| Monday, 29th November 2021, 8:37 pm

സുജേ ന്ന് വിളിക്കുന്ന സു ആയപ്പൊഴാ അടി കിട്ട്യേ, ശരിക്കും കരഞ്ഞ് പോയി; 'രതീഷിന്' കിട്ടിയ അടിയുടെ ഓര്‍മയില്‍ അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഈയിടെ ഏറെ ചര്‍ച്ചയായ സിനിമയാണ് ‘തിങ്കളാഴ്ച നിശ്ചയം’. സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തില്‍ കാസര്‍ഗോഡ് പശ്ചാത്തലമാക്കിയെടുത്ത ഈ സിനിമയിലൂടെ കഴിവുറ്റ ഒരുപിടി പുതുമുഖങ്ങളെയാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്.

ചിത്രത്തില്‍ രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കാസര്‍ഗോഡ്കാരന്‍ തന്നെയായ അര്‍ജുന്‍ അശോകന്‍ ആണ്. തന്റെ ആദ്യ ചിത്രമായ തിങ്കളാഴ്ച നിശ്ചയത്തില്‍ സുഹൃത്ത് കൂടിയായ അനഘ നാരായണനൊപ്പം അഭിനയിച്ചതിന്റെ വിശേഷങ്ങള്‍ പറയുകയാണ് ഇപ്പോള്‍ അര്‍ജുന്‍. ചിത്രത്തില്‍ നായികാ കഥാപാത്രമായ സുജയെ അവതരിപ്പിച്ച നടിയാണ് അനഘ.

സെല്ലുലോയ്ഡ് മാഗസിന്‍ ചാനലിന് തിങ്കളാഴ്ച നിശ്ചയം ടീമിനൊപ്പം നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജുന്‍. തനിക്ക് സിനിമയില്‍ അവസരം കിട്ടിയത് അനഘയെ വിളിച്ച് പറഞ്ഞപ്പോഴാണ് അവളും ഇതേ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യം അറിഞ്ഞതെന്നാണ് അര്‍ജുന്‍ പറയുന്നത്.

”സെലക്ട് ആയപ്പൊ ഞാന്‍ അനഘേനെ വിളിച്ചിട്ട് പറഞ്ഞു, എനക്ക് ഇങ്ങനെ ഒരു ഫിലിമില് കിട്ടിയിട്ട്ണ്ട് ന്ന്. പ്ലസ് ടു സമയത്ത് അനഘ എന്റെ ജൂനിയറായിരുന്നു. വിളിച്ചപ്പൊ അനഘ പറഞ്ഞു, അതെയോ എനക്കൂണ്ടെടാ ഞാനൂണ്ട് അയില്, ന്ന്. ഞാന്‍ ഇപ്പൊ അങ്ങോട്ട് പോവാന്‍ നിക്കാന്ന്, കാഞ്ഞങ്ങാട് ണ്ട് ന്ന് പറഞ്ഞു.

എന്നാ നമുക്ക് ഒരുമിച്ച് പോവാം ന്ന് പറഞ്ഞ് ഞാന്‍ അവളെ പിക് ചെയ്ത് രണ്ടാളും ഒരുമിച്ച് പോയി,” അര്‍ജുന്‍ പറഞ്ഞു.

ചിത്രത്തില്‍ നായിക സുജ, കാമുകനായ രതീഷിനെ അടിക്കുന്ന ഒരു രംഗമുണ്ട്. ആ അടി ശരിക്കും കിട്ടിയതാണെന്നും സെറ്റില്‍ വെച്ച് കരഞ്ഞ് പോയെന്നുമാണ് കാമുകനെ അവതരിപ്പിച്ച അര്‍ജുന്‍ പറയുന്നത്.

”അടി ഇതുവരെ കിട്ടീട്ടില്ല എനക്ക്. ആദ്യായിട്ടാ അടി കിട്ടിയത്. നന്നായി കിട്ടി. ശരിക്കും പറഞ്ഞാ അടി കിട്ടും ന്ന് എന്നോട് പറഞ്ഞിട്ടില്ല. ഞാന്‍ വിറക് കൊത്തിക്കൊണ്ടിരിക്കാ, എണീക്കുമ്പൊ സുജേ ന്ന് വിളിക്കണം.

ആ ഒരു സുജേ വിളിക്കുന്ന സു ആയ സമയത്താ അടി കിട്ട്യേ. അടി കൊണ്ടേന് ശേഷം ഫുള്‍ ഫീലായിപ്പോയി. ആള്‍ക്കാര് കൊറേ പേര് നിക്കുന്നുണ്ടായിരുന്നു. ഒന്നാമത് നല്ല അടി തന്നെ കിട്ടി, ശരിക്കും കിട്ടി. കരഞ്ഞ് പോയി ശരിക്കും.

കരഞ്ഞ്, സാറ് വന്ന് പെട്ടെന്ന് കെട്ടിപ്പിടിച്ച്, സെന്ന ചേട്ടന്‍. പിന്നെ എല്ലാരും വന്ന് ഐസ് ഒക്കെ വെച്ച് തന്ന്. ഇവിടെ കവിളില് വിരലടയാളം വന്ന്,” അര്‍ജുന്‍ പറയുന്നു.

വിദേശത്ത് ജോലി ചെയ്യുകയായിരുന്ന താന്‍ സിനിമയ്ക്ക് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയതറിഞ്ഞ് നാട്ടിലേയ്ക്ക് തിരിച്ച് വരികയായിരുന്നെന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

”ഞാന്‍ ഗള്‍ഫിലായിരുന്നു. ഇപ്പൊ വന്നതാണ്. ഒരു മാസമായിട്ടൊ ഉണ്ടായിരുന്നുള്ളൂ പോയിട്ട്. അവിടെ കാല് കുത്തുന്ന ദിവസം ഇവിടെ സെക്കന്റ് ബെസ്റ്റ് ഫിലിമിനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു. പിന്നെ അങ്ങ് നിക്കാന്‍ പറ്റുന്നില്ല,” അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Thinkalazhcha Nishchayam actor Arjun Ashokan shares movie experience

We use cookies to give you the best possible experience. Learn more