ജയ് ഷായ്ക്കു പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകന്റെ കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി ദ വയര്‍
India
ജയ് ഷായ്ക്കു പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകന്റെ കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി ദ വയര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th November 2017, 9:43 am

ന്യൂദല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകന്‍ ശൗര്യ മുഖ്യ നടത്തിപ്പുകാരനും കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ഡയറക്ടര്‍മാരുമായ കമ്പനിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ദ വയര്‍. സര്‍ക്കാറുമായി ഇടപാടുകളുള്ള വിദേശ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ ഇതേ കമ്പനിക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന കണ്ടെത്തലാണ് ദ വയര്‍ പുറത്തുവിട്ടത്.

ശൗര്യ ദയാല്‍ നടത്തുന്ന ഇന്ത്യന്‍ ഫൗണ്ടേഷന്‍ എന്ന കമ്പനിയ്‌ക്കെതിരെയാണ് ദ വയറിന്റെ ആരോപണം. ഇന്ത്യ ആയുധ ഇടപാടുകള്‍ അടക്കം നടത്തുന്ന കമ്പനികളില്‍ നിന്നും സുരക്ഷാ ഉപദേഷ്ടാവിന്റെ മകന്‍ ഇത്തരത്തില്‍ സാമ്പത്തിക പിന്തുണ സ്വീകരിക്കുന്നത് കോണ്‍ഫ്‌ളിറ്റ് ഓഫ് ഇന്ററസ്റ്റിന് (conflict of interest) വഴിവെക്കുമെന്നാണ് ദ വയര്‍ മുന്നോട്ടുവെക്കുന്ന പ്രധാന പ്രശ്‌നം.

ബി.ജെ.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് വാരാണസിയും അജിത് ശൗര്യ ദോവലും ചേര്‍ന്നു നടത്തുന്ന ഈ സ്ഥാപനത്തില്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാറാം, വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു എന്നിവരും മന്ത്രിമാരായ ജയന്ത് സിന്‍ഹ, എം.ജെ അക്ബര്‍ എന്നിവരും ഡയറക്ടര്‍മാരാണ്. ഈ നാലുമന്ത്രിമാരും, പ്രധാനമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുള്ള അജിത് ദോവലിന്റെ മകനായ ശൗര്യ ദോവലും ചേര്‍ന്നാണ് ഇന്ത്യാ ഫൗണ്ടേഷനെ ഇത്രയും വലിയ ഒരു സ്ഥാപനമാക്കിയതെന്നാണ് ദ വയര്‍ സ്ഥാപിക്കുന്നത്.

ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്‌ണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്പ്‌മെന്റ് (OECD) രാജ്യങ്ങള്‍ക്കും ഏഷ്യന്‍ വിക്വസര രാജ്യങ്ങള്‍ക്കും ഇടയില്‍ മൂലധന നിക്ഷേപങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജെമിനി ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് എന്ന കമ്പനിയുടെ ഡയറക്ടര്‍ കൂടിയാണ് ശൗര്യ ദോവല്‍. അങ്ങനെയുള്ള ശൗര്യ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആയി നിലനില്‍ക്കുന്നതും ഇന്ത്യ ഫൗണ്ടേഷന്റെ അവ്യക്തമായ സാമ്പത്തിക ഇടപാടുകളും ഡയറക്ടര്‍മാരായി മുതിര്‍ന്ന മന്ത്രിമാരുടെ സാന്നിധ്യവുമെല്ലാം കോണ്‍ഫ്‌ളിറ്റ് ഓഫ് ഇന്ററസ്റ്റിനും ലോബീയിങ്ങിനും വഴിവെക്കുമെന്ന പ്രശ്‌നമാണ് ദ വയര്‍ ഉയര്‍ത്തുന്നത്.


Also Read: ഗുജറാത്ത് വോട്ടെടുപ്പില്‍ ബി.ജെ.പി ക്രമക്കേട് നടത്തുമെന്ന് ഉറപ്പാണ്; 3550 വി.വിപാറ്റുകളാണ് പരിശോധനയില്‍ പരാജയപ്പെട്ടതെന്നും ഹാര്‍ദിക് പട്ടേല്‍


ഡയറക്ടര്‍ ബോര്‍ഡില്‍ മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിരുന്നിട്ടും ഈ സ്ഥാപനം ഇതിന്റെ വരുമാന ശ്രോതസ്സ് എതാണെന്ന് വ്യക്തമാക്കുന്നില്ല. ഇക്കാര്യം ആരാഞ്ഞ് ഡയറക്ടര്‍മാരെ സമീപിച്ചപ്പോള്‍ മന്ത്രിമാരെല്ലാം മൗനം പാലിക്കുകയാണ് ചെയ്തതെന്ന് ദ വയര്‍ പറയുന്നു. “പറയേണ്ടയാള്‍ പറയും” എന്നാണ് രാം മാധവ് വാരാണസി പറഞ്ഞതെങ്കിലും ആരും ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് ദ വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോണ്‍ഫറന്‍സ്, പരസ്യങ്ങള്‍, ജേണല്‍ എന്നിവയാണ് വരുമാന ശ്രോതസുകള്‍ എന്നാണ് ശൗര്യ ദോവല്‍ പറഞ്ഞത്. എന്നാല്‍ ദല്‍ഹിയിലെ ലുതിയന്‍സിലെ ഹെയ്‌ലി റോഡിലുള്ള ആഢംബര കെട്ടിടത്തിന്റെ വാടകയുള്‍പ്പെടെയുള്ള നിത്യചിലവുകള്‍ക്ക് എവിടെ നിന്നാണ് പണം എന്നതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹവും മൗനം പാലിക്കുകയാണുണ്ടായതെന്ന് ദ വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഫൗണ്ടേഷന്‍ നടത്തിയ രണ്ടു പരിപാടികളില്‍ സ്‌പോണ്‍സര്‍മാരുടെ പേരുകള്‍ ഫോട്ടോഗ്രാഫുകളില്‍ കാണാം. ഇതില്‍ വിദേശ പ്രതിരോധ വ്യോമയാന കമ്പനികളായ ബോയിങ്, ഇസ്രഈലി സ്ഥാപനം മഗള്‍ തുടങ്ങിയവയും ഡി.ബി.എസ് പോലുള്ള ബാങ്കുകളും നിരവധി ഇന്ത്യന്‍ കമ്പനികളുമുണ്ട്. ഇവര്‍ എത്ര പണം നല്‍കിയതെന്നോ ഇന്ത്യന്‍ ഫൗണ്ടേഷനാണോ അതോ പാട്‌നര്‍മാര്‍ക്കാണോ നല്‍കിയതെന്നതു സംബന്ധിച്ചോ ഒരു വിവരവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ കാലത്ത് എയര്‍ക്രാഫ്റ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന കമ്പനിയാണ് ബോയിങ്. 70000 കോടി വിലയില്‍ 111 എയര്‍ക്രാഫ്റ്റുകള്‍ വാങ്ങിയത് ഈ കമ്പനിക്ക് നേട്ടമുണ്ടാക്കിയെന്നും ഇത് രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു ആരോപണം ഉയര്‍ന്നത്. ഈ ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രി ഡയറക്ടര്‍ ആയ ഒരു സ്ഥാപനം ബോയിങ് കമ്പനിയില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുന്നത്.

2009 മുതലാണ് ഇന്ത്യാ ഫൗണ്ടേഷന്‍ നിലവില്‍ വന്നത്. അന്ന് കേരളത്തിലെ മുസ്‌ലിം തീവ്രവാദം, ആദിവാസികള്‍ക്കിടയിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ തയ്യാറാക്കിക്കൊണ്ട് ചെറിയ രീതിയില്‍ മുന്നോട്ടുപോയിരുന്ന ഈ സംഘടന 2014നുശേഷം ആരെയും ഞെട്ടിക്കുന്ന വളര്‍ച്ചയാണ് നേടിയതെന്നാണ് ദ വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.