ബ്രസീല്‍ സൂപ്പര്‍താരം തിയാഗോ സില്‍വ പ്രായത്തില്‍ 39ലെത്തി നില്‍ക്കുകയാണെങ്കിലും യുവത്വം ഒട്ടും ചോര്‍ന്നിട്ടില്ലാത്ത പ്രകടനമാണ് കളത്തില്‍ കാഴ്ചവെക്കുന്നത്. നിലവില്‍ ചെല്‍സിക്ക് വേണ്ടി ബൂട്ടുകെട്ടുന്ന താരത്തിന് ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും സാധിച്ചിരുന്നു.
2020 ലെ സമ്മര്‍ ട്രാന്‍സ്ഫറില്‍ പി.എസ്.ജി വിട്ട സില്‍വ ചെല്‍സിയുമായി സൈനിങ് നടത്തുകയായിരുന്നു. ഈ സീസണോടെ ചെല്‍സിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ ക്ലബ്ബ് ഫുട്‌ബോളില്‍ താരത്തിന്റെ ഭാവിയെന്തെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.
ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി ചെല്‍സി താരത്തിന്റെ കരാര്‍ പുതുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സില്‍വയുടെ പ്രകടനത്തില്‍ കോച്ച് ഗ്രഹാം പോട്ടര്‍ വളരെയധികം സംതൃപ്തനാണ്. ഡിഫന്‍ഡിങ് നിരയിലേക്ക് ചെല്‍സി കൂടുതല്‍ യുവതാരങ്ങളെ സൈന്‍ ചെയ്യിക്കാന്‍ ലക്ഷ്യം വെക്കുന്നുണ്ടെങ്കിലും സില്‍വയെ ഒരു വര്‍ഷം കൂടി ക്ലബ്ബില്‍ നിലനിര്‍ത്തണമെന്ന തീരുമാനത്തില്‍ അദ്ദേഹം എത്തുകയായിരുന്നു.
‘കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഉടന്‍ തന്നെ അതിലൊരു തീരുമാനം കണ്ടെത്താന്‍ സാധിക്കും. ഒരുമിച്ച് മുന്നേറുക എന്നതാണ് എന്റെയും ക്ലബ്ബിന്റെയും ആഗ്രഹം. ഇവിടെ ധാരാളം യുവതാരങ്ങള്‍ ഉണ്ട്. എന്റെ പരിചയ സമ്പത്ത് വെച്ച് ടീമിനെ പരമാവധി സഹായിക്കുകയാണ് ലക്ഷ്യം. എനിക്കതിന് കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനുവേണ്ടി ഞാന്‍ പരിശ്രമിക്കുന്നുമുണ്ട്,’ സില്‍വ പറഞ്ഞു.
പി.എസ്.ജിയില്‍ നിന്ന് ഫ്രീ ഏജന്റായി ചെല്‍സിയിലെത്തിയ താരം ക്ലബ്ബിനായി ഇതുവരെ 105 മത്സരങ്ങള്‍ കളിച്ചു. ചെല്‍സിയുടെ മൂന്ന് കിരീട നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാനും സില്‍വക്ക് സാധിച്ചു. ഖത്തര്‍ ലോകകപ്പിലും മികച്ച പ്രകടനമാണ് സില്‍വ കാഴ്ചവെച്ചിരുന്നത്.
സില്‍വ നായകനായെത്തിയ കാനറിപ്പടക്ക് ലോകകപ്പ് ഫൈനല്‍ കടക്കാനായില്ലെങ്കിലും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്നതുവരെ തകര്‍പ്പന്‍ പ്രകടനം നടത്തിയതില്‍ കയ്യടി നേടാനായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റായിരുന്നു ടീം ബ്രസീല്‍ മടങ്ങിയത്.
ബ്രസീല്‍ കണ്ട എക്കാലത്തേയും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായ സില്‍വ ഫുട്ബോളില്‍ നിന്ന് വിരമിച്ച് കഴിഞ്ഞാല്‍ ടീമിന്റെ കോച്ചായി വരികയാണെങ്കില്‍ ടീമിന് അത് പുത്തന്‍ ഉണര്‍വായിരിക്കും എന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
Contentb Highlights: Thiago Silva will renew his conract with Chelsea