ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൂട്ട് കുര്‍ട്ടോയ്‌സിനെ റയല്‍ മാഡ്രിഡ് ടീമിലെത്തിച്ചു. ആറു വര്‍ഷത്തെ കരാറിലാണ് ലോകകപ്പിലെ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം നേടിയ തിബൂട്ട് റയലിലെത്തുന്നത്. ഏഴുവര്‍ഷമായി ചെല്‍സിയുടെ താരമാണ് തിബൂട്ട്. എന്നാല്‍ ആദ്യ മൂന്നു സീസണുകളില്‍ തിബൂട്ടിനെ ചെല്‍സി ലോണടിസ്ഥാനത്തില്‍ അത്‌ലറ്റികോ മാഡ്രിഡിന് നല്‍കിയിരുന്നു.
എത്ര തുകയ്ക്കാണ് തിബൂട്ടിനെ ടീമിലെത്തിച്ചതെന്ന് റയല്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 35 മില്ല്യണ്‍ പൗണ്ടാണ് ചെല്‍സിക്ക് റയല്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യ പരിശോധനയ്ക്ക ശേഷം ബെര്‍ണബ്യൂ സ്‌റ്റേഡിയത്തില്‍ തിബൂട്ട് കുര്‍ട്ടോയ്‌സ് മാധ്യമങ്ങളെ കണ്ടു.
റയലാണ് ലോകത്തെ ഏറ്റവും നല്ല ക്ലബ്ബെന്നും സ്വപ്‌നം സാക്ഷാത്കരിച്ചെന്ന് തിബൂട്ട് പറഞ്ഞു.
“കുട്ടിക്കാലം മുതല്‍ ഈയൊരു മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയായിരുന്നു. ഇന്ന് ഞാന്‍ നിങ്ങളിലൊരാളാണ്. ഹാല മാഡ്രിഡ്” കുര്‍ട്ടോയ്‌സ് പറഞ്ഞു.
തിബൂട്ടിന് പകരമായി അത്‌ലറ്റികോ ബില്‍ബാവോ ഗോള്‍കീപ്പര്‍ കെപ അറിസബഗാലെയെ 71 മില്ല്യണ്‍ പൗണ്ടിന്റെ റെക്കോര്‍ഡ് തുകയ്ക്ക് ചെല്‍സി ഏറ്റെടുത്തിരുന്നു.