തിരുവനന്തപുരം: മലയാള സിനിമാ താരസംഘടനയായ അമ്മയുടെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ തിലകന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് 2010 മാര്‍ച്ച് 23 ന് എഴുതിയ കത്ത് പുറത്തുവിട്ടു. തിലകന്റെ മകള്‍ സോണിയ തിലകനാണ് കത്തുമായി രംഗത്തെത്തിയിരിക്കുന്നത്.
പല സിനിമകള്‍ക്കും കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും പിന്നീട് നിര്‍മാതാക്കളെ ഭീഷണിപ്പെടുത്തി സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു എന്ന് തിലകന്‍ കത്തില്‍ പറയുന്നു.
ALSO READ: ദിലീപിനെ തിരിച്ചെടുക്കുക വഴി സമൂഹത്തോട് വെല്ലുവിളി നടത്തുകയാണ് ‘അമ്മ’: എം.എ ബേബി
ഇത്തരം ശ്രമങ്ങള്‍ നടന്നിട്ടും അമ്മ നിശബ്ദത പാലിച്ചുവെന്നും തിലകന്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം തന്റെ നിലപാടില്‍ ഉറച്ച് മുന്നോട്ട് പോയപ്പോള്‍ പലതരത്തിലുള്ള ഭീഷണികളും നേരിടേണ്ടി വന്നതായി തിലകന്‍ കത്തില്‍ പറയുന്നുണ്ട്. അതില്‍ പ്രധാനം പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാറിന്റെ ഗുണ്ടകള്‍ തന്നെ പലപ്പോഴായി മൊബൈലിലൂടെയും മറ്റും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ അമ്മ ഭാരവാഹികള്‍ വേണ്ട നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് തിലകന്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.
സൂപ്പര്‍താരങ്ങളെയും ഫാന്‍സ് അസോസിയേഷനുകളെയും വിമര്‍ശിക്കുമ്പോള്‍ പ്രകോപിതരാകുന്ന അമ്മ ഭാരവാഹികള്‍, അംഗങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴും അവഗണിക്കപ്പെടുമ്പോഴും നിശബ്ദത പാലിക്കുന്നതു ന്യായീകരിക്കാനാവില്ല. തന്റെ പ്രസ്താവനകള്‍ മൂലം ആര്‍ക്കെങ്കിലും അപമാനമുണ്ടായെന്നു ബോധ്യപ്പെടുത്തിയാല്‍ ഖേദം പ്രകടിപ്പിക്കാന്‍ സന്നദ്ധനാണ്.
സംഘടനയുടെ പോക്കു നേരായ ദിശയിലല്ലെന്നും ഇങ്ങനെ പോയാല്‍ അമ്മ കോടാലിയായി മാറുമെന്നും തിലകന്‍ കത്തില്‍ പറയുന്നു.
ഖേദം പ്രകടിപ്പിക്കാന്‍ അച്ഛന്‍ തയാറായിട്ടും അമ്മ ഭാരവാഹികളുടെ മനസ് അലിഞ്ഞില്ലെന്നു സോണിയ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ തിരിച്ചെടുത്ത അമ്മ തിലകന്റെ കാര്യത്തില്‍ ഇരട്ടത്താപ്പാണു കാണിച്ചത്.
“ഇന്ത്യന്‍ റുപ്പി” എന്ന ചിത്രത്തില്‍ അച്ഛനെ ഒഴിവാക്കണമെന്നു ചിലര്‍ സംവിധായകന്‍ രഞ്ജിത്തിനോട് ആവശ്യപ്പെട്ടതായി അറിയാം. വിലക്കിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് അച്ഛനെ പെട്ടെന്നു മരണത്തിലേക്കു നയിച്ചതെന്നും സോണിയ പറഞ്ഞു.
മോഹന്‍ലാലിന് അയച്ച കത്തിന്റെ അഞ്ചു കോപ്പികള്‍ തിലകന്‍ “അമ്മ” എന്നെഴുതിയ ഫയലില്‍ സൂക്ഷിച്ചിരുന്നു. ഇതു പ്രത്യേകം സൂക്ഷിക്കണമെന്നു നിര്‍ദേശിച്ചിരുന്നു. അമ്മയുമായി ബന്ധപ്പെട്ട മറ്റു കടലാസുകളും ഈ ഫയലിലുണ്ടെന്നും സോണിയ പറഞ്ഞു. 12 പേജുളള കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് അമ്മ സംഘടനയില്‍ തുടരാന്‍ കഴിയില്ലെന്ന് കാട്ടി നാല് നടിമാര്‍ രാജിവെച്ചത്.
ഭാവന, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണു അമ്മയില്‍ നിന്ന് രാജിവെച്ചത്.
ALSO READ: അമ്മയിൽ നടക്കാനിരുന്നത് മഞ്ജുവാര്യരും രേവതിയും ഉൾപ്പെടെയുള്ളവരുടെ രാജി
“അവള്‍ക്കൊപ്പം ഞങ്ങളും രാജി വയ്ക്കുന്നു” എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് നടിമാര്‍ രാജി പ്രഖ്യാപിച്ചത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുക വഴി, തങ്ങള്‍ ആരുടെ പക്ഷത്താണെന്ന് അമ്മ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ തീരുമാനമെടുക്കുമ്പോള്‍, ആക്രമണത്തെ അതിജീവിച്ച അംഗത്തെ അമ്മ ഓര്‍ത്തില്ല. തങ്ങളുടെ രാജി അമ്മയുടെ തീരുമാനം തിരുത്തുന്നതിനു കാരണമാകട്ടെ എന്ന് ആശിക്കുന്നുവെന്നും നടിമാരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ