കര്‍ണാടകത്തിന് പ്രളയ ദുരിതാശ്വാസത്തിനടക്കം തുക അനുവദിക്കണമെന്ന മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ അപേക്ഷ പരിഗണിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും പരിഹസിച്ച് പ്രതിപക്ഷം. സര്‍ക്കാറെന്നാല്‍ ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്നും തൊലിക്കട്ടി കാണിക്കലല്ല ഉത്തരവാദിത്തമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു.
‘കൈകൂപ്പിയാണ് യെദിയൂരപ്പ പ്രധാനമന്ത്രിയോട് സംസ്ഥാനത്തിന് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. പക്ഷേ, പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. ഒരു സര്‍ക്കാര്‍ തീര്‍ച്ചയായും ജനങ്ങളെ പരിഗണിക്കുന്നതില്‍ മുന്‍ഗണന കാണിക്കുന്നവരാകണം. അല്ലാതെ തൊലിക്കട്ടി പ്രദര്‍ശിപ്പിക്കുകയല്ല വേണ്ടത്. ഇതൊക്കെ കൊണ്ടൊക്കെയാണ് യെദിയൂരപ്പ ഒരു പരാജയപ്പെട്ട മുഖ്യമന്ത്രിയാണെന്ന് എനിക്ക് പറയേണ്ടിവരുന്നത്’, സിദ്ധരാമയ്യ പറഞ്ഞു.
‘അദ്ദേഹം 25 എം.പിമാരെയും കൂട്ടി പ്രധാനമന്ത്രിയുടെ ഒഫീസില്‍ ചെന്ന് അദ്ദേഹത്തെ നേരിട്ട് കാണുകയാണ് വേണ്ടത്. എന്നിട്ട് പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രളയ പുനര്‍നിര്‍മ്മാണത്തിന് 36,000 കോടി അനുവദിക്കണമെന്നും ആവശ്യപ്പെടണം. പക്ഷേ, അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ല’, സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
പ്രളയത്തിന്റെ ഇരകളില്‍ പലര്‍ക്കും ജീവിക്കാനുള്ള അവസ്ഥ പോലുമില്ലെന്നും പ്രളയമുണ്ടായി അഞ്ച് മാസം കഴിഞ്ഞിട്ടും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.