ബി.ജെ.പി എം.പി ജ്യോതിരാദിത്യ സിന്ധ്യയുടെ കൊട്ടാരത്തില്‍ മോഷണം
national news
ബി.ജെ.പി എം.പി ജ്യോതിരാദിത്യ സിന്ധ്യയുടെ കൊട്ടാരത്തില്‍ മോഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th March 2021, 11:43 am

ഗ്വാളിയോര്‍: ബി.ജെ.പി എം.പി ജ്യോതിരാദിത്യ സിന്ധ്യയുടെ ഉടമസ്ഥതയിലുള്ള ജയ് വിലാസ് പാലസില്‍ മോഷണം നടന്നതായി റിപ്പോര്‍ട്ട്. ജയ് വിലാസ് പാലസിലെ റാണി മഹലിലെ റെക്കോര്‍ഡ്സ് റൂമിലാണ് മോഷണം നടന്നത്.

റെക്കോര്‍ഡ് റൂമിലെ അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. ഒരു ഫാനും കമ്പ്യൂട്ടര്‍ സി.പി.യുവും നഷ്ടപ്പെട്ടിട്ടുണ്ട്. സി.പി.യു പിന്നീട് കൊട്ടാരത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെത്തി. പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുന്നുണ്ട്. റാണി മഹലിലെ വെന്റിലേറ്ററിലൂടെയാണ് മോഷ്ടാക്കള്‍ കടന്നതെന്നാണ് വിലയിരുത്തുന്നത്.

10 വര്‍ഷം മുമ്പും റെക്കോര്‍ഡ്സ് റൂമില്‍ മോഷണം നടന്നിരുന്നു. അന്ന് നഷ്ടപ്പെട്ട രേഖകള്‍ കണ്ടെത്താനോ മോഷ്ടാക്കളെ പിടികൂടാനോ കഴിഞ്ഞിട്ടില്ല.

1874 ല്‍ അന്ന് ഗ്വാളിയോര്‍ മഹാരാജാവായിരുന്ന ജയജിറാവു സിന്ധ്യയാണ് ജയ് വിലാസ് മഹല്‍ നിര്‍മിച്ചത്. 400 മുറികളുള്ള ഈ കൊട്ടാരത്തിന് ഏകദേശം 4000 കോടി രൂപയുടെ മതിപ്പുണ്ട്. കൊട്ടാരത്തിന്റെ ഒരു ഭാഗം മ്യൂസിയമാണ്. ഈ കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ്.

 

Content Highlights:Thieves break into BJP MP Jyotiraditya Scindia’s palace in Gwalior