| Sunday, 16th July 2023, 1:47 pm

ഡബിള്‍ ഹാട്രിക് 🔥, നാല് പന്തില്‍ നാല് വിക്കറ്റ്, അതും ബൗള്‍ഡ് 😮😮; ചരിത്രത്തിലിത് ഏഴാമത്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകത്ത് പുതിയ അധ്യായമെഴുതി തായ്‌ലാന്‍ഡ് വനിതാ ക്രിക്കറ്റ് ടീം. തിപാച്ച പുത്തവോങ്ങിന്റെ (Thipatcha Putthawong) അസാമാന്യ ബൗളിങ് പ്രകടനത്തിന്റെ കരുത്തില്‍ നെതര്‍ലന്‍ഡ്‌സിനെ എട്ട് വിക്കറ്റിന് കീഴടക്കിയാണ് തായ്‌ലാന്‍ഡ് വിജയം കൊയ്തത്.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത തായ്‌ലാന്‍ഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. 30 റണ്‍സ് മുമ്പേ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയാണ് തായ്‌ലാന്‍ഡ് തുടങ്ങിയത്.

എന്നാല്‍ ഓപ്പണര്‍ സ്റ്റെര്‍ കാലിസിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ ഓറഞ്ച് ആര്‍മി പിടിച്ചുകയറാനുള്ള ശ്രമം നടത്തി. തായ്‌ലാന്‍ഡ് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിക്കാനൊരുങ്ങിയ കാലിസിനെ തളയ്ക്കാന്‍ തായ്‌ലാന്‍ഡ് ഗെയിംപ്ലാന്‍ ഒന്നാകെ പൊളിച്ചെഴുതി.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഒരു വശത്ത് കാലിസിനെ നിര്‍ത്തി മറുവശത്തെ ആക്രമിക്കാനായിരുന്നു തായ്‌ലാന്‍ഡ് തന്ത്രം. ആ തന്ത്രം നൂറ് ശതമാനം വിജയിക്കുകയും ചെയ്തു. ഒടുവില്‍ നെതര്‍ലന്‍ഡ്‌സ് 75 റണ്‍സിന് ഓള്‍ ഔട്ടാകുമ്പോള്‍ മറുവശത്ത് 49 പന്തില്‍ നിന്നും 51 റണ്‍സുമായി ഓപ്പണര്‍ കാലിസ് പുറത്താകാതെ നില്‍ക്കുകയായിരുന്നു. കാലിസിനെ മാത്രമാണ് തായ്‌ലന്‍ഡ് ബൗളേഴ്‌സ് ഇരട്ടയക്കം കാണിച്ചത്.

ആകെ വീണ പത്ത് വിക്കറ്റില്‍ അഞ്ച് വിക്കറ്റും വീഴ്ത്തിയത് തായ്‌ലാന്‍ഡിന്റെ ഇടംകയ്യന്‍ സ്പിന്നര്‍ തിപാച്ച പുത്തവോങ് ആയിരുന്നു. ഇതില്‍ നാല് വിക്കറ്റുകളും ഒരു ഓവറിലെ തുടര്‍ച്ചയായ നാല് പന്തുകളിലായിരുന്നു എന്നതാണ് ഏറ്റവും അത്ഭുതപ്പെടുത്തുന്ന വസ്തുത.

18ാം ഓവറിലായിരുന്നു പുത്തവോങ് മാജിക് ക്രിക്കറ്റ് ലോകം കണ്ടത്. 18ാം ഓവറിലെ രണ്ടാം പന്തില്‍ ഫേബ് മോല്‍കെന്‍ബോറിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് പുത്തവോങ് തുടങ്ങിയത്. ശേഷം മിക്കി സ്വില്ലിങ്, ഹന്നാ ലാന്‍ദീര്‍, കരോളിന്‍ ഡി ലാങ് എന്നിവരും പുത്തവോങ്ങിന്റെ സ്പിന്നിന്റെ കരുത്തറിഞ്ഞു.

18ാം ഓവര്‍ എറിയാനെത്തും മുമ്പ് 3 – 0 – 7 – 1 എന്നിങ്ങനെയായിരുന്നു പുത്തവോങ്ങിന്റെ സ്റ്റാറ്റ്‌സ്. എന്നാല്‍ 18ാം ഓവറിന് ശേഷം അത് 3.5 – 0 – 8 – 5 എന്നായി മാറി.

ചരിത്രത്തില്‍ ഇത് ഏഴാം തവണ മാത്രമാണ് ഒരു താരം തുടര്‍ച്ചയായ നാല് പന്തില്‍ വിക്കറ്റ് വീഴ്ത്തുന്നത്, വനിതാ ക്രിക്കറ്റില്‍ ഇത് മൂന്നാം തവണയും.

76 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ തായ്‌ലന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു. പുത്തവോങ് തന്നെയാണ് കളിയിലെ താരം.

നേരത്തെയും പുത്തവോങ് ക്രിക്കറ്റിന്റെ ലൈംലൈറ്റിലെത്തിയിരുന്നു. കംബോഡിയയില്‍ നടന്ന സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഗെയിംസില്‍ തായ്‌ലാന്‍ഡിന് സ്വര്‍ണ മെഡല്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതോടെ മെയ് മാസത്തിലെ ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി മന്‍തായും താരം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Content Highlight: Thipatcha Putthawong picks 4 wickets in 4 balls

We use cookies to give you the best possible experience. Learn more