| Monday, 8th November 2021, 11:45 am

ഗിരീഷേട്ടനല്ലേ എന്ന് ചോദിച്ച് പുലര്‍ച്ചെ മൂന്ന് മണിവരെ കോള്‍ വന്നു; തിങ്കളാഴ്ച നിശ്ചയത്തിന്റെ വിശേഷങ്ങളുമായി രഞ്ജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ചെറിയൊരു കാന്‍വാസില്‍, കാഞ്ഞങ്ങാടെന്ന ഗ്രാമത്തില്‍ നടക്കുന്ന ഒരു കഥ പറഞ്ഞ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കല്യാണ നിശ്ചയത്തിന്റെ തലേദിവസം ഒരു വീട്ടില്‍ നടക്കുന്ന കഥയെ വളരെ മനോഹരമായി പകര്‍ത്തിയപ്പോള്‍ അത് മികച്ച ദൃശ്യാനുഭവമായിരുന്നു പ്രേക്ഷകന് സമ്മാനിച്ചത്.

ഇതിനൊപ്പം ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സിനിമയില്‍ അല്‍പ്പം ഹാസ്യം കൈകാര്യം ചെയ്ത ഒരു കഥാപാത്രമായിരുന്നു പന്തലുപണിക്കാരനായ ഗിരീഷേട്ടന്റേത്. നിഷ്‌ക്കളങ്കമായ പ്രണയം മനസില്‍ സൂക്ഷിച്ച് സ്‌നേഹിക്കുന്ന പെണ്ണിന്റെ പിറകെ നടക്കുന്ന ഗിരീഷേട്ടനെ പ്രേക്ഷകനും ഇരുകൈയും നീട്ടി സ്വീകരിച്ചു. രഞ്ജി കാങ്കോല്‍ ആണ് ഗിരീഷേട്ടനായി തിങ്കളാഴ്ച നിശ്ചയത്തിലെത്തിയത്. തന്റെ കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും ഇത്രയും സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗിരീഷ് പറയുന്നത്.

‘രസിപ്പിക്കുന്ന ഒരു കഥാപാത്രമാണ് ഗിരീഷേട്ടന്‍. ഗിരീഷേട്ടന്‍ എല്ലായിടത്തും എത്തിക്കഴിഞ്ഞു. അത് ശരിക്കുമനസ്സിലായത് ഐ.എഫ്.എഫ്.കെയില്‍ സിനിമ ആദ്യമായി കണ്ട സമയത്താണ്. അതുവരെ നമ്മള്‍ ഒരു സീന്‍ ചെയ്യുമ്പോള്‍ സെന്ന സാറും അസോസിയേറ്റ്സുമെല്ലാം സന്തോഷിക്കുന്നുണ്ടെങ്കിലും കൈ തരുന്നുണ്ടെങ്കിലും മൊത്തത്തില്‍ എങ്ങനെ വരും എന്ന് നമുക്കറിയില്ലായിരുന്നു. കഥയുടെ സന്ദര്‍ഭത്തിന് അനുസരിച്ച് ഇതിനെ പ്ലേസ് ചെയ്യുന്ന ഒരു സംഗതിയുണ്ടല്ലോ അതില്‍ എത്തുമ്പോഴാണ് അതിന് ജീവന്‍ വെക്കുന്നത്.

സോണിലൈവില്‍ പത്തുമണിക്കാണ് സിനിമ ഇടുന്നത്. അന്ന് പുലര്‍ച്ചെ മൂന്നുമണി വരെ എനിക്ക് കോളുകളുടെ ബഹളമായിരുന്നു. ഗിരീഷേട്ടനല്ലേ ഗിരീഷേട്ടനല്ലേ എന്ന് ചോദിച്ച്. ‘ക്ലൈമാക്സില്‍ പൈസ എടുത്താല്‍ മാത്രം പോര, ഒരടികൂടെ കൊടുക്കണമായിരുന്നു’എന്നൊക്കെ പറഞ്ഞു ചിലര്‍. ഓരോരുത്തര്‍ സിനിമ കണ്ട് അവരുടേതായ രീതിയിലാണല്ലോ വിലയിരുത്തുക.
അതുപോലെ ജയസൂര്യ വിളിച്ചിരുന്നു. നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. കോമഡി ടൈമിങ് എല്ലാം വളരെ നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഭയങ്കര സന്തോഷം തോന്നി,’ രഞ്ജി പറയുന്നു.

തന്റെ അമ്മാവനും ഒരു പന്തലുപണിക്കാരനായിരുന്നെന്നും അതുകൊണ്ട് തന്നെ അമ്മാവന്റെ ചില രീതികളൊക്കെ താനും ചിത്രത്തില്‍ ചെയ്തിട്ടുണ്ടെന്നും രഞ്ജി പറയുന്നു.

എന്റെ അമ്മാവന്‍ ഒരു പന്തലുപണിക്കാരനാണ്. അമ്മാവന്‍ പണി സാധനങ്ങളെടുത്ത് പോകുന്നതിലും അത് കെട്ടുന്നതിലുമെല്ലാം ഒരു ശൈലിയുണ്ട്. കയറ് കെട്ടിയിട്ട് പുറകിലേക്ക് മറഞ്ഞുനോക്കുന്ന ഒരു നോട്ടം. അതൊക്കെ നമ്മുടെ മനസ്സിലുണ്ട്. പിന്നെ ചിത്രത്തിന്റെ സംവിധായകന്‍ സെന്ന ഹെഗ്ഡെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നു, രഞ്ജി പറയുന്നു.

സിനിമയില്‍ സുജയുടെ പിറകേ ഗിരീഷേട്ടന്‍ കുറേ നടക്കുന്നുണ്ടല്ലോ. ജീവിതത്തിലും സുജയെ പോലെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് എത്രയോ പ്രാവശ്യം ഉണ്ടായിട്ടുണ്ടെന്നായിരുന്നു രഞ്ജിയുടെ മറുപടി.

‘പക്ഷേ ഒരു കാര്യമുണ്ട്. ഞാന്‍ നടന്നത് മാത്രമേയുളളൂ ആരും തിരിച്ചറിഞ്ഞില്ല. അതാണ് ഒരു വിഷയം (ചിരിക്കുന്നു.) സത്യം പറഞ്ഞാല്‍ ഞാന്‍ ഈ ഒരു കാര്യത്തില്‍ കുറച്ച് പിറകിലോട്ടാ. പ്രണയിക്കുന്നതൊന്നും എളുപ്പമല്ല. എനിക്ക് പെട്ടെന്ന് ദേഷ്യം വരും. പഞ്ചാരവാക്കൊക്കെ പറഞ്ഞ് നടക്കാന്‍ എനിക്കെവിടെ സമയം. നാടകം, സിനിമ, ശില്പം, യാത്ര എന്നൊക്കെ പറഞ്ഞ് ഓടി നടക്കുകയാണ് അതിനിടയില്‍ എങ്ങനെയാണ് പ്രണയം.. എനിക്കങ്ങനെ പ്രണയിക്കാനൊന്നും അറിയില്ല, രഞ്ജി പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Thinkalazhcha nischayam fame renji about His role

We use cookies to give you the best possible experience. Learn more