'ഒരു നടനില്‍ നിന്ന് ദുരനുഭവമുണ്ടായി' തുറന്നു പറഞ്ഞ് തിലകന്റെ മകള്‍
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ താര സംഘടയായ ‘അമ്മ’ക്ക് എതിരെ നടന്‍ തിലകന്റെ മകള്‍ സോണിയ തിലകന്‍. ‘അമ്മ’ ഒരു കോടാലിയാണെന്ന് പറഞ്ഞതിനാണ് സംഘടനയുടെ വിഷയം പുറത്ത് പറഞ്ഞെന്ന പേരില്‍ തന്റെ അച്ഛനെതിരെ അന്ന് നടപടി ഉണ്ടായതെന്ന് സോണിയ പറയുന്നു.
അതിലും വലിയ വിഷയങ്ങള്‍ ചെയ്ത ആളുകളെ അമ്മയില്‍ നിലനിര്‍ത്തിയെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നിട്ടും അമ്മയുടെ ജനറല്‍ സെക്രട്ടറി വ്യക്തമായി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും സോണിയ ചോദിച്ചു. ഈ ഇരട്ടത്താപ്പ് നയം ഒരിക്കല്‍ ചോദ്യം ചെയ്തതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘അമ്മ എന്ന സംഘടന ഒരു കോടാലിയാണ് എന്നൊക്കെ അച്ഛന്‍ മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 2010 കാലഘട്ടമാണ് അതെന്നാണ് എന്റെ ഓര്‍മ. അന്ന് ഓപ്പണായി പറഞ്ഞതിന് സംഘടന വിഷയം പുറത്ത് പറഞ്ഞെന്ന പേരിലാണ് അച്ഛന് എതിരെ അന്ന് നടപടി ഉണ്ടായത്. അതിലും വലിയ വിഷയങ്ങള്‍ ചെയ്ത ആളുകളെ അമ്മയില്‍ നിലനിര്‍ത്തുന്ന കാഴ്ച നമ്മള്‍ കണ്ടതാണ്.
വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ വന്നിട്ട് പോലും അമ്മയുടെ ജനറല്‍ സെക്രട്ടറി വ്യക്തമായ രീതിയില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതെന്ത് കൊണ്ടാണ്? അച്ഛനെ പുറത്താക്കാന്‍ കാണിച്ച ആര്‍ജവം എന്തുകൊണ്ടാണ് ഈ വിഷയങ്ങളില്‍ കാണിക്കാത്തത്. ഈ ഇരട്ടത്താപ്പ് നയം ഒരിക്കല്‍ ചോദ്യം ചെയ്തതാണ്.
എല്ലാവരെയും നിലക്ക് നിര്‍ത്തുക അല്ലെങ്കില്‍ കണ്‍ട്രോളില്‍ നിര്‍ത്തുക എന്നതാണ് അമ്മയുടെ പ്രധാന അജണ്ട. നിലക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നത് ആരാണെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടല്ലോ. 15 അംഗ പവര്‍ കമ്മിറ്റിയാണ് അത്. അവരുടെ പേരുകള്‍ ഇപ്പോള്‍ പറയുന്നത് ഉചിതമായിരിക്കില്ല,’ സോണിയ തിലകന്‍ പറഞ്ഞു.
സിനിമയുടെ പുറത്തുള്ള ആളായിട്ട് പോലും തനിക്ക് മോശമായ മെസേജുകള്‍ വന്നിട്ടുണ്ടെന്ന് സോണിയ പറയുന്നു. സിനിമയിലെ ഒരു താരമാണ് തന്നെ മുറിയിലേക്ക് വിളിച്ച് മെസേജ് ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫോണിലൂടെ സംസാരിച്ചാല്‍ മതിയെന്ന് താന്‍ മറുപടി കൊടുക്കുകയായിരുന്നു എന്നും സോണിയ പറയുന്നു. അച്ഛനുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണെന്ന് പറഞ്ഞാണ് വിളിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Thilakan’s Daughter Reveals Her Bad Experience From A Malayalam Actor