ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അർജന്റീനയുടെ അപ്രമാധിത്യമാണ് അവാർഡിൽ കാണാൻ സാധിച്ചിരുന്നത്. മികച്ച പുരുഷ താരം, മികച്ച പുരുഷ ഗോൾ കീപ്പർ, മികച്ച പുരുഷ ടീം പരിശീലകൻ, മികച്ച ആരാധക കൂട്ടം മുതലായ പുരസ്കാരങ്ങളൊക്കെ അർജന്റീനയിലേക്കാണ് എത്തിയത്.
എന്നാലിപ്പോൾ ഫിഫ ദ ബെസ്റ്റ് പുരസ്കാരത്തെയും അർജന്റൈൻ താരം ജൂലിയൻ അൽവാരസിനെയും പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബ്രസീൽ നായകൻ തിയാഗോ സിൽവ.
അർജന്റീനക്കായി ലോകകപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച അൽവാരസായിരുന്നു മികച്ച പുരുഷ താരത്തിനുള്ള ഫിഫയുടെ പട്ടികയിൽ ഏഴാം സ്ഥാനത്തെത്തിയത്.
എന്നാൽ ഇതിനെതിരെ വലിയ വിമർശനങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്ന് വന്നിരുന്നു.
ഒരു പ്രമുഖ ഇൻസ്റ്റഗ്രാം പേജിൽ അൽവാരസ് മികച്ച താരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതിനെതിരെ വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. ഇതിന് കമന്റായാണ് സിൽവ ഫിഫ പുരസ്കാരത്തെയും അൽവാരസിനെയും പരിഹസിച്ചത്.
“അൽവാരസ് ലോകത്തിലെ ഏറ്റവും മികച്ച ഏഴാമത്തെ താരമോ, അവൻ എപ്പോഴും സിറ്റിയിൽ ബെഞ്ചിലാണ്. ദേശീയ ടീമിലാണെങ്കിൽ അധികം അവസരങ്ങളും ലഭിച്ചിട്ടില്ല. റിവർ പ്ളേറ്റിലാണ് അവൻ കൂടുതലും കളിച്ചിട്ടുള്ളത്. എന്നിട്ടും ബെസ്റ്റ് പ്ലെയർ ആണ് പോലും,’ എന്നായിരുന്നു പോസ്റ്റ്.
അതിനടിയിൽ ‘ഇതൊക്കെ വെറും തമാശയാണ്,’ എന്നായിരുന്നു സിൽവയുടെ കമന്റ്.
ഫിഫ ദ ബെസ്റ്റിനായി വോട്ട് ചെയ്ത സിൽവ നെയ്മർക്ക് തന്റെ ആദ്യ വോട്ട് നൽകിയപ്പോൾ, മെസിയെയും ബെൻസെമയേയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉൾപ്പെടുത്തി. ഒമ്പതാമതായാണ് മികച്ച പുരുഷ താരങ്ങളുടെ പട്ടികയിൽ നെയ്മർ ഇടം പിടിച്ചത്.
അതേസമയം പ്രീമിയർ ലീഗിൽ സിൽവയുടെ ക്ലബ്ബായ ചെൽസി 31 പോയിന്റുമായി പത്താം സ്ഥാനത്താണ്. മാർച്ച് നാലിന് ലീഡ്സ് യുണൈറ്റഡിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights: Thiago Silva troll Julián Álvarez for fifa best award