പി.എസ്.ജി പരിശീലകന്‍ ക്രിസ്റ്റഫ് ഗാല്‍ട്ടിയറിനെതിരെയുള്ള വംശീയാധിക്ഷേപ വിഷയത്തില്‍ ഒ.ജി.സി നൈസ് ക്ലബ്ബ് മൗനം വെടിയണമെന്ന് ആഴ്‌സണല്‍ ഇതിഹാസം തിയറി ഒന്റി. കഴിഞ്ഞ ദിവസങ്ങളില്‍ ഫുട്‌ബോള്‍ ലോകത്ത് വിവാദമായ വിഷയത്തില്‍ സംസാരിക്കാന്‍ നൈസിലെ താരങ്ങള്‍ മുന്നോട്ട് വരണമെന്നും സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ആമസോണ്‍ പ്രൈം വീഡിയോ സ്‌പോര്‍ട്ടിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നൈസില്‍ കൂടുതലും മുസ്‌ലിം താരങ്ങളും കറുത്തവരുമാണെന്നും അത് തങ്ങളുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും ഗാള്‍ട്ടിയര്‍ ക്ലബ്ബിലുള്ളവര്‍ക്കയച്ച ഇമെയില്‍ സന്ദേശം ചോര്‍ന്നതായി വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ നൈസിലുള്ളവര്‍ മൗനം പാലിക്കുന്നത് നല്ലതല്ലെന്ന് ഒന്റി പറഞ്ഞു. ഇത് നിസാരവത്കരിക്കേണ്ട കാര്യമല്ലെന്നും വിഷയത്തില്‍ പ്രതികരിക്കാന്‍ താരങ്ങള്‍ തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആരെങ്കിലും വിഷയത്തില്‍ സംസാരിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ കണ്ട രണ്ടോ മൂന്നോ വാക്യങ്ങള്‍ക്കള്‍പ്പുറം വിശദീകരിച്ച് സംസാരിക്കാന്‍ ഒ.ജി.സി നൈസിലെ ആളുകള്‍ തയ്യാറാവണം. അവിടെ എന്താണ് സംഭവിച്ചത് എന്നതിന് വിശദീകരണം വേണം. എന്റെ അഭിപ്രായത്തില്‍ കളിക്കാരാണ് സംസാരിക്കേണ്ടത്. എന്തുകൊണ്ടാണ് നൈസില്‍ ആരും തന്നെ വിഷയത്തില്‍ പ്രതികരിക്കാത്തത്? ഇതത്ര നിസാരമായ കാര്യമല്ല,’ ഒന്റി പറഞ്ഞു.
ഫ്രഞ്ച് ക്ലബ്ബില്‍ കൂടുതലും കറുത്ത വര്‍ഗക്കാരും മുസ്‌ലിം താരങ്ങളുമാണെന്ന് കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ പരാതി പറഞ്ഞതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗാള്‍ട്ടിയര്‍ ഫ്രഞ്ച് പ്രൊഫഷണല്‍ ക്ലബ്ബായ ഒ.സി.ജി നൈസിലെ പരിശീലകനായിരുന്നപ്പോള്‍ ഫ്രഞ്ച് താരം ജൂലിയന് മുസ്‌ലിം വിരുദ്ധ സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും മെയില്‍ ചോര്‍ന്നതോടെ വിഷയം വെളിച്ചത്തെത്തുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്.
അതേസമയം, ഗാള്‍ട്ടിയര്‍ക്ക് നേരെയുള്ള രൂക്ഷമായ ആരോപണത്തിന് പിന്നാലെ പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. പാരീസ് ക്ലബ്ബില്‍ ഗാള്‍ട്ടിയറിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്നും ഇ-മെയില്‍ ചോര്‍ന്നത് കോച്ചിന്റെ കരിയര്‍ അവതാളത്തിലാക്കാനിടയുണ്ടെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.