പി.എസ്.ജിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടതിന് ലയണല്‍ മെസിക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. ലീഗ് വണ്ണില്‍ ലോറിയെന്റിനെതിരായ മത്സരത്തിന് പിന്നാലെ പരിശീലനം മുടക്കിയായിരുന്നു മെസി കുടുംബത്തോടൊപ്പം സൗദി അറേബ്യ സന്ദര്‍ശിച്ചത്.
തുടര്‍ന്ന് പി.എസ്.ജി താരത്തെ രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും അത്രയും ദിവസത്തെ വേതനം റദ്ദാക്കുകയുമായിരുന്നു. എന്നാല്‍ തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ താരം പരസ്യമായി ക്ഷമാപണം നടത്തിയതോടെ പി.എസ്.ജി സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും മെസിയെ മത്സരത്തിനിറക്കുകയുമായിരുന്നു.
എന്നാല്‍ അജാസിയോക്കെതിരെ കളത്തിലിറങ്ങിയ മെസിയെ കാത്തിരിക്കുന്നത് പി.എസ്.ജി ആരാധകരില്‍ നിന്നുള്ള കൂവലും പരിഹാസവുമായിരുന്നു. സംഭവത്തില്‍ പി.എസ്.ജി അള്‍ട്രാസിനെ വിമര്‍ശിച്ച് പ്രമുഖ താരങ്ങളടക്കം നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് മുന്‍ ബാഴ്‌സലോണ താരവും മെസിയുടെ ടീം മേറ്റും ആയിരുന്ന തിയറി ഒന്റി.
മെസിയെ പോലൊരു ലോക ചാമ്പ്യന് ഈ പരിഹാസം കേട്ട് പി.എസ്.ജിയില്‍ നില്‍ക്കേണ്ട ആവശ്യമില്ലെന്നും മെസി ബാഴ്‌സലോണയിലേക്ക് മടങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും ഒന്റി പറഞ്ഞു.
‘പരിഹാസങ്ങളും കൂക്കിവിളികളും ഞാന്‍ മനസിലാക്കുന്നു. പക്ഷെ അതൊരിക്കലും ഞാന്‍ അംഗീകരിക്കില്ല. ഇതാദ്യമായല്ല മെസിക്ക് നേരെ അവര്‍ കൂവുന്നത്.
എന്നിരുന്നാലും സത്യാവസ്ഥയിലേക്ക് വരുമ്പോള്‍ ടീമില്‍ ഒരാളും പ്രാക്ടീസ് മിസ് ചെയ്യാന്‍ പാടുള്ളതല്ല. ഒരാളും ക്ലബ്ബിന് മുകളിലല്ല. നിയമം തെറ്റിച്ചതാണ് മെസി ചെയ്ത തെറ്റെങ്കില്‍ ഒരു ലോക ചാമ്പ്യനെ പരസ്യമായി അപഹസിക്കുന്നതും നിയമ ലംഘനമല്ലേ?
ഞാന്‍ മെസിക്കൊപ്പം കളിച്ചിട്ടുള്ളയാളാണ്. അദ്ദേഹം ടീമില്‍ എല്ലായിപ്പോഴും ഒരു സൊലുഷന്‍ ആയിരുന്നു. അദ്ദേഹം ലോക ചാമ്പ്യനാണ്, രണ്ട് മാസം കൊണ്ട് വളര്‍ന്നയാളല്ല. അതെ, അദ്ദേഹം പി.എസ്.ജിയില്‍ തുടരാന്‍ പാടില്ല. മെസി ബാഴ്‌സലോണയിലേക്ക് തിരിച്ച് പോകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം മെസിയെ കാണുമ്പോള്‍ എനിക്ക് ബാഴ്‌സയും കാണാം,’ ഒന്റി പറഞ്ഞു.
അതേസമയം, ക്ലബ്ബ് ഫുട്‌ബോളിലെ ഭാവിയെക്കുറിച്ച് മെസി തന്റെ തീരുമാനം അറിയിച്ചിട്ടില്ല. വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മെസി ബാഴ്‌സലോണയിലേക്ക് തിരികെ മടങ്ങുന്നത് കാണാനാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നതെങ്കിലും താരം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
Content Highlights: Thierry Henry wants Lionel Messi return to Barcelona