| Tuesday, 7th March 2023, 12:55 pm

റൊണാള്‍ഡോയുടെയും മെസിയുടെയും പിന്‍ഗാമി; അവരെന്ത് ചെയ്‌തോ അതാണ് ഇവനും ചെയ്യുന്നത്: ഫ്രഞ്ച് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ് മെസിയുടെയും റൊണാള്‍ഡോയുടെയും പിന്‍ഗാമിയെന്ന് ഫ്രഞ്ച് ഇതിഹാസ താരം തിയറി ഒന്റി. മെസിയെയും റൊണാള്‍ഡോയെയും പോലെയാണ് താരം ഗ്രൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലെ10 സ്‌പോര്‍ടിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തിയറി ഒന്റി ഇക്കാര്യം പറഞ്ഞത്.

‘എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതും എന്നാല്‍ അധികമാരും സംസാരിച്ച് കണ്ടിട്ടില്ലാത്തതുമായ ഒരു ക്വാളിറ്റി അവന്റെ പ്രൊഫഷണലിസമാണ്. ഞങ്ങളെപ്പോഴും അവനെ കുറിച്ചും അവന്റെ നേട്ടങ്ങളെ കുറിച്ചും സംസാരിക്കാറുണ്ട്.

തന്റെ ലക്ഷ്യത്തിന് വേണ്ടി പ്രയത്‌നിക്കുന്ന, ട്രെയ്‌നിങ്ങിനായി നേരത്തെയെത്തുന്ന, എപ്പോഴും പിച്ചില്‍ സജീവമാകുന്ന, എപ്പോഴും പുതിയതെന്തെങ്കിലും പഠിക്കാനും സ്വയം മെച്ചപ്പെടുത്താനും ശ്രമിക്കുന്ന താരമാണ് എംബാപ്പെ.

ഇവന് മുമ്പേയുള്ള രണ്ട് ഇതിഹാസ താരങ്ങളായ മെസിയെയും റൊണാള്‍ഡോയെയും നോക്കുകയാണെങ്കില്‍ അവരും ഇതേ കാര്യങ്ങള്‍ തന്നെയാണ് എപ്പോഴും ചെയ്തുകൊണ്ടിരുന്നത്.

അതുകൊണ്ടാണ് ഞാന്‍ എംബാപ്പെയെ അവരുടെ പിന്‍ഗാമിയെന്ന് വിളിക്കുന്നത്. റൊണാള്‍ഡോക്കും മെസിക്കും ശേഷം എന്നെ സംബന്ധിച്ച് മികച്ചവന്‍ എംബാപ്പെയാണ്,’ തിയറി ഒന്റി പറഞ്ഞു.

അതേസമയം, നാന്റെസിനെതിരായ കഴിഞ്ഞ മത്സരത്തിലെ ഗോള്‍ നേട്ടത്തിന് പിന്നാലെ പി.എസ്.ജിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനാകാനും എംബാപ്പെക്കായി. പാരീസ് വമ്പന്‍മാര്‍ക്കായി കളിച്ച 247 മത്സരത്തില്‍ നിന്നും 201 ഗോളാണ് എംബാപ്പെ നേടിയത്.

പി.എസ്.ജി ലെജന്‍ഡായിരുന്ന എഡിന്‍സണ്‍ കവാനിയുടെ 200 ഗോളിന്റെ റെക്കോഡാണ് എംബാപ്പെ മറികടന്നത്. എംബാപ്പെയുടെ മികച്ച പ്രകടനത്തിന് പിന്നാലെ മത്സരത്തില്‍ പി.എസ്.ജി 4-2ന് വിജയിക്കുകയും ചെയ്തിരുന്നു.

സീസണില്‍ 30 മത്സരത്തില്‍ നിന്നും 30 ഗോളാണ് താരം നേടിയത്. എട്ട് തവണ സഹതാരങ്ങള്‍ക്ക് ഗോളടിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു.

നാന്റെസിനെതിരായ മത്സരത്തിന് പിന്നാലെ ലീഗ് വണ്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനതത് തുടരാനും പി.എസ്.ജിക്കായി. 26 മത്സരത്തില്‍ നിന്നും 63 പോയിന്റാണ് പാരീസ് ജയന്റ്‌സിനുള്ളത്.

ചാമ്പ്യന്‍സ് ലീഗിലെ റൗണ്ട് ഓഫ് സിക്‌സ്റ്റീന്‍ മത്സരമാണ് ഇനി എംബാപ്പെക്കും പി.എസ്.ജിക്കും മുമ്പിലുള്ളത്. ബയേണാണ് എതിരാളികള്‍. സ്വന്തം സ്റ്റേഡിയത്തില്‍ വെച്ച് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ പരാജയപ്പെടേണ്ടി വന്നതിന്റെ പ്രതികാരം വീട്ടാനാകും പി.എസ്.ജി ഇറങ്ങുന്നത്. മാര്‍ച്ച് ഒമ്പതിന് ബയേണിന്റെ ഹോം സ്‌റ്റേഡിയമായ അല്ലിയന്‍സ് അരീനയിലാണ് മത്സരം.

Content Highlight: Thierry Henry names Kylian Mbappe as heir of Messi and Ronaldo

We use cookies to give you the best possible experience. Learn more