയാണ് പ്രേക്ഷകനുമായി മികച്ച രീതിയില്‍ ആശയവിനിമയം നടത്താനാവുക എന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസനും തിരക്കഥാകൃത്ത് രാകേഷ് മാന്തൊടിയും കാണിച്ചു തരുന്നു. സൂപ്പര്‍സ്റ്റാറുകളുടെയും ക്രൂരന്മാരായ വില്ലന്മാരുടേയും ഭാരമില്ലാതെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ അവരവരുടെ വേഷം മികച്ചതാക്കുകയും ചെയ്തു. ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ വലിയൊരു ആശയം പറഞ്ഞു ഫലിപ്പിക്കാനും വിനീതിന് സാധിച്ചു.

തിരയടിക്കുമ്പോള്‍ തെളിയുന്നത്

കുടുംബമെന്ന എസ്റ്റാബ്ലിഷ്‌മെന്റില്‍ വിശ്വസിക്കാത്തവര്‍ക്കും താത്പര്യമുണ്ടായിട്ടല്ലെങ്കിലും അത്തരം കെട്ടുപാടുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കും ചിത്രം മുന്നോട്ട് വെക്കുന്ന ചില കാര്യങ്ങള്‍ കല്ലുകടിയുണ്ടാക്കും.

dhyan-1എന്നാല്‍ ഓരോ സിനിമയും അതെടുക്കുന്ന സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും ബോധതലത്തെയും ചുറ്റുപാടുകളേയും ആശ്രയിച്ചാണ് എന്നതും പ്രധാനപ്പെട്ടതാണ്.

അത്തരത്തില്‍ നോക്കിയാല്‍ വിനീത് ശ്രീനിവാസന്‍ എന്ന “നടന്‍ ശ്രീനിവാസന്റെ” മകനാണ് സിനിമയെടുത്തത് എന്ന് അടിവരയിട്ട് പറയാം. ഏതോ നിസ്സാര കാര്യത്തിന് രണ്ട് വര്‍ഷം മുമ്പ് വീടുവിട്ടിറങ്ങിയ “മകനും” സ്ലീവ്‌ലെസ് ടോപ്പിട്ടതിന് അനിയത്തിയെ ചീത്ത പറയുന്ന “ഏട്ടനും”, അബോര്‍ഷന്‍ ഡോക്ടറെ കാണാനെത്തുന്ന നായകനോട് “ഈ ഡോക്ടര്‍ കുഴപ്പക്കാരനല്ലല്ലോ” എന്ന് ചോദിക്കുന്നവനെ തുറിച്ച് നോക്കി അയാളുടെ കൂടെ വന്ന പെണ്‍കുട്ടിയോട് വിവരം വീട്ടില്‍ പറഞ്ഞോ എന്ന് ചോദിക്കുന്ന  “നായകനു” മൊക്കെ സംവിധായകന്‍ കണ്ടുപരിചയിച്ച ചുറ്റുപാടില്‍ നിന്ന് മാത്രം ഉണ്ടായതാകണം. കുടുംബത്തില്‍ മാത്രമാണ് നാം സുരക്ഷിതര്‍ എന്ന്  ചിത്രം പറയാതെ പറയുന്നുണ്ട്.

അല്‍പ്പം അസ്വാരസ്യമുണ്ടാക്കുന്നതാണെങ്കിലും അതെല്ലാം വിട്ട് സിനിമ പറയുന്ന മറ്റ് കാര്യങ്ങളിലേക്ക് വരാം. സെക്‌സ് റാക്കറ്റും മനുഷ്യക്കടത്തുമൊക്കെ സമൂഹത്തിലുണ്ടാക്കുന്ന അപകടകരമായ തിരയടികള്‍ സിനിമ കാണിക്കുന്നുണ്ട്.

ബ്യൂറോക്രസിയും മാഫിയകളും തമ്മിലുള്ള അവിശുദ്ധ ബന്ധവും സിനിമ അനാവരണം ചെയ്യുന്നു. ഒറ്റക്കാര്യത്തില്‍ മാത്രമേ ചോദ്യമുള്ളൂ. ഇങ്ങനെയൊരു സിനിമയെടുക്കാന്‍ സംവിധായകനെന്തിന് കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയി?

നമ്മുടെso called ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇതൊന്നും നടക്കില്ലാന്നോ അതോ സിനിമയിലെങ്കിലും നടക്കാതിരിക്കട്ടേയെന്നുമാണോ സംവിധായകന്‍ ഉദ്ദേശിച്ചത്. എന്തായാലും ലോകത്തെല്ലായിടത്തും ഏത് തെമ്മാടിത്തരത്തിലും ഒരു മലയാളിയെങ്കിലും ഉണ്ടാകുമെന്ന തിരിച്ചറിവായിരിക്കണം നെഗറ്റീവ് കഥാപാത്രത്തിലൊന്ന് മലയാളിക്ക് തന്നെ കൊടുത്തത്.
അടുത്ത പേജില്‍ തുടരുന്നു

lineമെനു നോക്കി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ലാഘവത്തോടെ തനിക്ക് വേണ്ട പെണ്‍കുട്ടിയെ എവ്വിധം അണിയിച്ചൊരുക്കി മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തണമെന്ന് പറയുന്ന ജഡ്ജിനെയും എങ്ങനെയൊക്കെ പീഡിപ്പിക്കപ്പെട്ടു എന്ന് വിസ്തരിച്ച് പറയാനും അസമയത്ത് ഒറ്റയ്ക്ക് പുറത്തിറങ്ങിയതിനാല്‍ തെറ്റ് മുഴുവന്‍ “അവള്‍”ക്കാണ് എന്നും കുറ്റപ്പെടുത്തുന്ന പോലീസുകാരനുമൊക്കെ തിരക്കഥാകൃത്തിന്റെ ഭാവനാസൃഷ്ടികളല്ല.line

thira

എക്കാലത്തും ഏറെ വാര്‍ത്താ പ്രാധാന്യമുള്ളതും അതിലേറെ സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയാണ് തിരയുടേത്. സെക്‌സ് റാക്കറ്റിന്റെ വലയിലകപ്പെട്ട് മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളുടെ കഥ.

അതിനേക്കാളപ്പുറം സിനിമ പറയുന്നത് ഡോ. രോഹിണി പ്രണാബ് (ശോഭന)എന്ന സാമൂഹിക പ്രവര്‍ത്തകയുടെ കഥയാണ്. പാവപ്പെട്ട പെണ്‍കുട്ടികളെ സംരക്ഷിച്ച് അധികാരികള്‍ക്കും മാഫിയകള്‍ക്കും ഒരേ പോലെ വെല്ലുവിളി സൃഷ്ടിക്കുന്ന രോഹിണി പ്രണാബ്.

പ്രശസ്ത സാമൂഹിക പ്രവര്‍ത്ത സുനിത കൃഷ്ണന്റെ ജീവിതം സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ടെന്ന് സിനിമയുടെ തുടക്കത്തില്‍ തന്നെ സംവിധായകന്‍ പറയുന്നുണ്ട്. സിനിമയില്‍ പെണ്‍കുട്ടികളുടെ പുനരധിവാസത്തിനായി അര്‍പണ(സുനിത കൃഷ്ണന്റെ പ്രജ്വലയ്ക്ക് സമാനം) എന്ന പേരില്‍ സ്ഥാപനം നടത്തുകയാണ് രോഹിണി.

മനുഷ്യക്കടത്തിന് വേണ്ടി തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടികളെ രക്ഷിക്കാന്‍ പുറപ്പെടുന്ന രോഹിണി പ്രണാബിലൂടെയും നവീന്‍(ധ്യാന്‍ ശ്രീനിവാസ്) ലൂടെയും പെണ്ണുടലിനോടുള്ള നീതിന്യായ വകുപ്പിലെ തലതൊട്ടപ്പന്മാരുടേയും പോലീസുമൊക്കെയടങ്ങുന്ന സമൂഹത്തിന്റെ സമീപനമാണ് സിനിമ പറയുന്നത്.

ചിത്രത്തിലൊരിടത്ത് നവീന്‍ രോഹിണിയോട് ചോദിക്കുന്നുണ്ട്, “എന്റെ അനിയത്തിയെ പിടിച്ചുകൊണ്ടു പോകുന്നത് കണ്ടിട്ടാണ് ഞാനിതിലേക്ക് ഇറങ്ങിത്തിരിച്ചത്. നിങ്ങള്‍ എന്തിനാണ് ഈ വഴി തിരഞ്ഞെടുത്തത്” എന്ന്.

shobanaഅതിന് രോഹിണി നല്‍കുന്ന ഉത്തരം ഓരോ പെണ്‍കുട്ടിക്കും ഇങ്ങനൊയൊരു അവസ്ഥയുണ്ടാകുമ്പോള്‍ സ്വന്തമായതെന്തിനോ നോവുന്നതയാണ് അവര്‍ക്ക് അനുഭവപ്പെടാറ് എന്നാണ്.

കൂടാതെ കണ്ണുണ്ടെങ്കിലും നമ്മെ ബാധിക്കാത്തതൊന്നും നാം കാണാറില്ലെന്നും അവര്‍ പറയുന്നുണ്ട്. ഇതിലൂടെ നമുക്ക് ചുറ്റും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ദിനംപ്രതി നടക്കുമ്പോഴും കണ്ണിന്റെ മുമ്പില്‍ തന്നെ സംഭവിച്ചാലും നമ്മെ ബാധിക്കാത്തതിനെ ഗൗനിക്കേണ്ടതില്ലെന്ന പൊതു നിലപാടിലേക്കാണ് ചിത്രം വെളിച്ചമടിക്കുന്നത്.

മെനു നോക്കി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ലാഘവത്തോടെ തനിക്ക് വേണ്ട പെണ്‍കുട്ടിയെ എവ്വിധം അണിയിച്ചൊരുക്കി മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തണമെന്ന് പറയുന്ന ജഡ്ജിനെയും എങ്ങനെയൊക്കെ പീഡിപ്പിക്കപ്പെട്ടു എന്ന് വിസ്തരിച്ച് പറയാനും അസമയത്ത് ഒറ്റയ്ക്ക് പുറത്തിറങ്ങിയതിനാല്‍ തെറ്റ് മുഴുവന്‍ “അവള്‍”ക്കാണ് എന്നും കുറ്റപ്പെടുത്തുന്ന പോലീസുകാരനുമൊക്കെ തിരക്കഥാകൃത്തിന്റെ ഭാവനാസൃഷ്ടികളല്ല, മറിച്ച് നാട്ടില്‍ നടക്കുന്ന സംഭവങ്ങളുടെ നേര്‍ ചിത്രമാണ്. അങ്ങനെ ഏത് രീതിയില്‍ നോക്കുമ്പോഴും തിര നമ്മുടെ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയാണ്.

പയ്യന്നൂര്‍ കോളേജിലെ വരാന്തയില്‍ നിന്നും നാടും നഗരവും കടന്ന് പരുക്കന്‍ പ്രമേയം കൈകാര്യം ചെയ്യാന്‍ ധൈര്യം കാണിച്ച വിനീതിനെ അഭിനന്ദിക്കുക തന്നെ വേണം. മുമ്പ് ആക്ഷേപ ഹാസ്യ സിനിമകളിലൂടെ ശ്രീനിവാസന്‍ നടത്തിയ സിനിമാ പ്രവര്‍ത്തനത്തില്‍ നിന്നും വ്യത്യസ്തമാണിത്. ആഖ്യാനത്തിലും അവതരണത്തിലും വിനീതിന് സ്വന്തമായ മേല്‍വിലാസമുണ്ട്. ഇനിയും നല്ല ചിത്രങ്ങള്‍ ഈ സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കാം.

രോഹിണിയും നവീനും

ശോഭനയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷം മണിച്ചിത്രത്താഴിലെ ഗംഗയാണെന്നാണ് പൊതുവേ പറയാറ്. അതില്‍ ചെറിയൊരു അഭിപ്രായ വ്യത്യാസമുണ്ട്.

ഗംഗ ശോഭനയുടെ അഭിനയ പ്രാവീണ്യം തെളിയിച്ച ചിത്രം തന്നെയാണ്. 1990 ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത ഇന്നലെ ഒരു ഉദാഹരണം. തിര കണ്ടിറങ്ങിയപ്പോള്‍ അവര്‍ ഒരു മികച്ച നടിയാണെന്നതിന് ഒരു പ്രത്യേക കഥാപാത്രത്തെ എടുത്ത് പറയേണ്ടതില്ല എന്ന് ബോധ്യപ്പെട്ടു.

ഡോ. രോഹിണി പ്രണാബിനെ തന്മയത്വത്തോടെ ശോഭന അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിലെ ധ്യാനിന്റെ പ്രകടനവും മോശമായില്ല. വിനീത് എന്ന നടനേക്കാള്‍ എന്തുകൊണ്ടും നല്ല നടനാണ് ധ്യാന്‍.

ജോമോന്‍.ടി.ജോണിന്റെ സിനിമാട്ടോഗ്രഫിയും മനോഹരം. വിനീത് ശ്രീനിവാസന്‍ സനിമകളിലെ പതിവ് സംഗീത സംവിധായകന്‍ ഷാനും തന്റെ റോള്‍ മോശമാക്കിയില്ല. ഓരോ സിനിമ കഴിയുമ്പോഴും മുന്നോട്ടേക്കാണ് ഇവര്‍ സഞ്ചരിക്കുന്നത് എന്നറിയുന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

തിരയുടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവുമൊക്കെ വരാനുണ്ടെന്നും സിനിമയുടെ തിരക്കഥ അപ്രകാരമാണ് തയ്യാറാക്കിയതെന്നും സംവിധായകന്‍ പറയുന്നത് കേട്ടിരുന്നു.  ഭര്‍ത്താവിന്റെ മരണകാരണം അന്വേഷിക്കാന്‍ പോകുന്ന രോഹിണിയുടെ ക്ലോസ് അപ്പ് ഷോട്ടില്‍ സിനിമ അവസാനിച്ചതോടെ അത് ഉറപ്പായി. വരാനിരിക്കുന്ന ചിത്രങ്ങള്‍ ഇതിലും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന് സാധിക്കട്ടെ.