കൊച്ചി: കണ്ണില്‍ മുളക് പൊടി വിതറി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചു കടന്ന മോഷ്ടാവ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം എത്തി മാല തിരികെ നല്‍കി.
മൂവാറ്റുപുഴ രണ്ടാര്‍ പുനത്തില്‍ മാധവിയുടെ മാല മോഷ്ടിച്ച വിഷ്ണുപ്രസാദ് (29) ആണ് ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും കൂട്ടി വീട്ടമ്മയ്ക്കരികില്‍ എത്തി മാല തിരികെ നല്‍കി മാപ്പപേക്ഷിച്ചത്.
കുഞ്ഞുങ്ങള്‍ക്ക് മരുന്ന് വാങ്ങാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാലാണ് തന്റെ ഭര്‍ത്താവ് മോഷണം നടത്തിയതെന്നും ചേച്ചി ക്ഷമിക്കണമെന്നും പറഞ്ഞ് വിഷ്ണു പ്രസാദിന്റെ ഭാര്യ മാധവിക്ക് മാല തിരികെ നല്‍കി. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കിയ മാധവി കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനും തിരികെ പോവാനുമായി 500 രൂപ നല്‍കി.
എന്നാല്‍ വിവരം പൊലീസിനെ അറിയിക്കാതിരിക്കാന്‍ പറ്റില്ലെന്ന് ബന്ധുക്കളും സമീപവാസികളും നിലപാടെടുത്തു. ഇതോടെ വിഷ്ണുപ്രസാദിന്റെ ഭാര്യയെയും മക്കളെയും മറ്റൊരു വാഹനത്തില്‍ വീട്ടിലേക്ക് പറഞ്ഞയക്കുകയും വിവരം അറിയിച്ചപ്രകാരം പൊലീസെത്തി വിഷ്ണു പ്രസാദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ജനുവരി 29നു വൈകിട്ട് അഞ്ച് മണിയോടെയാണ് രണ്ടാര്‍കരയില്‍ വീടിനോടു ചേര്‍ന്നു പലചരക്കു കട നടത്തുകയായിരുന്ന മാധവിയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന വിഷ്ണുപ്രസാദ് എത്തിയത്. മാധവിയുടെ കണ്ണില്‍ മുളകുപൊടി വിതറി കഴുത്തില്‍ കിടന്നിരുന്ന ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് വിഷ്ണുപ്രസാദ് കടന്നുകളയുകയായിരുന്നു.
തടയാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ താഴെവീണു. ഫോണില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ തിരക്കി വീട്ടില്‍ എത്തിയെങ്കിലും ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി മനസിലായി. ഇതിന് ശേഷമാണ് വിഷ്ണുപ്രസാദ് കുടുംബവമായി മടങ്ങിയെത്തി മാധവിയുടെ വീട്ടില്‍ ചെന്ന് മാല തിരികെ ഏല്‍പ്പിച്ചത്.