|

മറ്റൊരു അര്‍ജുന്‍ അശോകന്‍ ഉള്ളതിനാല്‍ പല ആശയക്കുഴപ്പങ്ങളും ഉണ്ടാകുന്നതായി അറിഞ്ഞു; പേര് മാറ്റുന്നതായി തിങ്കളാഴ്ച നിശ്ചയത്തിലെ രതീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം. പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തി, കാഞ്ഞങ്ങാട് പശ്ചാത്തലമാക്കിയെടുത്ത ചിത്രം ഒരു റിയലസ്റ്റിക് എന്‍ടര്‍ടൈനറെന്ന രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രത്തില്‍ രതീഷ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ തന്റെ പേര് മാറ്റുന്നതായി അറിയിച്ചിരിക്കുകയാണ് രതീഷായി അഭിനയിച്ച അര്‍ജുന്‍ അശോകന്‍.

അര്‍ജുന്‍ അശോകന്‍ എന്നാണ് തന്റെ മുഴുവന്‍ പേരെന്നും എന്നാല്‍ ആ പേരില്‍ മറ്റൊരു നാടന്‍ ഉള്ളതിനാല്‍ താന്‍ മറ്റൊരു പേര് സ്വീകരിക്കുകയാണെന്നുമാണ് അര്‍ജുന്‍ പറയുന്നത്. ‘അര്‍ജുന്‍ പ്രീത്’ എന്നാണ് തന്റെ പുതിയ പേരെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. തിങ്കളാഴ്ച നിശ്ചയത്തിലെ രതീഷിനെ സ്വീകരിക്കുകയും സ്‌നേഹമറിയിക്കുകയും ചെയ്ത എല്ലാവരോടുമുള്ള നന്ദി അറിയിക്കുകയാണെന്നും അര്‍ജുന്‍ പറഞ്ഞു.

അര്‍ജുന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാന്‍ അര്‍ജുന്‍. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ രതീഷ്. രതീഷിനെ സ്വീകരിക്കുകയും സ്‌നേഹമറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. അര്‍ജുന്‍ അശോകന്‍ എന്നായിരുന്നു എന്റെ മുഴുവന്‍ പേര്. മലയാളസിനിമയില്‍ മറ്റൊരു അര്‍ജുന്‍ അശോകന്‍ നിലവിലുള്ളതിനാല്‍ പല ആശയക്കുഴപ്പങ്ങളും ഉണ്ടാകുന്നതായി അറിയാന്‍ കഴിഞ്ഞു. അത്തരം ആശയക്കുഴപ്പങ്ങള്‍ക്കുള്ള സാധ്യത ഒഴിവാക്കാം എന്നതു കൊണ്ട് എന്റെ പേര് ‘അര്‍ജുന്‍ പ്രീത്’ എന്നു മാറ്റിയതായി അറിയിക്കുകയാണ്.

2020-ല്‍ പുറത്തിറങ്ങിയ മനോരമ മ്യൂസിക്കിന്റെ ‘ജാലം’ എന്ന മ്യൂസിക് ആല്‍ബത്തില്‍ കൂടിയാണ് അര്‍ജുന്‍ കലാ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. അതിന് ശേഷമാണ് തിങ്കളാഴ്ച നിശ്ചയത്തിന്റെ ഭാഗമാകുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Thinkalazhcha Nischayam Movie Fame Arjun Ashokan name change