| Tuesday, 21st November 2023, 9:59 am

മെസിയെയും റൊണാള്‍ഡോയെയും മറികടക്കാന്‍ എംബാപ്പെക്ക് സാധിക്കും; ആഴ്സണല്‍ മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആഴ്‌സണല്‍ മുന്‍ താരവും ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനുമായ തിയറി ഒന്റി.

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയുടെയും ഗോള്‍ നേട്ടം മറികടക്കാനും ഫുട്‌ബോളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനും എംബാപ്പെക്ക് സാധിക്കുമെന്നാണ് തിയറി ഒന്റി പറഞ്ഞത്.

‘ഈ ചെറിയ പ്രായത്തില്‍ തന്നെ എംബാപ്പെ മികച്ച പ്രകടനം നടത്തുന്നത് അവിശ്വസനീയമാണ്. അവന്‍ മോശം പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ ആളുകള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നു. കാരണം അവനില്‍ നിന്നും ഒരുപാട് കാര്യങ്ങളാണ് അവര്‍ പ്രതീക്ഷിക്കുന്നത്. അവന്‍ ഒരു ഫ്രാന്‍സ് താരമായതില്‍ എനിക്ക് സന്തോഷമുണ്ട്. എംബാപ്പെക്ക് വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. അവന്‍ ഒരു 1000 ഗോളുകള്‍ നേടുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഇതെല്ലാം തീരുമാനിക്കേണ്ടത് എംബാപ്പെയാണ്,’ ഒന്റി ഗോളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2024 യൂറോ യോഗ്യത മത്സരത്തില്‍ ജിബ്രാള്‍ട്ടറിനെതിരെ തകര്‍പ്പന്‍ ഹാട്രിക് നേടിക്കൊണ്ട് എംബാപ്പെ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 300 ഗോളുകള്‍ നേടിക്കൊണ്ടു പുതിയ നാഴികക്കല്ലിലെത്തിയിരുന്നു. ആ മത്സരത്തില്‍ 14-0 ത്തിന്റെ റെക്കോഡ് വിജയമായിരുന്നു ഫ്രഞ്ച് പട സ്വന്തമാക്കിയത്.

ഈ തകര്‍പ്പന്‍ ഹാട്രിക്കോടെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്താനും എംബാപ്പെക്ക് സാധിച്ചിരുന്നു. ഫ്രാന്‍സ് ദേശീയ ടീമിനായി 74 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ എംബാപ്പെ 46 ഗോളുകള്‍ ആണ് നേടിയത്. 56 ഗോളുകള്‍ നേടിയ ഒലിവര്‍ ജിറൂഡും 51 ഗോളുകളുമായി തിയറി ഒന്റി എംബാപ്പെയുടെ മുന്നിലുള്ളത്.

അതേസമയം പോര്‍ച്ചുഗീസ് ഇതിഹാസം റൊണാള്‍ഡോ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ്. 1196 മത്സരങ്ങളില്‍ നിന്നും 865 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.

മറുഭാഗത്ത് അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി 1046 മത്സരങ്ങളില്‍ നിന്നും 821 ഗോളുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്.

Content Highlight: Thierry henry talks about kylian Mbappe.

We use cookies to give you the best possible experience. Learn more