national news
'ആലോചിച്ച് സംസാരിക്കൂ,' പെരിയാറിനെതിരയുള്ള പരാമര്‍ശത്തില്‍ രജനീകാന്തിനെ വിമര്‍ശിച്ച് സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 21, 04:20 pm
Tuesday, 21st January 2020, 9:50 pm

ചെന്നൈ: തമിഴ് നവോത്ഥാന നായകനായ പെരിയാര്‍ ഇ.വി രാമസ്വാമിക്കെതിരെ രജനീകാന്ത് നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍.

‘ എന്റെ സുഹൃത്ത് രജനീകാന്ത് ഒരു രാഷ്ട്രീയക്കാരനല്ല. പെരിയാറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആലോചിച്ച ശേഷം മാത്രം സംസാരിക്കുക. 95 വയസ്സുവരെ ജീവിച്ച പെരിയാര്‍ തമിഴ് വംശത്തിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

പെരിയാറിനെ വിമര്‍ശിച്ചു കൊണ്ടുള്ള രജനീകാന്തിന്റെ പോസ്റ്റ് തമിഴ്‌നാട്ടില്‍ വന്‍വിവാദമായ സാഹചര്യത്തിലാണ് സ്റ്റാലിന്റെ പ്രസ്താവന.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തമിഴ് മാസികയായ തുഗ്ലക്കിന്റെ 50ാം വാര്‍ഷികാഘോഷ വേളയിലായിരുന്നു രജനിയുടെ വിവാദ പരാമര്‍ശം. ജനുവരി 14 ന് നടന്ന പരിപാടിയില്‍ ആര്‍.എസ്.എസ് അനുഭാവിയും തുഗ്ലക്ക് സ്ഥാപകനും എഡിറ്ററുമായിരുന്ന ചൊ രാമസ്വാമിയെ പുകഴ്ത്തിയും പെരിയാറിനെ വിമര്‍ശിച്ചുമായിരുന്നു രജനിയുടെ പ്രസംഗം.

1971 ല്‍ സേലത്ത് അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ പെരിയാര്‍ നടത്തിയ റാലിയില്‍ ചെരുപ്പുമാലയണിയിച്ച് രാമന്റെയും സീതയുടെയും നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു മാധ്യമവും ആ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല, പക്ഷെ ചൊ രാമസ്വാമി പ്രസിദ്ധീകരിച്ചു,’ എന്നായിരുന്നു രജനിയുടെ വാക്കുകള്‍.
പെരിയാര്‍ സ്ഥാപിച്ച പാര്‍ട്ടിയായ ദ്രാവിഡ വിടുതലൈ കഴകം വിഷയത്തില്‍ മാപ്പു പറയാന്‍ ആവശ്യപ്പെട്ടെങ്കിലും രജനി തയ്യാറായില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പെരിയാറിനെതിരെയുള്ള പരാമര്‍ശത്തില്‍ മാപ്പു പറയില്ല. ഞാന്‍ വായിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു രജനി ഇതിനോട് പ്രതികരിച്ചത്. വിദ്വേഷ പ്രസ്താവന, സമൂഹത്തില്‍ ശത്രുത വളര്‍ത്തുക എന്നിങ്ങനെ രണ്ടു കേസുകള്‍ ദ്രാവിഡ വിടുതലൈ കഴകം രജനീകാന്തിനെതിരെ നല്‍കിയിട്ടുണ്ട്.