സൗദി തോറ്റപ്പോഴും പണി കിട്ടിയത് അര്‍ജന്റീനക്ക്; ഇനി അല്‍പം കടുപ്പം
Football
സൗദി തോറ്റപ്പോഴും പണി കിട്ടിയത് അര്‍ജന്റീനക്ക്; ഇനി അല്‍പം കടുപ്പം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th November 2022, 9:24 pm

ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ അര്‍ജന്റീനക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാകും. പോളണ്ടിനെതിരായ മത്സരത്തില്‍ സൗദി അറേബ്യ പരാജയപ്പെട്ടതോടെയാണ് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കാന്‍ മെസിയുടെ അര്‍ജന്റീന നിര്‍ബന്ധിതരായത്. ഒരു മത്സരം സമനില വഴങ്ങിയാലും ടീം പ്രയാസപ്പെടും.

ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തില്‍ പോളണ്ടിനെ നേരിടാനെത്തിയ
സൗദി അറേബ്യ രണ്ട് ഗോളിന്റെ പരാജയാണ് ഏറ്റുവാങ്ങിയത്. 39ാം മിനിറ്റില്‍ പിയോറ്റര്‍ സിയെലിന്‍സ്‌കിയും 82ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുമാണ് പോളണ്ടിനായി വലകുലുക്കിയത്.

മത്സരത്തില്‍ സൗദി നല്ല കളി കാഴ്ചവെച്ചെങ്കിലും പോളണ്ട് ഗോള്‍കീപ്പര്‍ വോയ്സിയെച്ച് സെസ്നിയുടെ മികച്ച പ്രകടനം തിരിച്ചടിയായി. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ആദ്യ ലോകകപ്പ് ഗോളിനും മത്സരം സാക്ഷിയായി.

ഇതോടെ കളിച്ച രണ്ട് മത്സരങ്ങളില്‍ ഒരു വിജയവും ഒരു സമനിലയുമായി പോളണ്ട് ഗ്രൂപ്പില്‍ ഒന്നാമതാണ്. പോളണ്ടിനോട് തോറ്റെങ്കിലും ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ പരാജപ്പെടുത്തിയതിന്റെ മികവില്‍ മൂന്ന് പോയിന്റുള്ള സൗദി ഇപ്പോഴും രണ്ടാമതുണ്ട്. ഞായറാഴ്ച നടക്കുന്ന മെക്‌സിക്കോ- അര്‍ജന്റീന മത്സരം പൂര്‍ത്തിയാകുന്നതോടെ ഈ ഗ്രൂപ്പിന്റെ ഏകദേശ ചിത്രം തെളിയും.

36 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായി വിശ്വകിരീടം നേടാന്‍ ഖത്തറിലെത്തിയ അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വിയാണ് ആദ്യ മത്സരം സമ്മാനിച്ചത്. സൗദി അറേബ്യക്കെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ അര്‍ജന്റീന ടീമില്‍ വലിയ അഴിച്ചുപണി നടത്തിയാകും മെക്‌സിക്കോയെ നേരിടാനെത്തുക.

മറുവശത്ത് ആദ്യ മത്സരത്തില്‍ പോളണ്ടിനെ സമനിലയില്‍ കുരുക്കിയതിന്റെ ആത്മവിശ്വാസം മെക്‌സിക്കോക്ക് ഉണ്ട്. ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ ഒച്ചാവോയുടെ കരുത്താണ് മെക്‌സിക്കോയുടെ പ്രതീക്ഷ. പോളണ്ടിനെതിരെ ലെവന്‍ഡോസ്‌കിയുടെ പെനാള്‍ട്ടി സേവടക്കം മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.