യുണൈറ്റഡിന്റെ കെട്ടകാലം കഴിഞ്ഞു; പുതിയ തന്ത്രങ്ങളുമായി സൂപ്പര്‍ കോച്ച്; ആരാധകര്‍ക്കിനി ആശ്വാസം
Football
യുണൈറ്റഡിന്റെ കെട്ടകാലം കഴിഞ്ഞു; പുതിയ തന്ത്രങ്ങളുമായി സൂപ്പര്‍ കോച്ച്; ആരാധകര്‍ക്കിനി ആശ്വാസം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th October 2022, 2:02 pm

വ്യാഴാഴ്ച യൂറോപ്പ ലീഗില്‍ നടന്ന മത്സരത്തില്‍ ഷെറീഫിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

ഇതോടെ ദീര്‍ഘ നാളത്തെ കോലാഹലങ്ങള്‍ക്ക് ശേഷം പൂര്‍വ സ്ഥിതിയിലേക്കെത്തിയിരിക്കുകയാണ് ടീം.

ഈ സീസണില്‍ നിരവധി വിവാദങ്ങള്‍ക്കാണ് ടീം യുണൈറ്റഡ് വഴിയൊരുക്കിയത്. അതിലെടുത്തു പറയാനുള്ളത് കോച്ച് എറിക് ടെന്‍ ഹാഗ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തുടര്‍ച്ചയായി മത്സരങ്ങളില്‍ നിന്ന് പുറത്താക്കുന്നതാണ്.

തുടര്‍ന്ന് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമുമായി നടന്ന മത്സരത്തിനിടെ താരം കളം വിട്ടിറങ്ങിപ്പോയത് കൂടതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു. ടോട്ടന്‍ഹാമുമായി നടന്ന മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ റോണോ ഡ്രസിങ് റൂമിലേക്ക് മടങ്ങിയതാണ് വലിയ വിവാദമായത്.

മത്സരം കീഴടക്കിയ ആഹ്‌ളാദത്തിനിടയിലും യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ് റൊണാള്‍ഡോക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

രണ്ടാഴ്ചത്തെ വേതനം റദ്ദാക്കുകയും ടീമിലെ എല്ലാ അംഗങ്ങളോടും മാപ്പ് പറയണമെന്നുമായിരുന്നു ടെന്‍ഹാഗ് റോണോയോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ തൊട്ടടുത്ത ദിവസം നടക്കാനിരുന്ന ചെല്‍സിക്കെതിരായ മത്സരത്തിന്റെ സ്‌ക്വാഡില്‍ നിന്ന് റൊണാള്‍ഡോയെ പുറത്താക്കിക്കൊണ്ടുള്ള നടപടിയാണ് പിന്നീടുണ്ടായത്.

അടുത്ത സമ്മര്‍ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിടാനൊരുങ്ങിയ റൊണാള്‍ഡോയെ പിടിച്ച് വെച്ചിരുന്ന യുണൈറ്റഡ് അദ്ദേഹത്തിന് താത്പര്യമാണെങ്കില്‍ പറഞ്ഞയക്കാം എന്നുമായി.

സംഭവത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ റൊണാള്‍ഡോ തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ സോഷ്യല്‍ മീഡിയയിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും ടെന്‍ ഹാഗിന്റെ പുതിയ തീരുമാനങ്ങളെ കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല.

അടുത്ത ദിവസങ്ങളില്‍ റൊണാള്‍ഡോ സഹതാരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും ഷെറീഫുമായുള്ള മത്സരത്തില്‍ ആദ്യ ഇലവനില്‍ താരത്തെ കണ്ടപ്പോഴാണ് ആരാധകര്‍ക്ക് ശ്വാസം നേരം വീണത്.

ഇന്നലെ നടന്ന മത്സരത്തില്‍ യുണൈറ്റഡ് നേടിയ മൂന്ന് ഗോളുകളില്‍ ഒന്ന് റൊണാള്‍ഡോയുടേതാണ്. മത്സരത്തില്‍ ഡിയോഗോ ഡാലറ്റും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ഓരോ ഗോള്‍ വീതം നേടി.

 

Content Highlights: Things are getting smooth in Manchester United, coach Eric Ten Hag is happy with Cristiano Ronaldo