മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് തിലകന്‍. കഥാപാത്രമായുള്ള പകര്‍ന്നാട്ടം മറ്റേതെങ്കിലും നടന്‍ തിലകനോളം തന്മയത്വത്തോടെ ചെയ്ത് വിജയിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
വെള്ളിയാഴ്ചയായിരുന്നു തിലകന്റെ ഒന്‍പതാം ചരമ വാര്‍ഷികം. അദ്ദേഹത്തിന്റെ പഴയ ഒരു അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. തന്റെ കോളേജ് കാലഘട്ടത്തില്‍ സംഭവിച്ച ദുരനുഭവത്തെ കുറിച്ച് പറയുകയാണ് തിലകന്‍. ജാതിയുടെ പേരില്‍ താന്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
കോളേജില്‍ അഡ്മിഷന്‍ എടുക്കാന്‍ പോയപ്പോള്‍ അഡ്മിഷന്‍ ഫോമില്‍ ജാതിയും മതവും എഴുതാത്തത്തിന്റെ പേരിലാണ് അപമാനം നേരിടേണ്ടി വന്നതെന്നാണ് തിലകന്‍ പറയുന്നത്.
‘എന്റെ പേര് പ്യൂണ്‍ ഉച്ചത്തില്‍ വിളിച്ചു, സുരേന്ദ്രനാഥ തിലകന്‍. ഞാന്‍ അയാളുടെ അടുത്തേക്ക് ചെന്നു. ആ കാവി നിറത്തിലുള്ള ജുബ്ബ ധരിച്ച ആളിനെ പോയി കാണാന്‍ പറഞ്ഞ് ഒരാള്‍ക്ക് നേരെ അയാള്‍ ചൂണ്ടി.
ഞാന്‍ അവിടെയ്ക്ക് ചെന്നു. അവിടെയുള്ള ആള്‍ ഇടതു കയ്യില്‍ എന്റെ അപേക്ഷ ഫോറം പിടിച്ചിരിക്കുന്നു. എന്നെ ശ്രദ്ധിക്കാതെ എന്തോ എഴുതുകയാണ്. കുറച്ചു നേരം അവിടെ നിന്നിട്ടും എന്നെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട് ഞാന്‍ ഓഫീസ് മുഴുവനും ഒന്നു നോക്കി.
കാവി ജുബ്ബയണിഞ്ഞ ആളുടെ പിന്നിലെ ചുമരില്‍ ശ്രീനാരായണ ഗുരുവിന്റെ ചിത്രം. തൊട്ടടുത്തായി ഓരോ ഗുരു വചനങ്ങള്‍ ഫ്രെയിം ചെയ്ത് തൂക്കിയിരിക്കുന്നു. ഞാന്‍ ഓരോന്നായി അത് വായിച്ചു. അപ്പോള്‍ എന്റെ അപേക്ഷ കയ്യില്‍ പിടിച്ചിരുന്ന ആ ഹെഡ് ക്ലര്‍ക്ക് വായിലുള്ള മുറുക്കാന്‍ തുപ്പിക്കളഞ്ഞ് എന്റെ നേരെ വന്നു,
‘ഇത് തന്റെ അപേക്ഷ തന്നെയാണോ?’ അയാള്‍ ചോദിച്ചു.
‘അതേ സാര്‍’ ഞാന്‍ പറഞ്ഞു.
‘ഇതില് രണ്ട് കോളം പൂരിപ്പിക്കാന്‍ വിട്ടു പോയിട്ടുണ്ട്. കാസ്റ്റും റിലീജ്യണും.’
‘അത് മനപൂര്‍വം വിട്ടതാണ് സാര്‍.’
‘അതെന്തിനാ?’
‘ഞാനൊരു ശ്രീനാരായണ ഭക്തനാണ്.’
‘അതുകൊണ്ട്?’
‘ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്നല്ലേ ഗുരു പഠിപ്പിച്ചിട്ടുള്ളത്.’
‘ഇയാള് ചോദിക്കേം പറയേം ചിന്തിക്കേം ഒന്നും വേണ്ട, ഇതിങ്ങ് പൂരിപ്പിച്ച് തന്നാട്ടെ.’
‘ചിന്തിക്കാതെങ്ങിനെ പൂരിപ്പിക്കും സാറേ!’
‘ഇവിടെ അഡ്മിഷന് വേണ്ടി വന്നതാണോ, ആണെങ്കില്‍ മര്യാദയ്ക്ക് കാസ്റ്റും റിലീജ്യണും പൂരിപ്പിച്ച് തന്നാട്ടെ.’
‘സാര്‍ ആ എഴുതി വെച്ചിരിക്കുന്നത് നോക്കിക്കേ, ഒരു ജാതി ഒരു മതം എന്നല്ലേ’
‘ഇവിടെ പലതും എഴുതി വെച്ചന്നിരിക്കും, ഇവിടെ ചേരണമെങ്കില്‍ ഇത് പൂരിപ്പിച്ചു കൊണ്ട് വരണം’
എന്ന പറഞ്ഞ് ആ അപേക്ഷാ ഫോറം എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ബഹളം കേട്ട് പുറത്ത് നിന്ന അപേക്ഷകരും രക്ഷിതാക്കളും വാതില്‍ക്കലേക്ക് ഓടിക്കുടി. ആ കൂട്ടത്തില്‍ എന്റെ രക്ഷകര്‍ത്താവായി വന്ന ട്രസ്റ്റ് മെമ്പര്‍ വന്ന് അനുനയത്തിലെങ്കിലും അല്‍പം ബലമായി എന്നെ മാറ്റി നിര്‍ത്തി. എന്നിട്ട് ആവശ്യം നമ്മുടേതല്ലേ, എന്താണെന്ന് വെച്ചാല്‍ എഴുതി കൊടുക്ക് എന്ന് പറഞ്ഞു.
ഞാന്‍ പറഞ്ഞു, ശരി ഞാന്‍ എഴുതി കൊടുക്കാം, പക്ഷേ അത് ഗുരു പറഞ്ഞ പോലെ മാത്രമായിരിക്കും. കാസ്റ്റ്-മനുഷ്യ ജാതി, റിലീജ്യണ്‍-ആത്മ സുഖത്തിനായി പ്രവര്‍ത്തിക്കുന്നു എന്നേ എഴുതുകയുള്ളൂ. അതു കൊണ്ട് കാര്യം ഒന്നും ഉണ്ടാവാന്‍ പോവുന്നില്ല, ഇത് എസ്.എന്‍ കോളേജല്ലേ,’
‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്, ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന ബോര്‍ഡിന് താഴെ ഇരുന്ന് അയാള്‍ എന്നോട് ജാതി ചോദിച്ചു കൊണ്ടിരുന്നത്. ഗുരു വചനങ്ങള്‍ക്ക് പുല്ല് വില പോലും കൊടുക്കാതെയാണ് ആ ഹെഡ് ക്ലാര്‍ക്ക് ഇങ്ങനെ പെരുമാറിയത്,’ എന്നാണ് തിലകന്‍ പറയുന്നത്. അതോടെ കോളേജ് ജീവിതത്തിന്റെ ആദ്യ ദിവസം തന്നെ ബ്ലാക്ക് മാര്‍ക്ക് വീണെന്നും തിലകന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight : Thilakan shares his experience of humiliation in the name of caste