പ്രായത്തെ വെല്ലുന്ന പ്രകടനമാണ് ബ്രസീലിയന്‍ സൂപ്പര്‍താരം തിയാഗോ സില്‍വ ഫുട്‌ബോളില്‍ കാഴ്ചവെക്കുന്നത്. തന്റെ 39ാം വയസിലും മിന്നുന്ന ഫോമില്‍ തുടരുന്ന താരത്തെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. പ്രായത്തെ ചെറുക്കുന്ന ആത്മവിശ്വാസം തന്നെയാണ് സില്‍വയെന്ന പ്രഗത്ഭനായ കളിക്കാരനെ മുന്നോട്ട് നയിക്കുന്നത്.
മുപ്പത് കഴിഞ്ഞാല്‍ ഫോം ഔട്ട് ആയെന്ന കാരണത്താല്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്ന താരങ്ങള്‍ക്കിടയിലാണ് സില്‍വയുടെ ചങ്കൂറ്റം എടുത്തുപറയേണ്ടത്. തന്റെ 41 വയസുവരെയും സാധ്യമെങ്കില്‍ അതിനുശേഷവും ഫുട്ബോളില്‍ തുടരണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
40, 41 വയസ് വരെ മിലാനില്‍ കളിച്ച സൂപ്പര്‍താരം മാല്‍ദിനിയെ പോലെ താനും ഫുട്ബോളില്‍ തുടരുമെന്ന് സില്‍വ പറഞ്ഞു.
‘മാല്‍ദിനി മിലാനില്‍ തുടര്‍ന്നത് പോലെ 40, 41 വയസുവരെ എനിക്കും ഫുട്ബോളില്‍ തുടരാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതാണ് ഭാവിയെക്കുറിച്ചുള്ള എന്റെ പദ്ധതി. ഞാന്‍ അതിന് വേണ്ടി തയ്യാറെടുക്കുകയും ചെയ്യുന്നുണ്ട്,’ സില്‍വ പറഞ്ഞു.
നിലവില്‍ ചെല്‍സിക്ക് വേണ്ടിയാണ് താരം ബൂട്ടുകെട്ടുന്നത്. 2020ല്‍ പി.എസ്.ജിയില്‍ നിന്ന് ഫ്രീ ഏജന്റായി ചെല്‍സിയിലെത്തിയ താരം ക്ലബ്ബിനായി ഇതുവരെ 100ല്‍ പരം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ചെല്‍സിയുടെ മൂന്ന് കിരീട നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാനും സില്‍വക്ക് സാധിച്ചു.
സില്‍വയുടെ പ്രകടനത്തില്‍ കോച്ച് ഗ്രഹാം പോട്ടര്‍ വളരെയധികം സംതൃപ്തനാണ്. ഡിഫന്‍ഡിങ് നിരയിലേക്ക് ചെല്‍സി കൂടുതല്‍ യുവതാരങ്ങളെ സൈന്‍ ചെയ്യിക്കാന്‍ ലക്ഷ്യം വെക്കുന്നുണ്ടെങ്കിലും സില്‍വയെ ക്ലബ്ബില്‍ നിലനിര്‍ത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ഖത്തര്‍ ലോകകപ്പിലും മികച്ച പ്രകടനമാണ് സില്‍വ കാഴ്ചവെച്ചിരുന്നത്. സില്‍വ നായകനായെത്തിയ കാനറിപ്പടക്ക് ലോകകപ്പ് ഫൈനല്‍ കടക്കാനായില്ലെങ്കിലും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്നതുവരെ തകര്‍പ്പന്‍ പ്രകടനം നടത്തി കയ്യടി നേടാനായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റായിരുന്നു ടീം ബ്രസീല്‍ മടങ്ങിയത്.
ബ്രസീല്‍ കണ്ട എക്കാലത്തേയും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായ സില്‍വ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് കഴിഞ്ഞാല്‍ ടീമിന്റെ കോച്ചായി വരികയാണെങ്കില്‍ ടീമിന് അത് പുത്തന്‍ ഉണര്‍വായിരിക്കും എന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
അതേസമയം, പ്രീമിയര്‍ ലീഗില്‍ 31 മത്സരങ്ങളില്‍ നിന്ന് 10 ജയവുമായി 39 പോയിന്റോടെ പട്ടികയില്‍ 11ാം സ്ഥാനത്താണ് ചെല്‍സി. ഏപ്രില്‍ 27ന് ബ്രെന്റ്‌ഫോഡിനെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം.
Content Highlights: Thiago Silva wants to continue in football up to 40 years like Maldini