Film News
ഇത് നമ്മുടെ പഴയ മമ്മൂട്ടിയല്ലേ; 19 വര്‍ഷങ്ങള്‍ക്ക് ശേഷം മൂസയെ അമ്പരിപ്പിച്ച കാഴ്ചകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 12, 01:03 pm
Saturday, 12th November 2022, 6:33 pm

19 വര്‍ഷം പാകിസ്ഥാനിലെ ജയില്‍ വാസത്തിന് ശേഷം ഇന്ത്യയിലേക്ക് വരുന്ന പട്ടാളക്കാരന്റെ കഥയാണ് മേ ഹൂം മൂസ പറയുന്നത്. മരിച്ചുപോയി എന്ന് വിശ്വസിച്ചിരുന്ന നാട്ടുകാരും വീട്ടുകാരും മൂസയെ കണ്ട് അന്തംവിടുകയാണ്.

19 വര്‍ഷത്തിനിടക്ക് മനസിലാകാത്തതും ഉള്‍ക്കൊള്ളാനാവാത്തതുമായ നിരവധി മാറ്റങ്ങളാണ് തന്റെ കുടുംബത്തിലും നാട്ടിലും മൂസ കാണുന്നത്. ഷാപ്പിലിരുന്നു കള്ള് കുടിക്കുമ്പോള്‍ ടി.വിയില്‍ മമ്മൂട്ടിയെ കണ്ടാണ് ആദ്യം മൂസ ഞെട്ടുന്നത്. ഇത് നമ്മുടെ പഴയ മമ്മൂട്ടി അല്ലേ എന്നാണ് അയാള്‍ ചോദിക്കുന്നത്. ഇവിടെ മാറ്റമില്ലാത്തത് രണ്ടാള്‍ക്കാണ്, ഒന്ന് മമ്മൂട്ടിക്കും രണ്ട് ബോബനും മോളിക്കും എന്നാണ് ഇത് കേട്ട് ഒരാള്‍ പറയുന്നത്.

പിന്നെ മൂസയെ അത്ഭുതപ്പെടുത്തുന്നത് ഫോണും ആധാര്‍ കാര്‍ഡുമാണ്. കീ പാഡ് ഫോണ്‍ കണ്ടിട്ട് തന്നെ മൂസ അമ്പരക്കുന്നുണ്ട്. ഓരോ ഫോണിനും 10 നമ്പരുണ്ടെന്നും അത് ഉപയോഗിച്ചാല്‍ എത്ര ദൂരത്തുള്ളവരോടും സംസാരിക്കാമെന്നുമുള്ളത് മൂസക്ക് പുതിയ അറിവാണ്. 19 വര്‍ഷത്തിനിടക്ക് ഒരു മിസ്‌കോളെങ്കിലും അടിക്കാമായിരുന്നില്ലേ എന്ന് ഭാര്യ ചോദിക്കുമ്പോള്‍ അയാള്‍ക്കൊന്നും മനസിലാവുന്നില്ല.

കീ പാഡ് ഫോണിന്റെ വികസിതരൂപമായ ടച്ചിന്റെ ഫോണുണ്ടെന്നും അതിലൂടെ മുഖം കണ്ടുകൊണ്ടും സംസാരിക്കാമെന്നറിയുമ്പോള്‍ മൂസയുടെ അമ്പരപ്പ് കൂടുകയാണ്. അതുപോലെ ആധാര്‍ കാര്‍ഡ് ചോദിക്കുമ്പോഴും ആധാരം വീട്ടിലാണെന്നാണ് മൂസയുടെ മറുപടി.

പുതിയ ലോകത്തോടുള്ള മൂസയുടെ അമ്പരപ്പും ഓരോന്നും അറിയാനുള്ള ജിജ്ഞാസയുമൊക്കെ പ്രേക്ഷകനെ കൂടുതല്‍ രസിപ്പിക്കുന്നതാണ്. മൂസയെ മനോഹരമായാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. മസില്‍ പിടിച്ച് സീരിയസ് കഥാപാത്രങ്ങളില്‍ പ്രേക്ഷകര്‍ കണ്ട സുരേഷ് ഗോപി കാപട്യമില്ലാത്ത നിഷ്കളങ്കനായ ഒരു നാട്ടിന്‍പുറത്തുകാരനായി എത്തിയത് പ്രേക്ഷകര്‍ക്കും പുതുമയായി.

നേരത്തെ തെങ്കാശി പട്ടണം പോലെയുള്ള സിനിമകളില്‍ സ്ഥിരം ഇമേജില്‍ നിന്നും മാറി സുരേഷ് ഗോപി എത്തിയിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ മാറ്റിനിര്‍ത്താവുന്ന ഒരു കഥാപാത്രമാണ് മൂസ.

അതേസമയം ചിത്രത്തിലെ റേപ് ജോക്കിനെതിരെയും ഇസ്‌ലാമോഫോബിക് ഡയലോഗുകള്‍ക്കെതിരെയും വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Content Highlight: things that make mossa amazed after 19 years