| Saturday, 13th June 2015, 2:22 pm

ക്ഷമ പരീക്ഷണമായി തിങ്കള്‍ മുതല്‍ വെള്ളി വരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫിലിം റിവ്യൂ | സൂരജ്.കെ.ആര്‍


ചിത്രം: തിങ്കള്‍ മുതല്‍ വെള്ളി വരെ
സംവിധാനം: കണ്ണന്‍ താമരക്കുളം
രചന: ദിനേഷ് പള്ളത്ത്
നിര്‍മ്മാണം: ആന്റോ ജോസഫ്
അഭിനേതാക്കള്‍: ജയറാം, റിമി ടോമി, അനൂപ് മേനോന്‍, കെ.പി.എ.സി ലളിത, ജനാര്‍ദ്ദനന്‍, സാജു നവോദയ തുടങ്ങിയവര്‍
സംഗീതം: സനന്ദ് ജോര്‍ജ്
ഛായാഗ്രഹണം: പ്രദീപ് നായര്‍

ജയറാം എന്ന നടന്റെ ഏതെങ്കിലും ഒരു പടം ഒരാഴ്ച്ചയെങ്കിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചിട്ട് കാലങ്ങളായി. പാലക്കാടന്‍ ഭാഷ മുതല്‍ തമിഴ് വരെ പറഞ്ഞു നോക്കിയിട്ടും, ഷാജി കൈലാസ് വരെയുള്ള സംവിധായകരുമായി കൂട്ടുകൂടിയിട്ടും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സമ്പൂര്‍ണ്ണ നിരാശയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

ഈ പരാജയങ്ങളുടെ കേട് തീര്‍ക്കാനാണ് തമിഴില്‍ “സൂരിയാടല്‍” എന്ന ചിത്രം സംവിധാനം ചെയ്ത താമരക്കണ്ണന്റെ അഥവാ കണ്ണന്‍ താമരക്കുളത്തിന്റെ ആദ്യ മലയാള ചിത്രമായ തിങ്കള്‍ മുതല്‍ വെള്ളി വരെയിലെ ജയദേവന്‍ ചുങ്കത്തറയായി ജയറാം വീണ്ടും എത്തുന്നത്. കൂട്ടിന് റിമി ടോമിയും. എന്നാല്‍ അടുത്ത വെള്ളി വരെയെങ്കിലും ഈ ചിത്രം തിയേറ്ററില്‍ ഉണ്ടാകുമോ എന്ന് കണ്ടു തന്നെ അറിയണം.

ജയദേവന്‍ ചുങ്കത്തറ എന്ന പ്രശസ്ത സീരിയല്‍ തിരക്കഥാകൃത്ത്. ടാം റേറ്റിങ്ങില്‍ ഒന്നും രണ്ടും മൂന്നുംസ്ഥാനങ്ങളില്‍ നില്‍ക്കുന്ന മൂന്നു സീരിയലുകളും മലയാളമങ്കമാരുടെ മനത്തുടിപ്പറിയാവുന്ന ഈ അനുഗ്രഹീത കലാകാരന്റെ തൂലികയില്‍ നിന്നും തല്‍സമയം ഉതിര്‍ന്നു വീണു കൊണ്ടിരിക്കുന്നവയാണ്.

ഇദ്ദേഹത്തോട് ആരാധന മൂത്ത് ആര്‍ത്തി കേറി കല്ല്യാണം കഴിക്കുന്ന പുഷ്പകവല്ലി, താനെഴുതിയ സീരിയലുകളിലെ അഹങ്കാരികളായ സ്ത്രീകളെ പോലെ ജയദേവന്റെ ജീവിതത്തിലും ഇടപെടുമ്പോള്‍ സംഭവിക്കുന്ന പൈങ്കിളിക്കഥയുടെ വിരസവും പലപ്പോഴും അസഹനീയവുമായ ഇളിച്ചുകാട്ടലുമാണ് രണ്ടേകാല്‍ മണിക്കൂര്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന ഈ ചിത്രം.


ഫൈവ്സ്റ്റാറിന്റെ പരസ്യത്തിലെ രമേഷിനെയും സുരേഷിനെയും മുതല്‍ ബാലരമയിലെ കുട്ടൂസനെ വരെ തിരുകിക്കയറ്റിയിട്ടുണ്ട് പലയിടങ്ങളിലായി ദിനേശ്. ഭാര്യയും അമ്മയും ജോലിക്കാരനുമടക്കം അര ഡസന്‍ ഒളിഞ്ഞു നോട്ടക്കാരെയും സംശയരോഗികളെയെങ്കിലും കാണാനാകും ഈ സിനിമയില്‍.


മലയാളത്തിലെ മെഗാസീരിയലുകളോടുള്ള പരിഹാസമായി ആദ്യ കാഴ്ചയില്‍ തോന്നാമെങ്കിലും സീരിയലുകള്‍ പോലെ തന്നെ അല്ലെങ്കില്‍ അവയേക്കാള്‍ അപഹാസ്യമായ ഒരു സൃഷ്ടിയായി മാറുന്നു ഈ ആഴ്ചക്കളി. ഒരു പിടി സീരിയല്‍ താരങ്ങളെയും സംവിധായകരെയും അവരവരായി തന്നെ ക്യാമറയ്ക്ക് മുമ്പില്‍ കൊണ്ടു വരുന്ന ചിത്രം ഒന്നും പോരാഞ്ഞ് ഒരു പ്രേതത്തെ കൂട്ടു പിടിച്ചുകൊണ്ടു വരുന്ന ട്വിസ്റ്റിനായുള്ള പരക്കം പാച്ചില്‍ കൂടിയാവുമ്പോഴേക്കും താന്‍ എന്താണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് സംവിധായകനു പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായി തീരുന്നു.

എന്നാല്‍ സിനിമയ്ക്കുള്ളിലെ സീരിയല്‍ രംഗങ്ങളുടെ ചിത്രീകരണം കണ്ടാല്‍ ഈ സംവിധായകന് പറ്റിയ പണി സീരിയല്‍ പിടുത്തമാണെന്ന് ആരും പറഞ്ഞു പോകും. ഇത്രയും അസംബന്ധങ്ങളാല്‍ കെട്ടിയിടപ്പെട്ട തിരക്കഥയിലൂടെ വീണ്ടും ഒരു പരാജയമായി മാറുകയാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മോശം പടങ്ങളിലൊന്നായ വില്ലാളിവീരന്റെ രചയിതാവ് കൂടിയായ ദിനേശ് പള്ളത്ത്.

ഫൈവ്സ്റ്റാറിന്റെ പരസ്യത്തിലെ രമേഷിനെയും സുരേഷിനെയും മുതല്‍ ബാലരമയിലെ കുട്ടൂസനെ വരെ തിരുകിക്കയറ്റിയിട്ടുണ്ട് പലയിടങ്ങളിലായി ദിനേശ്. ഭാര്യയും അമ്മയും ജോലിക്കാരനുമടക്കം അര ഡസന്‍ ഒളിഞ്ഞു നോട്ടക്കാരെയും സംശയരോഗികളെയെങ്കിലും കാണാനാകും ഈ സിനിമയില്‍.

ഒന്നുകില്‍ സുശീല അല്ലെങ്കില്‍ താടക എന്ന രീതിയിലാണ് സ്ത്രീ കഥാപാത്രങ്ങളുടെ നിര്‍മ്മിതി. ഒപ്പം എല്ലാ സ്ത്രീകളും സീരിയലുകള്‍ കണ്ട് മയങ്ങുന്നവരാണെന്നുള്ള ഒരു “മഹാസിദ്ധാന്തവും” ഇടയ്ക്കിടെ പുരുഷകഥാപാത്രങ്ങളെക്കൊണ്ട് പറയിക്കുന്നുണ്ട് കണ്ണന്‍ താമരക്കുളം.


മലയാളത്തിലെ മെഗാസീരിയലുകളോടുള്ള പരിഹാസമായി ആദ്യ കാഴ്ചയില്‍ തോന്നാമെങ്കിലും സീരിയലുകള്‍ പോലെ തന്നെ അല്ലെങ്കില്‍ അവയേക്കാള്‍ അപഹാസ്യമായ ഒരു സൃഷ്ടിയായി മാറുന്നു ഈ ആഴ്ചക്കളി.


റിമി ടോമി അവതരിപ്പിക്കുന്ന പുഷ്പകവല്ലി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് സാക്ഷാല്‍ റിമി ടോമിയെ തന്നെ മനസില്‍ കണ്ടുകൊണ്ടല്ലേ എന്ന് ആര്‍ക്കും തോന്നാം. പേരു മാറിയ റിമി ടോമി തന്നെയാണ് ഭാവങ്ങളിലും ചലനങ്ങളിലും വരെ പുഷ്പകവല്ലി.

ജയറാമിന്റെ ജയദേവന്‍ ഒരു സ്ഥിരം ജയറാം വേഷമായി ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്നുണ്ട്. തിരുവനന്തപുരം ഭാഷയുടെ ബാധ കേറിയ അനൂപ് മേനോന്‍ തന്നാലാവും വിധം വിജയാനന്ദ് എന്ന കഥാപാത്രത്തെ മോശമാക്കി

എന്തിനെന്നു പോലും അറിയാതെ കാണുന്ന  സീനുകളിലെല്ലാം തന്നെ നെടുനീളന്‍ വളിപ്പുകള്‍ പറഞ്ഞു കൊണ്ട് സാജു നവോദയയും അക്കാര്യത്തില്‍ അനൂപ് മേനോനോട് മല്‍സരിക്കുന്നുണ്ട്. എന്നാല്‍ സ്ഥിരം ഉപദേശകസുഹൃത്തിന്റെ വേഷമാണ് ഒരിക്കല്‍ കൂടി കിട്ടിയതെങ്കിലും ഗണേഷ് തന്റെ കഥാപാത്രത്തെ തന്മയത്വത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്. കെ.പി.എ.സി ലളിതയും ജനാര്‍ദ്ദനനും മടുപ്പിക്കുന്നില്ല.

പതിവ് നിലവാരത്തിലേക്ക് ഉയരുന്നില്ലെങ്കിലും ബിജിബാലിന്റെ പശ്ചാത്തലസംഗീതം മുഷിപ്പിക്കുന്നില്ല. എന്നാല്‍ സാനന്ദ് ജോര്‍ജിന്റെ ഈണങ്ങള്‍ ഒരു മൂളിപ്പാട്ടായി പോലും മനസിലേക്ക് കടന്നു വരുന്നില്ല. സിനിമാറ്റോഗ്രാഫിയിലും എഡിറ്റിങ്ങിലും പറയത്തക്ക മേന്മകളൊന്നും എടുത്തു കാട്ടാന്‍ ഇല്ല.

ദൂരക്കാഴ്ച്ചകളിലെങ്ങോ സമകാലിക കേരളീയ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ തിരയാന്‍ ബോധപൂര്‍വമോ അല്ലാതെയോ സംവിധായകന്‍ നടത്തുന്ന ശ്രമങ്ങളെ കാണാതെ പോകുന്നില്ല. എന്നാല്‍ പോലും നായുമല്ല നരിയുമല്ല എന്ന് പറഞ്ഞ പോലെ സീരിയലും സിനിമയും അല്ലാതെ രണ്ടു രണ്ടര മണിക്കൂര്‍ തീര്‍ന്നു കിട്ടിയാല്‍ ഒരാഴ്ച ജയിലില്‍ കിടന്ന് പുറത്തിറങ്ങുന്ന സുഖം തരും ഈ തിങ്കള്‍ മുതല്‍ വെള്ളി വരെ.

We use cookies to give you the best possible experience. Learn more