| Friday, 29th June 2018, 11:30 am

നടന്‍ ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹതകള്‍ വിശദീകരിച്ച് തിലകന്‍ അന്ന് പറഞ്ഞത്: വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തിരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനദ്ദേഹത്തെ മദ്രാസില്‍വെച്ചാണ് പരിചയപ്പെട്ടത്. പരിചയപ്പെട്ട കാലംമുതല്‍ അദ്ദേഹം മരിക്കുന്നതിന് ഏതാണ്ട് രണ്ടാഴ്ച മുമ്പ് എന്റെ മകന്റെ കുട്ടിയുടെ ഒന്നാമത്തെ ബര്‍ത്ത്‌ഡേക്ക് അദ്ദേഹം വന്നിരുന്നു. എന്നെകണ്ടപ്പോള്‍ ഒഴിഞ്ഞുമാറി അദ്ദേഹം. അതെന്തുകൊണ്ടാണെന്നെനിക്ക് മനസിലായില്ല. ഞാന്‍ എന്റെ മകനെ വിളിച്ച് ചോദിച്ചു. ആ നില്‍ക്കുന്നത് ശ്രീനാഥല്ലേ, പുള്ളിയെന്താ എന്നെക്കണ്ടിട്ട് അവിടെ മാറിയിരിക്കുന്നെ, ഇങ്ങട്ട് വരാത്തതെന്താ. അത് അച്ഛനെ ഫേസ് ചെയ്യാന്‍ അയാള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചു എന്തിനാണത്. അത് അമ്മയുടെ പെരുമാറ്റം, അച്ഛനോടുള്ള പെരുമാറ്റം, അമ്മയെന്നു പറഞ്ഞാല്‍ അമ്മ സംഘടന, നടീനടന്മാരുടെ വെല്‍ഫെയറിനുവേണ്ടിയുണ്ടാക്കിയ സംഘടന, അവരുടെ എന്നോടുള്ള പെരുമാറ്റത്തില്‍ അദ്ദേഹത്തിന് ദു:ഖമുണ്ട്. അതുകൊണ്ട് ഫേസ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു.

ഞാന്‍ പറഞ്ഞു, അത് സാരമില്ല, ഇങ്ങോട്ട് വരാന്‍ പറ, അങ്ങനെ വന്ന് ഞങ്ങള് തമ്മില്‍ വളരെ സ്‌നേഹത്തോടെ സംസാരിച്ചിട്ടാണ് അന്ന് പിരിഞ്ഞത്. പല സുഹൃത്തുക്കളും എന്നോട് പറഞ്ഞു, ഇതൊരു മരണമല്ല, ഇതൊരു ആത്മഹത്യയല്ല, ഇതൊരു കൊലപാതകമാണെന്ന്. പക്ഷേ അവരാരും ഇത് പുറത്തുപറയാന്‍ ധൈര്യപ്പെടുന്നില്ല. ഒരാളോട് ഞാന്‍ ചോദിച്ചു, എന്താണിത് പുറത്തുപറഞ്ഞാലെന്ന്. “ചേട്ടാ നാളെ ഞാന്‍ സിനിമയിലുണ്ടാവേല, അതുകൊണ്ടാണ്” എത്രയോ ചെറിയൊരു കാര്യമാണത്.


Also Read:“നിങ്ങളുടെ അന്വേഷണം ആത്മാര്‍ത്ഥമല്ല”; ധബോല്‍ക്കര്‍-പന്‍സാരെ വധക്കേസ് അന്വേഷണ സംഘത്തെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി


ശ്രീനാഥിന്റെ ജീവന് ഇത്രയ്ക്ക് വിലയേ ഉള്ളൂ. ശ്രീനാഥിന്റെ മരണം സ്വാഭാവിക മരണമല്ലെന്നും അതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ വിളിച്ചു പറഞ്ഞത് ഞാന്‍ മാത്രമാണ്. അദ്ദേഹത്തിന്റെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ആ ലൊക്കേഷനിലെ ആരുമുണ്ടായിരുന്നില്ല. ലൊക്കേഷനിലെ പോട്ടെ, അമ്മ സംഘടനയിലെ ആരുമുണ്ടായിരുന്നില്ല.

കുറേ ഞെളിഞ്ഞവിടെ വന്നവര്‍, അതിലൊരാള് പൂജപ്പുരക്കാരനാണ്. ഒരു മുന്‍മന്ത്രിയുടെ എര്‍ത്ത് ലൈനാണ്. അയാളാണ് എന്നെ ഇപ്പോ സീരിയലില്‍ നിന്നും വിലക്കിയിരിക്കുന്നത്. അയാളാണ് ഇവിടെ വന്നിട്ട് പറഞ്ഞത്, ശ്രീനാഥിന്റെ ഭാര്യ കരയുമ്പം “ഇങ്ങനെയല്ലല്ലോ ഇവിടെ നിന്ന് കൊണ്ടുപോയത്, കൊണ്ടുപോയതുപോലെ എനിക്ക് എന്റെ ഭര്‍ത്താവിനെ അമ്മ സംഘടന ഇവിടെ തിരിച്ചുതരണം എന്നുപറഞ്ഞപ്പം, ഈ പൂജപ്പുരക്കാരന്‍ പറഞ്ഞത് അയ്യോ അങ്ങനൊന്നും പറയല്ലേ. അവര്‍ വീണ്ടും അങ്ങനെ പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു. അപ്പപ്പറഞ്ഞു, മയങ്ങാനെന്തെങ്കിലും ഗുളികകൊടുക്ക്. എന്താണിവര്‍ക്ക് അവരെ മയക്കിയിട്ടിട്ട് ഈ ബോഡി മറവുചെയ്യണം എന്നുള്ള ആഗ്രഹം. അവര്‍ ഇങ്ങനുള്ള കാര്യങ്ങള്‍ പറയാതിരിക്കാനാണ്.

മറ്റൊരു സംശയം എനിക്കുണ്ടായത് കോതമംഗലത്ത് കിടന്നു മരിച്ചയാളിനെ പോസ്റ്റുമോര്‍ട്ടം ചെയ്യണമെങ്കില്‍ ഏറ്റവും അടുത്ത മെഡിക്കല്‍ കോളജ് എന്നു പറയുന്നത് കോട്ടയത്താണ്, ഇനി അതല്ലെങ്കില്‍ തൃശൂരാണ്. എന്തിനാണ് ഈ ആലപ്പുഴയില്‍ കൊണ്ടുപോയത്. ആലപ്പുഴയില്‍ അമ്മയുടെ ട്രഷററുടെ ഭാര്യ ജോലി ചെയ്യുന്നുണ്ട്. അതും ഫോറന്‍സിക്കില്‍. എന്നെ ഏറ്റവും കൂടുതല്‍ സംശയത്തിലാക്കിയത് അതാണ്. എന്തും ചെയ്യാന്‍ മടിക്കാത്ത കൊറേ സംഘങ്ങളാണ് അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലുള്ളത്. അവര് മാത്രമാണിന്ന് സിനിമയിലുള്ളത്. അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ വേണ്ടി എന്ത് ദ്രോഹങ്ങളും അവര് ചെയ്യും. ഞാനതിന്റെയൊരു ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്. ഇതേ അനുഭവം തന്നെയെനിക്കുമുണ്ടായി. തൊഴില്‍ നിഷേധം. ഇന്ത്യന്‍ ഭരണഘടന നമുക്ക് തന്നിട്ടുള്ള ഒരവകാശമാണത് , തൊഴില്‍. അത് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഞാന്‍ കോടതിയില്‍ പോകുന്നു. പക്ഷേ ശ്രീനാഥ് ആത്മഹത്യ ചെയ്തുവെന്ന് പറയുന്നു.


Must Read:വലംപിരിശംഖിന്റെ ഭാഗ്യപ്രചാരകരോട് എനിക്കൊന്നും പറയാനില്ല; ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി ദീപാ നിശാന്ത്


പക്ഷേ നിങ്ങളറിയാത്ത വേറെ രണ്ട് ആത്മഹത്യകള്‍ നടന്നിട്ടുണ്ട്. അതൊരു ലൈറ്റ്‌ബോയിയും മറ്റെതൊരു തൊഴിലാളിയുമായിരുന്നു. സിനിമാ തൊഴിലാളി. അവര്‍ക്ക് പ്രശസ്തിയില്ലാത്തതുകൊണ്ട് അറിയപ്പെട്ടില്ല. അതും ഈ കാലഘട്ടത്തില്‍ തന്നെയാണ്. അതിന്റെ കാരണവും തൊഴില്‍ നിഷേധം തന്നെയാണ്.

ഇവരെ ഇവിടെ വെച്ചുപൊറുപ്പിക്കാന്‍ പാടില്ലയെന്നാണ് എന്റെ അഭിപ്രായം. അതിന് ഏത് രീതിയും ഉപയോഗിക്കും. അതിനുവേണ്ടി കാലുവെക്കുന്നവരുടെ കൂടെ ഞാനുമുണ്ടാവും. ലക്ഷ്യത്തിലെത്താന്‍ തന്നെയാണ് എന്റെയും തീരുമാനം. ഈ മാഫിയാ സംഘത്തെ അവരുടെ നാവടച്ച്, അവരുടെ ചലനം ഇനിയിവിടെ ഉണ്ടാവാന്‍ പാടില്ല. ആ തരത്തിലാക്കണമെന്നുള്ള ശപഥത്തോടെയാണ് ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്നത്. ഞാന്‍ ആത്മഹത്യ ചെയ്യില്ല. എനിക്കൂണ്ട് ബുദ്ധിമുട്ടുകള്‍. സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ പത്തുകൊല്ലമായിട്ട് എന്റെ സിനിമകളെല്ലാം ഇവര്, ഈ മാഫിയാ സംഘം ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴറിയുന്നത് ഇന്നലെ ഒരു സംവിധായകന്‍, അലി അക്ബറെന്നു പറയുന്നയാള് എന്നെ വെച്ചൊരു പടമെടുത്തിട്ടുള്ളയാളാണ്. അദ്ദേഹം എന്റെ വീട്ടില്‍ വന്നിട്ട് പറഞ്ഞത് “പലരും ചോദിക്കുന്നു എന്നെ വെച്ച് നല്ല, വളരെയധികം നിങ്ങളെ ഇഷ്ടപ്പെടുത്തിയ ഒരു ചിത്രമെടുത്തിട്ടുള്ള ഡയറക്ടറാണ് പറഞ്ഞത് എന്തിനാണ് ഈ തിലകന്റെ പിറകേ പോകുന്നത്. നിങ്ങള്‍ക്ക് വേറെ ആര്‍ട്ടിസ്റ്റിനെ കിട്ടില്ലേ. അദ്ദേഹം ചോദിച്ചു നിങ്ങള്‍ക്കഭിനയിക്കാമോ ആ വേഷം. അതെനിക്ക് പറ്റില്ല. ബി. ഉണ്ണിക്കൃഷ്ണന് പറ്റുമോ, അത് പറ്റില്ല. തിലകനേ പറ്റൂ, ഞങ്ങള് തിലകനെ വെച്ച് ചെയ്യിക്കാന്‍ പോകുകയാണ്. ഈ പറഞ്ഞ വ്യക്തി ഫെഫ്കയിലെ മെമ്പറാണ്. ഈ ഡയറക്ടര്‍. പക്ഷേ അത് തിരസ്‌കരിച്ചുകൊണ്ട് അദ്ദേഹമെനിക്ക് അഡ്വാന്‍സ് തന്നു ഇന്നലെ. ഞാന്‍ കരാര്‍ ഒപ്പിട്ടു. അതിന് ഏത് വാളായിട്ട് ആരു വന്നാലും തിരിച്ച് വെട്ടും ഞാന്‍. ആ രീതിയില്‍ തന്നെയാണ് ഇറങ്ങിയിരിക്കുന്നത്.


Also Read:നടിയെ ആക്രമിച്ച കേസ്; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം; എ.എം.എം.എ അംഗങ്ങള്‍ നിരീക്ഷണത്തില്‍


ഇവിടെ സാംസ്‌കാരിക മന്ത്രിയോട് എന്റെയനുഭവത്തിന്റെ രണ്ടാംദിവസം ഞാന്‍ പരാതിപ്പെട്ടതാണ്. അദ്ദേഹം പറഞ്ഞു ഞാന്‍ പിണറായി വിജയനെ വിളിച്ചു പറയും, അദ്ദേഹം പാര്‍ട്ടിയിലിത് ചര്‍ച്ച ചെയ്യും, അതുകഴിഞ്ഞ് സര്‍ക്കാറിനെ അറിയിച്ച് നിങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിത്തരും. അഞ്ചോ ആറോ മാസമായി ഇതുവരെ ഒരു പരിഹാരവുമുണ്ടായിട്ടില്ല. മമ്മൂട്ടിയുടെ പടം പെട്ടിക്കകത്തിരുന്ന്, സമരം കാരണം പുറത്തിറക്കാനാകാതെ വന്നപ്പോള്‍ ഇദ്ദേഹം മാനത്ത് നിന്ന് പൊട്ടിവീണ് അതിന് പരിഹാരമുണ്ടാക്കിക്കൊടുത്തു. അങ്ങനെ കൊടീശ്വരന്മാരെ വാഴ്ത്തുന്ന സര്‍ക്കാറും കോടീശ്വരന്മാരും ചേര്‍ന്ന് ഇവിടം ഭരിക്കുകയാണ്. ഈ സിനിമാ ഫീല്‍ഡ്. ഇവിടെ മാഫിയാ സംഘം മാത്രേ ഉണ്ടാവൂ. ഈ മാഫിയാ സംഘങ്ങളെ തച്ചൊടിച്ച് പുതിയ സിനിമാ സംസ്‌കാരം കൊണ്ടുവരാനാണ് എന്റെ കാല്‍വെപ്പ്. പലരും തെറ്റിദ്ധരിച്ചു, എന്റെ സ്വന്തം കാര്യത്തിന് വേണ്ടിയാണെന്ന്, അല്ല. എന്റെ സ്വന്തം കാര്യത്തിന് കഞ്ഞികുടിക്കാനുള്ള കാശ് എന്റേലുണ്ട്. എനിക്കിനിയൊന്നും കിട്ടിയില്ലെങ്കിലും ഞാന്‍ ജീവിക്കും. ഇപ്പോ 74 വയസുമായി. ഇനി അധികംകാലം ഇല്ലല്ലോ.

We use cookies to give you the best possible experience. Learn more