| Tuesday, 11th October 2022, 7:09 pm

നെറ്റിപ്പട്ടം കെട്ടിയ ആനയെ പോലെ മമ്മൂട്ടി; സിനിമയിലെ ഡയലോഗ് പോലുള്ള അവസാന വാക്ക് കേട്ടതോടെ എന്റെ തൊണ്ടയിലെ വെള്ളം വറ്റി: മനോജ് കെ.യു 

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയത്തിൽ കുവൈത്ത് വിജയൻ എന്ന കഥാപാത്രമായെത്തി ശ്രദ്ധേയനായ നടനാണ് മനോജ് കെ.യു. കാഞ്ഞങ്ങാട് സ്ലാങ്ങിലൂടെ കേരളത്തിലെ ഒരു പാട്രിയാർക്കൽ കുടുംബത്തിലെ കുടുംബനാഥനെ വരച്ചുകാണിക്കുന്ന പ്രകടനമായിരുന്നു മനോജ് കെ.യു നടത്തിയത്.

ചിത്രത്തെ കുറിച്ചും തന്റെ പ്രകടനത്തെ കുറിച്ചും മമ്മൂട്ടി പറഞ്ഞ വാക്കുകൾ പങ്കുവെച്ചിരിക്കുകയാണ് മനോജ് കെ.യു. പുതിയ ചിത്രത്തിന്റെ ഡബ്ബിങ്ങിന് വേണ്ടി എറണാകുളത്തെ സ്റ്റുഡിയോയിൽ എത്തിയപ്പോൾ മമ്മൂട്ടിയെ കണ്ടുമുട്ടിയതിനെ കുറിച്ചാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ മനോജ് സംസാരിച്ചത്.

തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു അതെന്ന് മനോജ് പറഞ്ഞു. തിങ്കളാഴ്ച നിശ്ചയം  എന്ന ചിത്രത്തിൽ അഭിനയിച്ച നടനാണെന്ന് പറഞ്ഞ് പരിചപ്പെടുത്താൻ ചെന്നപ്പോഴേക്കും പടത്തെ കുറിച്ചും കുവൈത്ത് വിജയനെ കുറിച്ചും മമ്മൂട്ടി ഇങ്ങോട്ട് ഏറെ സംസാരിച്ചുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നും ഇറങ്ങി മമ്മൂട്ടിയെ കണ്ടപ്പോൾ നെറ്റിപ്പട്ടം കെട്ടിയ ആനയെ പോലെയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”നെറ്റിപട്ടം കെട്ടിയ ആന’ എന്നൊക്കെ പറയാറില്ലെ. അതുപോലെയായിരുന്നു. മമ്മൂട്ടിയെ കണ്ടതും എന്റെ കിളി പോയി. ഞാൻ മെല്ലെ അടുത്ത് ചെന്നു ധൈര്യം സംഭരിച്ച് പറയുവാനൊരുങ്ങി.

‘മമ്മൂക്ക ഞാൻ ‘തിങ്കളാഴ്ച നിശ്ചയം’ പറഞ്ഞ് മുഴുപ്പിക്കാൻ വിടാതെ മമ്മൂക്ക പറഞ്ഞു, ‘ആ മനസ്സിലായി കുവൈത്ത് വിജയൻ, സിനിമയിൽ കണ്ടത് പോലെ അല്ല, കാണാൻ ചെറുപ്പമാണല്ലോ. വിജയനെ പോലെ ചൂടാവുന്ന ആളാണെന്ന് പറയില്ലല്ലോ. എന്താ ബാക്ഗ്രൗണ്ട്, മുമ്പ് അഭിനയിച്ചിട്ടുണ്ടോ?’ എന്നെല്ലാം അദ്ദേഹം ചോദിച്ചു.

ഞാൻ പറഞ്ഞു, തിയേറ്ററാണ് പിന്നെ കുറച്ച് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ ..’ഖസാക്കിന്റെ ഇതിഹാസം” നാടകത്തിലുണ്ടായിരുന്നു. മമ്മൂക്ക ഏറണാകുളത്ത് വെച്ച് നാടകം കണ്ടിരുന്നു. പിന്നീട് നാടകത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയും ചെയ്തു.

ഒടുവിൽ ഞാൻ പറഞ്ഞു ‘മമ്മൂക്ക ഒരു ഫോട്ടോ’. വെളിയിൽ നിന്നെടുക്കാം ഇവിടെ ലൈറ്റ് കുറവാണ് എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ സന്തോഷത്തോടെ മമ്മൂക്ക എനിക്ക് വേണ്ടി ഈ ഫോട്ടോയ്ക്ക് നിന്ന് തന്നു.പോകാനിറങ്ങുമ്പോൾ ‘പ്രിയൻ ഓട്ടത്തിലാണ് ‘ എന്ന സിനിമയിൽ മമ്മൂക്ക പറഞ്ഞത് പോലെ ഒരു ഡയലോഗും, ജോർജെ മനോജിന്റെ നമ്പർ വാങ്ങിച്ചോളൂ ‘ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. തൊണ്ടയിലെ വെള്ളവും വറ്റി. നേരെ ക്യാബിനിൽ ചെന്ന് ഒരു കുപ്പി വെള്ളം മൊത്തം കുടിച്ചു,’ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

പോയ ‘കിളി’ തിരിച്ചുവരാൻ ഒരുപാട് സമയമെടുത്തുന്നു ഈ അനുഭവത്തിന് ശേഷം മമ്മൂട്ടിയോടുള്ള സ്‌നേഹവും ആരാധനയും വീണ്ടും കൂടിയെന്നും പറഞ്ഞുകൊണ്ടാണ് മനോജ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlight: Thinkalazhcha Nischayam fame Manoj K U shares his experience with Mammootty

We use cookies to give you the best possible experience. Learn more