| Wednesday, 30th November 2022, 2:19 am

34ഉം 37ഉം വയസുള്ള ബെന്‍സിമയും മോഡ്രിച്ചും റയല്‍ മാഡ്രിഡിലുണ്ട്; ബെല്‍ജിയത്തിന് പ്രായം ഒരു പ്രശ്‌നമല്ല; കെവിന്‍ ഡിബ്രുയിന് കോര്‍ട്ടോയിസിന്റെ മറുപടി

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിനിറങ്ങിയ ബെല്‍ജിയം സ്‌ക്വാഡ് പ്രായമേറിയതാണെന്നുള്ള സൂപ്പര്‍ താരം കെവിന്‍ ഡിബ്രുയിന്റെ പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ബെല്‍ജിയത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഡിബ്രുയിന്റെ ഈ മറുപടിയുണ്ടായിരുന്നത്.

2018 ലോകകപ്പിലാണ് ബെല്‍ജിയത്തിന് കിരീടം നേടാന്‍ സാധ്യതയുണ്ടായിരുന്നത്. ഇക്കുറി ഖത്തറിലെത്തിയിരിക്കുന്നത് പ്രായമേറിയ ടീമാണ്. ഒരു സാധ്യതയും ബെല്‍ജിയത്തിനില്ല. പുറത്തുനിന്നുള്ള കാഴ്ചക്കാര്‍ മാത്രമാണ് തങ്ങളെന്നായിരുന്നു കെവിന്‍ ഡിബ്രുയിന്‍ പറഞ്ഞിരുന്നത്.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ബെല്‍ജിയം ഗ്രൂപ്പ് എഫില്‍ ആഫ്രിക്കന്‍ ടീമായ മൊറോക്കോയോട് 2-0ന്റെ തോല്‍വി വഴങ്ങുകയും ചെയ്തിരുന്നു. ഈ തോല്‍വിയും കെവിന്‍ ഡിബ്രുയിന്റെ പരാമര്‍ശവും ടീമിനുള്ളില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായെന്നാന്ന
പുറത്തുവന്നിരുന്ന് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ കെവിന്‍ ഡിബ്രുയിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബോട്ട് കോര്‍ട്ടോയിസ്. ഒഴിവുകഴിവ് പറയാന്‍ വളരെ എളുപ്പമാണെന്നും തങ്ങള്‍ക്ക് പ്രായം ഒരു പ്രശ്‌നമല്ലെന്നും കോര്‍ട്ടോയിസ് ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

34കാരനായ ബെന്‍സിമയും 37കാരനായ ലൂക്ക മോഡ്രിച്ചും അടങ്ങുന്നതാണ് താന്‍ കളിക്കുന്ന റയല്‍ മാന്‍ഡ്രിഡെന്നും അതുകൊണ്ട് പ്രായം ഒരു പ്രശ്‌നമായി ബെല്‍ജിയം ടീമിന് തോന്നിയിട്ടില്ലെന്നും കോര്‍ട്ടോയിസ് കൂട്ടിച്ചേര്‍ത്തു.

മൊറോക്കയുമായുള്ള മത്സര ശേഷം ലോക്ക് റൂമില്‍ താരങ്ങള്‍ ഏറ്റുമുട്ടിയെന്ന വാര്‍ത്ത ശരിയല്ലെന്നും കോര്‍ട്ടോയിസ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

വളരെയധികം നുണകള്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. എല്ലാ താരങ്ങളും അവരുടെ അഭിപ്രായം പറഞ്ഞതിനപ്പുറത്തേക്ക് കളിക്കാര്‍ തമ്മില്‍ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നും കോര്‍ട്ടോയിസ് കൂട്ടിച്ചേര്‍ത്തു.

ക്രൊയേഷ്യക്കെതിരെ ഡിസംബര്‍ ഒന്നിന് ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ബെല്‍ജിയത്തിന്റെ അടുത്ത മത്സരം. മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ഇരു ടീമുകള്‍ക്കും പ്രീക്വാര്‍ട്ടര്‍ സാധ്യതയുള്ളൂ. ഗ്രൂപ്പ് നിര്‍ണായക ഘട്ടത്തിലൂടെ പോകുന്നതിനാല്‍ ജീവന് മരണ പോരാട്ടത്തിനായിരിക്കും ടീമുകള്‍ അണിനിരക്കുക.

ക്രൊയേഷ്യക്കും മൊറോക്കോയ്ക്കും നിലവില്‍ നാല് പോയിന്റ് വീതം ഉണ്ട്, ബെല്‍ജിയത്തിന് മൂന്നും. രണ്ട് കളിയും തോറ്റ കാനഡയുമായി ആണ് മൊറോക്കോയുടെ അടുത്ത മത്സരം. ഫിഫയില്‍ രണ്ടാം റാങ്കുകാരായ ബെല്‍ജിയം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകലിന്റെ വക്കിലാണ് ഇപ്പോള്‍.

Content Highlight: Thibaut Courtois reply to Kevin De Bruyne Real Madrid have Benzema and Modric, aged 34 and 37; Age is not a problem for Belgium

We use cookies to give you the best possible experience. Learn more