എംബാപ്പെ മറ്റുള്ളവരെയും ബുദ്ധിമുട്ടിക്കുന്നു, അവന്‍ ഓടുന്നുപോലുമില്ല; കടുത്ത വിമര്‍ശനവുമായി മുന്‍ ഫ്രഞ്ച് താരം
Sports News
എംബാപ്പെ മറ്റുള്ളവരെയും ബുദ്ധിമുട്ടിക്കുന്നു, അവന്‍ ഓടുന്നുപോലുമില്ല; കടുത്ത വിമര്‍ശനവുമായി മുന്‍ ഫ്രഞ്ച് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th November 2024, 9:00 pm

ലോക ഫുട്‌ബോളിലെ മികച്ച താരങ്ങളായ ജൂഡ് ബെല്ലിങ് ഹാം, വിനീഷ്യസ് ജൂനിയര്‍, കിലിയന്‍ എംബാപ്പെ, എന്‍ട്രിക് എന്നിവരടങ്ങുന്ന മികച്ച ക്ലബ്ബാണ് റയല്‍ മാഡ്രിഡ്. ലാലിഗയില്‍ ഭേദപ്പെട്ട പ്രകടനമായിട്ടാണ് സീസണില്‍ ടീം മുന്നോട്ടുപോകുന്നത്.

സീസണിന്റെ തുടക്കത്തില്‍ കിലിയന്‍ എംബാപ്പയെ വലിയ തുകയ്ക്ക് ക്ലബ്ബില്‍ എടുത്തിരുന്നെങ്കിലും നിലവില്‍ മോശം പ്രകടനമാണ് താരം ക്ലബ്ബില്‍ കാഴ്ചവയ്ക്കുന്നത്. എംബാപ്പെ ലാ ലീഗയില്‍ 15 മത്സരങ്ങളില്‍ നിന്ന് 8 ഗോളുകളാണ് ക്ലബ്ബിനുവേണ്ടി നേടിയത്.

എന്നാല്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരുതവണ മാത്രമാണ് എതിരാളികളുടെ വലകുലുക്കാന്‍ താരത്തിന് സാധിച്ചത്. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗിലും ലാലിഗയിലും വിജയിച്ച റയല്‍ അടുത്തിടെ ബാഴ്‌സലോണയുടെ നാല് പൂജ്യത്തിന് പരാജയപ്പെട്ടിരുന്നു.

പരാജയവും മോശം പ്രകടനവും മുന്‍ നിര്‍ത്തി നിരവധി മുന്‍ താരങ്ങളും കിലിയനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ മുന്‍ ഫ്രഞ്ച് ഫുട്‌ബോള്‍ താരമായ തിയറി ഹെന്റിയും താരത്തെ വിമര്‍ശിച്ചു രംഗത്ത് വന്നിരിക്കുകയാണ്.

എംബാപ്പെയെക്കുറിച്ച് തിയറി ഹെന്റി പറഞ്ഞത്

‘എംബാപ്പേയുടെ കാര്യത്തില്‍ മാഡ്രിഡ് വളരെയധികം അസ്വസ്ഥരാണ്. നമ്മള്‍ എംബാപ്പെക്ക് കൂടുതല്‍ സമയം അനുവദിച്ചു നല്‍കേണ്ടതുണ്ട്. അതേസമയം അദ്ദേഹം നമ്പര്‍ നയന്‍ പൊസിഷനില്‍ കളിക്കാന്‍ പഠിക്കേണ്ടതുമുണ്ട്. എംബാപ്പെ ചെയ്യേണ്ട ജോലിയാണ് ഇപ്പോള്‍ ബെല്ലിങ്ഹാം ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്,

എപ്പോഴും ഓടാനും ലൈനുകള്‍ ബ്രേക്ക് ചെയ്യാനും ശ്രമിക്കുന്നത് ബെല്ലിങ്ഹാമാണ്. എംബാപ്പെ തീരെ ഓടുന്നില്ല. അതുകൊണ്ടാണ് ബെല്ലിങ്ഹാമിന് ഇതൊക്കെ ചെയ്യേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ എംബാപ്പെയുടെ കാര്യത്തില്‍ ബെല്ലിങ്ഹാം അസ്വസ്ഥനാകുന്നത് സ്വാഭാവികമായ കാര്യമാണ്,’ തിയറി ഹെന്റി പറഞ്ഞു.

നിലവില്‍ ലാലിഗ പോയിന്റ് ടേബിളില്‍ ബാഴ്‌സ 12 മത്സരത്തില്‍ നിന്ന് 11 വിജയവും ഒരു തോല്‍വിയും അടക്കം 33 പോയിന്റ് സ്വന്തമാക്കി. രണ്ടാമതാണ് റിയല്‍ മാഡ്രിഡ്. 11 മത്സരങ്ങളില്‍ നിന്ന് 7 വിജയവും മൂന്നു സമനിലയും ഒരു തോല്‍വിയും അടക്കം 24 പോയിന്റ് ആണ് റയലിന്.

 

Content Highlight: Thierry Henry Criticize Kylian Mbappe