ലാലിഗയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത ബാഴ്‌സലോണ നിരയെ പ്രശംസിച്ച് മുന്‍ ബാഴ്‌സ സൂപ്പര്‍ താരവും ഫ്രഞ്ച് ഇതിഹാസവുമായ തിയറി ഹെന്റി. യൂറോപ്പിലെ എല്ലാ ടീമുകളും റയല്‍ മാഡ്രിഡിനെ ഭയക്കുന്നുവെന്നും എന്നാല്‍ റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെയാണ് ഭയക്കുന്നതെന്നും ഹെന്റി പറഞ്ഞു.
ബയേണിന് പിന്നാലെ ഓരോ കടങ്ങളും കറ്റാലന്‍മാര്‍ വീട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെപ് ഗ്വാര്‍ഡിയോളക്ക് കീഴിലുണ്ടായിരുന്ന ടീമിനെ ഇപ്പോഴുള്ള താരനിര അനുസ്മരിപ്പിക്കുന്നുവെന്നും ഹെന്റി വ്യക്തമാക്കി.
താരത്തിന്റെ വാക്കുകളെ ഉദ്ധരിച്ച് ബാഴ്‌സ യൂണിവേഴ്‌സലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘യൂറോപ്യന്‍ ടീമുകള്‍ റയല്‍ മാഡ്രിഡിനെ ഭയക്കുന്നു, എന്നാല്‍ റയല്‍ മാഡ്രിഡ് ഭയക്കുന്നതാകട്ടെ ബാഴ്‌സയെയും. നേരിട്ട തോല്‍വികള്‍ക്കെല്ലാം മറുപടി നല്‍കുന്ന ടീമായും ബാഴ്‌സ മാറിക്കഴിഞ്ഞു. ബയേണിന് ശേഷം ഇത് റയല്‍ മാഡ്രിഡിന്റെ അവസരമായിരുന്നു,’ ഹെന്റി പറഞ്ഞു.
കൗമാര താരം ലാമിന്‍ യമാലിനെ മെസിയുമായി താരതമ്യം ചെയ്ത താരം, റാഫീന്യയെ റൊണാള്‍ഡീന്യോയുമായും പെഡ്രിയെ ഇനിയേസ്റ്റയുമായും ചേര്‍ത്തുവെച്ചു.
‘ലാമിന്‍ യമാല്‍ മെസിയെ പോലെയാണ് കളിക്കുന്നത്. റാഫീന്യയാകട്ടെ റൊണാള്‍ഡീന്യോയെ പോലെയും പെഡ്രി ഇനിയേസ്റ്റയെ പോലെയും കളിക്കുന്നു. 2011ലെ ബാഴ്‌സലോണയെ കാണുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്.
ഒരു കാലത്ത് ബാഴ്‌സയെന്തായിരുന്നോ, അവിടേക്ക് ടീം തിരിച്ചെത്തി. ആര്‍ക്കും അവരെ തടയാന്‍ സാധിക്കില്ല. അവര്‍ എല്ലാം വിജയിക്കും. അവര്‍ക്ക് മുമ്പില്‍ വരുന്നത് ഏത് ടീമുമാകട്ടെ, അവരുടെ വിധിയും ഇത് തന്നെയായിരിക്കും,’ ഹെന്റി പറഞ്ഞു.
റയലിന്റെ തട്ടകത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സ വിജയിച്ചുകയറിയത്. ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതിന് ശേഷമാണ് ബാഴ്‌സ നാല് ഗോളും അടിച്ചെടുത്തത് എന്നതാണ് രസകരമായ മറ്റൊരു വസ്തുത.
4-4-2 എന്ന ഫോര്‍മേഷനിലാണ് ആന്‍സലോട്ടി തന്റെ പടയാളികളെ കളത്തിലിറക്കിവിട്ടത്. 4-2-3-1 എന്ന ഫോര്‍മേഷനില്‍ ലെവയെ കുന്തമുനയാക്കി ഹാന്‍സി ഫ്ളിക്കും തന്റെ കുട്ടികളെ കളത്തില്‍ വിന്യസിച്ചു.
ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റം നടത്തുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തെങ്കിലും ഒന്നും തന്നെ ഗോളായി മാറിയില്ല.
ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെ ഗോള്‍ നേടാന്‍ ഇരുവരും കിണഞ്ഞു ശ്രമിച്ചു. 54ാം മിനിട്ടില്‍ ബാഴ്സയുടെ ആ ശ്രമം ഫലം കാണുകയും ചെയ്തു. ലെവന്‍ഡോസ്‌കിയിലൂടെ സന്ദര്‍ശകര്‍ മുമ്പിലെത്തി.
𝗥𝗘𝗔𝗟 𝗠𝗔𝗗𝗥𝗜𝗗 0️⃣-4️⃣ 𝗙𝗖 𝗕𝗔𝗥𝗖𝗘𝗟𝗢𝗡𝗔 #LaLigaHighlights #ElClásico pic.twitter.com/qtprktlsuC
— FC Barcelona (@FCBarcelona) October 29, 2024
ആദ്യ ഗോള്‍ വീണ് കൃത്യം രണ്ട് മിനിട്ടിന്റെ ഇടവേളക്ക് ശേഷം പോളിഷ് ഗോളടിയന്ത്രം വീണ്ടും വലകുലുക്കി. ലാമിന്‍ യമാലിന്റെ ക്രോസിന് കൃത്യമായി തലവെച്ച ലെവന്‍ഡോസ്‌കി ബാഴ്സയുടെ ലീഡ് ഇരട്ടിയാക്കി.
മത്സരത്തില്‍ ഹാട്രിക് നേടാന്‍ രണ്ട് അവസരവും ലെവക്ക് മുമ്പില്‍ തുറന്നുവന്നിരുന്നു. മധ്യനിരയില്‍ നിന്നാരംഭിച്ച ആക്രമണത്തിലൂടെ താരം ഗോള്‍ നേടുമെന്ന് കരുതിയെങ്കിലും പോസ്റ്റില്‍ തട്ടി ഷോട്ട് പാഴായി. സമാനമായി ആവിഷ്‌കരിച്ച മറ്റൊരു അറ്റാക്കാകട്ടെ ക്രോസ് ബാറിന് മുകളിലൂടെയും കടന്നുപോയി.
ശേഷം 77ാം മിനിട്ടിലാണ് ബാഴ്സ മത്സരത്തിലെ മൂന്നാം ഗോള്‍ നേടുന്നത്. കൗമാരതാരം ലാമിന്‍ യമാലാണ് ബാഴ്സക്കായി മൂന്നാം ഗോള്‍ നേടിയത്. 84ാം മിനിട്ടില്‍ ഗോള്‍കീപ്പറിനെയും പ്രതിരോധഭടന്‍മാരെയും കബളിപ്പിച്ച് റഫീന്യ പന്ത് വലയിലെത്തിച്ചതോടെ ബാഴ്സയുടെ വിജയം സമ്പൂര്‍ണമായി.
— FC Barcelona (@FCBarcelona) October 26, 2024
സീസണില്‍ റയലിന്റെ ആദ്യ തോല്‍വിയാണിത്.
ഈ വിജയത്തിന് പിന്നാലെ 11 മത്സരത്തില്‍ നിന്നും പത്ത് ജയവും ഒരു തോല്‍വിയുമായി 30 പോയിന്റോടെ ഒന്നാമതാണ് ബാഴ്സലോണ. അത്ര തന്നെ മത്സരത്തില്‍ നിന്നും ഏഴ് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമടക്കം 24 പോയിന്റാണ് രണ്ടാമതുള്ള റയലിനുള്ളത്.
നവംബര്‍ മൂന്നിനാണ് ബാഴ്സയുടെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ എസ്പാന്യോളാണ് എതിരാളികള്‍.
Content highlight: Thierry Henry praises Barcelona, Lamine Yamal, Raphinha and Pedri